20 September Friday

ദേശീയപാത വികസനം: സർവേ നടപടി തുടങ്ങി

സ്വന്തം ലേഖികUpdated: Tuesday Aug 20, 2019
കൊല്ലം
ദേശീയപാത  നാലുവരിയായി വികസിപ്പിക്കുന്നതിനുള്ള സർവേ നടപടിക്കു തുടക്കമായി. നാല്‌ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസുകളുടെ പരിധിയിൽ കല്ലോട്‌ കല്ലളവ്‌ പരിശോധിച്ചു. സർവേ നടപടി പൂർത്തിയാക്കി മൂന്ന്‌ ഡി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായുള്ള ടോട്ടൽ സ്റ്റേഷൻ സർവേ  ചൊവ്വാഴ്‌ച ആരംഭിക്കും.  
ചാത്തന്നൂർ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിന്റെ നേതൃത്വത്തിൽ ഇത്തിക്കര മുതൽ ശീമാട്ടി വരെയും വടക്കേവിള ഓഫീസിന്റെ പരിധിയിൽ  നീണ്ടകര മുതൽ ആൽത്തറമൂട്‌ വരെയും കാവനാട്‌ ഓഫീസിന്റെ പരിധിയിൽ കന്നേറ്റി മുതൽ കുറ്റിവട്ടം വരെയും കരുനാഗപ്പള്ളി സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിന്റെ  പരിധിയിൽ ഓച്ചിറ മുതൽ ചങ്ങൻകുളങ്ങര വരെയും കല്ലകലം പരിശോധിച്ചു. ഒരിടത്തും കല്ലുകൾ ബോധപൂർവം മാറ്റുകയോ തകർക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ പരിശോധനയിൽ കണ്ടെത്തി. 
 ദേശീയപാത ഡെപ്യൂട്ടി കലക്ടർ സുമീതൻപിള്ളയുടെ നേതൃത്വത്തിൽ  12 സർവേയർമാരും രണ്ട്‌ ഹെഡ്‌ സർവേയർമാരും പരിശോധനയിൽ പങ്കെടുത്തു. സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ്‌ ജില്ലാ ഭരണകേന്ദ്രത്തിന്റെ തീരുമാനം. 45 മീറ്റർ വീതിയിൽ അതിർത്തിക്കല്ല്‌ സ്ഥാപിച്ചിട്ടുള്ളതിനാൽ മറ്റു സാങ്കേതിക തടസ്സങ്ങൾ ഇല്ല. 
മൂന്ന്‌ എ വിജ്ഞാപനം പുറപ്പെടുവിച്ചാൽ ഒരു വർഷത്തിനുള്ളിൽ സർവേ നടപടി പൂർത്തിയാക്കി മൂന്ന്‌ ഡി വിഞ്ജാപനം പുറപ്പെടുവിക്കണമെന്നാണ്‌ ചട്ടം. ഇതിനു കഴിയാതെ വന്നാൽ വീണ്ടും മൂന്ന്‌ എ വിജ്ഞാപനം പുറപ്പെടുവിച്ച്‌ നടപടികൾ ആദ്യം മുതൽ തുടങ്ങണം. നേരത്തെ നാലുതവണ മൂന്ന്‌ എ വിജ്ഞാപനം റദ്ദാക്കിയിരുന്നു.  
 
പ്രധാന വാർത്തകൾ
 Top