19 October Saturday

ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അപകടം നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണം: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

 

കൊല്ലം
കൊട്ടാരക്കര ഓടനാവട്ടത്ത് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു വീട് തകർന്ന സംഭവത്തിൽ  ഉടമസ്ഥന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന‌്  കലക്ടർ ബി അബ്ദുൽ നാസർ നിർദേശിച്ചു. കലക്ടറേറ്റിൽ  നടന്ന പാചകവാതക അദാലത്തിലാണ് കലക്ടറുടെ നിർദേശം. കഴിഞ്ഞ 10ന് അപകടം നടന്നിട്ട് ഇതുവരെ ഇൻഷുറൻസ് അധികൃതർ സന്ദർശിക്കുകയോ നടപടി  സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നു പരാതിക്കാരനായ യോഹന്നാൻ അറിയിച്ചു. നടപടിക്രമങ്ങൾ  31നകം പൂർത്തീകരിച്ച് ഇൻഷുറൻസ്  തുക ലഭ്യമാക്കണമെന്നാണ് കലക്ടർ ഗ്യാസ് കമ്പനി പ്രതിനിധികളോട‌് നിർദേശിച്ചു.   
വിതരണംചെയ്യുന്ന ഗ്യാസ് സിലണ്ടറുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. ഗ്യാസ് ലീക്കേജ് സംബന്ധിച്ച പരാതികൾക്ക് ഉടനടി പരിഹാരം കാണണമെന്നും കലക്ടർ പറഞ്ഞു. പാചകവാതകം വീട്ടിലെത്തിക്കുന്നില്ലെന്ന ബിജിയുടെയും സൈനബയുടെയും പരാതിയിൽ വീട്ടുപടിക്കൽ സിലണ്ടർ എത്തിക്കണമെന്നു കലക്ടർ ആവശ്യപ്പെട്ടു. രാമൻകുളങ്ങര വസുജ അപ്പാർട്ടുമെന്റിലെ മൂന്നാംനിലയിൽ സിലണ്ടർ എത്തിക്കാതെ അധികമായി 50രൂപ ഈടാക്കുന്നു എന്നായിരുന്നു ബിജിയുടെ പരാതി. ഗ്യാസ് ഏജൻസിയിൽപോയി ഓട്ടോയിൽ സിലണ്ടർ കൊണ്ടുവരേണ്ടിവരുന്നു എന്നായിരുന്നു വെണ്ടർമുക്കിലെ  സൈനബയുടെ പരാതി. സബ്‌സിഡി തുക അക്കൗണ്ടിൽ വരുന്നില്ലെന്ന നാലുപരാതികളും പരിഗണിച്ചു. ആധാർ ലിങ്ക് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നമാണ് കാരണമെന്നും ഇത്തരം സംഭവം  ആവർത്തിക്കാതിരിക്കാൻ ബാങ്ക് ജീവനക്കാർക്കു പ്രത്യേക മാർഗനിർദേശം നൽകാനും ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി. 
ഏജൻസിയിൽ നിന്നു ഉപഭോക്താവിന്റെ വീട് അഞ്ചു കിലോമീറ്റർ ചുറ്റളവിലാണെങ്കിൽ ബിൽതുകയിൽ നിന്നു അധികതുക ഈടാക്കരുത്. 10 കിലോമീറ്റർ വരെ 35രൂപ, 15 കിലോമീറ്റർ വരെ 42 രൂപ, 20 കിലോമീറ്റർ വരെ 50 രൂപ, 25 കിലോമീറ്റർ വരെ 60രൂപ, 30കിലോമീറ്റർ വരെ 65രൂപ എന്നിങ്ങനെയാണ് ഡെലിവറി ചാർജ്. അധികമായി ഈടാക്കുന്ന ഡെലിവറി ചാർജ് ബില്ലിൽ രേഖപ്പെടുത്തണം.  
അദാലത്തിൽനിന്നു വിട്ടുനിൽക്കുന്ന ഏജൻസികൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നു കലക്ടർ മുന്നറിയിപ്പ് നൽകി. യോഗത്തിൽ ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ അനിൽരാജ്, ലീഡ് ബാങ്ക് മാനേജർ റീന സൂസൺ ചാക്കോ, പാചവാതക കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
 Top