15 December Sunday

ബിജെപി വാദത്തെ പിന്തുണച്ച‌് ലീഗ‌് എംപിയും

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019
 
മലപ്പുറം
ദേശീയ അന്വേഷണ ഏജൻസിക്ക‌് (എൻഐഎ) അമിതാധികാരം നൽകുന്ന ഭേദഗതി ബില്ലിൽ ബിജെപിയുടെ അവകാശവാദങ്ങൾ ഏറ്റുപാടി മുസ‌്ലിംലീഗ‌്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വം, പരമാധികാരം എന്നിവയെ ബാധിക്കുന്ന ഒരു കുറ്റം രാജ്യത്തിനുപുറത്ത് നടന്നാൽ  അവർക്കെതിരെ ആ നാട്ടിലെ നിയമത്തിന്റെകൂടി പിൻബലത്തോടെ കേസെടുക്കാൻ കേന്ദ്ര ഗവൺമെന്റിന് അനുവാദം നൽകുന്ന നിയമത്തെ മുസ്ലിംലീഗിന് എതിർക്കേണ്ട കാര്യമില്ലെന്നാണ് ലീഗ‌് എംപി ഇ ടി മുഹമ്മദ‌് ബഷീറിന്റെ ഫേസ‌്ബുക്ക‌് പോസ‌്റ്റ‌്. നിയമം ദുരുപയോഗം ചെയ്യരുതെന്ന‌് പറയേണ്ട ബാധ്യത പാർടി പാർലമെന്റിൽ നിർവഹിച്ചെന്നും അദ്ദേഹം പറയുന്നു. 
 നിയമത്തിനെതിരെ വോട്ട് ചെയ്താൽ ന്യൂനപക്ഷങ്ങൾ രാജ്യതാൽപ്പര്യത്തിനെതിരെന്ന‌് വരുമത്രെ.  
രാജ്യതാൽപ്പര്യത്തിനൊപ്പമുള്ളവർ ആരെന്നു കാണട്ടെയെന്ന‌് അമിത‌് ഷാ ഭീഷണി മുഴക്കിയിരുന്നു. ബില്ലിനെ എതിർക്കുകയോ  അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്നാണ‌് രാജ്യസഭയിലെ ലീഗ‌് അംഗം അബ്ദുൾ വഹാബ‌് പറഞ്ഞത‌്. 
  എൻഐഎ ഭേദഗതി നിയമം പാർലമെന്റിൽ വന്നപ്പോൾ ലീഗ് എതിർത്തു വോട്ട് ചെയ്യാത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധക്കുറിപ്പുകൾ നിറയുന്ന സാഹചര്യത്തിലാണ‌് ബഷീറിന്റെ വിശദീകരണം. എന്നാൽ ഈ ന്യായീകരണ കുറിപ്പും സംഘപരിവാർ നയങ്ങളെ വെള്ളപൂശുന്നതായി. 
ബില്ലിനെ എതിർത്ത‌് വോട്ടുചെയ‌്ത സിപിഐ എം നിലപാടിനൊപ്പം നിൽക്കാമായിരുന്നില്ലേ എന്ന വാദം  വൈകാരികവും അവിവേകവുമാണെന്നും മുസ്ലിംലീഗ് വോട്ട് ചെയ്യുന്നത‌് കൈയടിക്ക് വേണ്ടിയല്ലെന്നും ബഷീർ പറയുന്നു. പൗരത്വനിയമം, എൻഐഎ, യുഎപിഎ,  ആധാർ നിയമഭേദഗതികൾ രാജ്യസുരക്ഷക്കുവേണ്ടിയാണെന്ന ബിജെപി വാദത്തിനു ബലമേകുകയാണ‌് ഫലത്തിൽ ലീഗ‌്.
പ്രധാന വാർത്തകൾ
 Top