12 November Tuesday

പഞ്ചായത്ത്‌ പദ്ധതി മെഡിക്കൽ ഓഫീസർ തകർക്കാൻ ശ്രമിക്കുന്നെന്ന് പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019
എഴുകോൺ
പാലിയേറ്റീവ് ഹോം കെയർ പദ്ധതി നടപ്പാക്കുന്നതിൽ എസ്എൻ പുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ വീഴ്ച വരുത്തിയതായി പവിത്രേശ്വരം പഞ്ചായത്തിന്റെ പരാതി. 
ആരോഗ്യ മന്ത്രിക്കും ഡയറക്ടർക്കും ഡിഎംഒയ്ക്കുമാണ് പരാതി നൽകിയത്. വാടകക്കെട്ടിടത്തിൽനിന്ന്‌ ആശുപത്രി  ആർദ്രം പദ്ധതിയിൽ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി സ്വന്തം കെട്ടിടത്തിലേക്ക് മാറിമ. പാലിയേറ്റീവ് രോഗികളുടെ പരിചരണത്തിനായി പഞ്ചായത്ത് എച്ച്എംസിക്ക്‌ ആംബുലൻസ് വാങ്ങി നൽകി.
സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നതിനും ആംബുലൻസിനും ആവശ്യമായ ചെലവ് പഞ്ചായത്ത് നൽകിയിട്ടുണ്ട്. എന്നാൽ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥയായ മെഡിക്കൽ ഓഫീസർ പണം ചെലവഴിക്കാതെ പദ്ധതിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണ്. എച്ച്എംസി ചെയർപേഴ്സണ്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ഒപ്പിട്ട എച്ച്എംസി യോഗത്തിന്റെ മിനിട്സ് മെഡിക്കൽ ഓഫീസർ സ്വന്തം ഇഷ്ടത്തിനു തിരുത്തിയിരുന്നു.  
രോഗികളെ പരിശോധിക്കുന്നില്ലെന്നും മെഡിക്കൽ ഓഫീസർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പവിത്രേശ്വരം പഞ്ചായത്ത് നൽകിയ പരാതിയിൽ പറയുന്നു. ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന്‌ മെഡിക്കൽ ഓഫീസർ ബിന്ദു പറഞ്ഞു.
പ്രധാന വാർത്തകൾ
 Top