06 July Wednesday

ശൂരനാട് വടക്ക് യുഡിഎഫ്‌ ഭരണം തുലാസിൽ

സ്വന്തം ലേഖകന്‍Updated: Thursday May 19, 2022

ശൂരനാട് വടക്ക് സംഗമം വാർഡിൽ നടന്ന ആഹ്ലാദപ്രകടനം

ശൂരനാട് 
സംഗമം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ മിന്നും വിജയം നേടിയതോടെ ശൂരനാട് വടക്ക് പഞ്ചായത്തിലെ യുഡിഎഫ്‌ ഭരണം തുലാസിലായി. യുഡിഎഫിന്റെ സിറ്റിങ്‌ സീറ്റിൽ 169 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി സുനിൽകുമാർ വിജയിച്ചത്. ആകെ 1116 വോട്ട്‌ പോൾചെയ്ത വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സുനിൽകുമാർ 510 വോട്ടും യുഡിഎഫ് സ്ഥാനാർഥി സുധികുമാർ 341 വോട്ടും ബിജെപിയിലെ ഗോപീഷ് 265 വോട്ടും നേടി. 
യുഡിഎഫിന്റെ സിറ്റിങ് സീറ്റ്‌ എൽഡിഎഫ് പിടിച്ചെടുത്തതോടെ ഇരുമുന്നണികൾക്കും എട്ടുവീതം അംഗങ്ങളായി. ആകെ 18 വാർഡുള്ള പഞ്ചായത്തിൽ ബിജെപിക്കും എസ്ഡിപിഐക്കും ഓരോ അംഗങ്ങളുണ്ട്‌. ഒന്നര വർഷത്തെ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ഭരണപരാജയവുമാണ് വ്യക്തമായതെന്നും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് രാജിവയ്‌ക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. 
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൂന്ന് വോട്ടിന് യുഡിഎഫ് ജയിച്ച കുന്നിരാടം വാർഡിൽ ഏഴ്‌ കള്ളവോട്ട്‌ നടന്നതായി ചൂണ്ടിക്കാട്ടി എൽഡിഎഫ് സ്ഥാനാർഥി കൃഷ്ണചന്ദ്രൻ നൽകിയ കേസ് ശാസ്താംകോട്ട മജിസ്‌ട്രേട്ട്‌ കോടതിയുടെ പരിഗണനയിലാണ്. ജൂണിൽ അന്തിമവിധി വരാനിടയുണ്ട്. ഈ വാർഡിൽ വോട്ടുചെയ്ത ഏഴുപേർ മറ്റു സ്ഥലങ്ങളിലും വോട്ട് ചെയ്തതായി രേഖകളിൽനിന്നു തെളിവ് ലഭിച്ചിട്ടുണ്ട്. ഈ കേസിലെ വിധി നിർണായകമാണ്. അധികാര ദുർവിനിയോഗം നടത്തി നിമയനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനെതിരെ എൽഎസ്ജിഡി ഓംബുഡ്സ്മാനിലും കേസുണ്ട്. 
എൽഡിഎഫ് പ്രവർത്തകർ ശൂരനാട് ഹൈസ്കൂൾ ജങ്‌ഷനിൽ വിജയാഹ്ലാദ പ്രകടനം നടത്തി.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ശിവശങ്കരപ്പിള്ള, ഏരിയ സെക്രട്ടറി പി ബി സത്യദേവൻ, ആർ സുന്ദരേശൻ, സാബു ചക്കുവള്ളി, ജോൺ മത്തായി, കെ പ്രദീപ്, കളീക്കത്തറ ജി രാധാകൃഷ്ണൻ, എൻ സന്തോഷ്‌ , സി ബി കൃഷ്ണചന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top