18 September Wednesday
കേരളം തോൽക്കാതിരിക്കാൻ

ഇതാ ഇന്നിന്റെ യൗവനം

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

കൊല്ലം ടി എം വർഗീസ് ഹാളിലെ ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തിൽ ഭക്ഷണം വിളമ്പുന്ന കലക്ടർ ബി അബ്ദുൽ നാസർ

കൊല്ലം
മഴക്കെടുതിയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കായി സഹായവസ്തുക്കൾ ശേഖരിക്കാൻ ജില്ലയിൽ ആരംഭിച്ച കേന്ദ്രങ്ങളുടെ പ്രവർത്തനം അവസാനിക്കുമ്പോൾ ശ്രദ്ധേയമാകുന്നത് യുവജനങ്ങളുടെയും വിദ്യാർഥികളുടെയും പങ്കാളിത്തം. പലഘട്ടങ്ങളിലായി ആയിരത്തോളം വളന്റിയർമാരാണ് മുഖ്യ ശേഖരണകേന്ദ്രമായ ടി എം വർഗീസ് ഹാളിനെ സജീവമാക്കിയത്. 
ഇതിനകം എട്ട് ടണ്ണോളം വസ്തുക്കളാണ് ദുരിതബാധിത മേഖലകളായ വയനാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് അയച്ചത്. ഇതിനെല്ലാം തുണയായി ജില്ലാ അധികൃതർക്കൊപ്പംനിന്നത് സ്വയം സന്നദ്ധരായ ചെറുപ്പക്കാരാണ്. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത അനുഭവമായിരുന്നു ഇതെന്ന്‌ വള്ളിക്കാവ് അമൃത സ്‌കൂൾ ഓഫ് ടെക്‌നോളജിയിൽനിന്ന്‌ പിജി പൂർത്തിയാക്കിയ വിനുശങ്കർ പറഞ്ഞു. 
 ദുരിതബാധിതർക്കുള്ള സഹായവസ്തുക്കൾ സ്വന്തം കൈകളിലൂടെ കടന്നുപോകുന്നുവെന്നത് അഭിമാനകരമായിരുന്നെന്ന് പന്തളം എൻഎസ് എസ് കോളേജിലെ എംഎസ്‌സി സുവോളജി വിദ്യാർഥിനി അശ്വതി. 
ക്യാമ്പിന്റെ അവസാന ദിവസമായ ഞായറാഴ്ച ഭാര്യയും മകനുമൊപ്പമാണ് കലക്ടർ ബി അബ്ദുല്‍ നാസർ എത്തിയത്. വിദ്യാർഥികൾക്കൊപ്പം ശേഖരണകേന്ദ്രത്തിലെ പ്രവർത്തനങ്ങളിൽ പങ്കാളിയുമായി. വളന്റിയർമാർക്ക് ഉച്ചഭക്ഷണം വിളമ്പാൻ ഉദ്യോഗസ്ഥർക്കൊപ്പം അദ്ദേഹവും ചേർന്നു. യുവജനങ്ങളുടെ സാമൂഹ്യപ്രതിബദ്ധത പുതിയ കേരളത്തിന്റെ പ്രതീക്ഷയാണെന്ന് കലക്ടർ പറഞ്ഞു.  
കഴിഞ്ഞദിവസം വയനാട്ടിലേക്ക് അയച്ചവയിൽ ഭൂരിഭാഗവും പാത്രങ്ങളും ശുചീകരണ വസ്തുക്കളും കുട്ടികൾക്കുള്ള നോട്ട്ബുക്ക്, ബാഗ് തുടങ്ങിയ സ്റ്റേഷനറി സാധനങ്ങളുമായിരുന്നു. വിവിധ ക്യാമ്പുകളിൽനിന്ന് ആളുകൾ വീട്ടിലേക്ക് മടങ്ങുന്നതോടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി ആവശ്യാനുസരണം കൂടുതൽ ക്ലീനിങ്‌  വസ്തുക്കൾ എത്തിച്ചു നൽകും. ദുരിതബാധിത മേഖലകളിലേക്കു നൽകാൻ എത്തിച്ചവയിൽ ബാക്കിവന്ന മരുന്നുകൾ ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിനു കൈമാറിയിട്ടുണ്ട്. 
വയനാട് - 10, മലപ്പുറം- 8, കോഴിക്കോട് -5,  കണ്ണൂർ, തൃശൂർ എന്നീ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഓരോ ലോഡുകൾ വീതവുമാണ് സഹായവസ്തുക്കൾ എത്തിച്ചത്.
പ്രധാന വാർത്തകൾ
 Top