27 May Monday

സിറ്റിങ‌് എംപി കോൺഗ്രസിന്റെയും ബിജെപിയുടെയും പിന്തുണ തേടുന്നു: ബേബി

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
ചവറ
ബിജെപിയുടെയും കോൺഗ്രസിന്റെയും പിന്തുണ ഒരേസമയം തേടുന്ന വിചിത്രമായ രീതിയാണ് സിറ്റിങ‌്  എംപി കൊല്ലത്ത് നടത്തുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. 
എൽഡിഎഫ് പന്മന പുത്തൻചന്തയിൽ നടത്തിയ പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് സിറ്റിങ‌് എംപി എങ്ങനെ സ്വീകാര്യനായി എന്ന ചോദ്യം നാട്ടിലാകെ ഉയരുകയാണ്.  
ബിജെപിയുടെ വോട്ടുവാങ്ങി സഹകരിക്കുന്ന ആളിനെ വിജയിപ്പിക്കണമോയെന്ന് ആത്മാഭിമാനമുള്ള കോൺഗ്രസുകാർ ചോദിക്കുകയാണ്. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി ബിജെപി സ്ഥാനാർഥിയാണോ എന്നുപോലും ജനങ്ങൾ സംശയിക്കുന്നു. 
യുഡിഎഫ് സ്ഥാനാർഥിക്കായി വോട്ടുകച്ചവടം നടത്തിയ ബിജെപി നേതൃത്വത്തിന്റെ നിലപാടിനെതിരെ പ്രവർത്തകരിൽ അമർഷം പുകയുന്നു. കോൺഗ്രസും ബിജെപിയും ഒരേ തൂവൽ പക്ഷികളാണ്.  കാലുമാറ്റ രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാൻ പ്രിയപ്പെട്ട വോട്ടർമാർ തയ്യാറാകണമെന്നും എം എ ബേബി പറഞ്ഞു.
 യോഗത്തിൽ തെരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ‌് ആർ മുരളി അധ്യക്ഷനായി. സെക്രട്ടറി ആർ സുരേന്ദ്രൻപിള്ള സ്വാഗതം പറഞ്ഞു. എൻ വിജയൻപിള്ള എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി ടി മനോഹരൻ, സിപിഐ മണ്ഡലം സെക്രട്ടറി പി ബി  രാജു, ആർ രവീന്ദ്രൻ, എസ് ശശിവർണൻ, പി  കെ ഗോപാലകൃഷ്ണൻ, ഷീന പ്രസാദ് എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top