31 March Friday

കരുതലേകും, കുതിക്കും

സ്വന്തം ലേഖികUpdated: Sunday Mar 19, 2023
കൊല്ലം
‘ആർദ്രതീരം’ പദ്ധതിയിലൂടെ ഓട്ടിസം ബാധിച്ചവർക്ക്‌ കരുതലും സംരക്ഷണവും ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഗോപൻ പറഞ്ഞു. കൊല്ലം പ്രസ്‌ ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കുടുംബങ്ങൾക്ക് ഒന്നിച്ചു താമസിക്കാൻ  ഭൂമി കണ്ടെത്തി വില്ലകൾ നിർമിക്കും. തങ്ങളുടെ കാലശേഷം ഇവരെ ആര്‌ സംരക്ഷിക്കും എന്ന രക്ഷാകർത്താക്കളുടെ ആശങ്ക ഇതുവഴി പരിഹരിക്കാനാകും. വൈദ്യസഹായം, സ്വയംതൊഴിൽ പരിശീലനം എന്നിവ ഉൾപ്പെടുന്ന ബൃഹദ് പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.  കുര്യോട്ടുമലയിലോ കോട്ടുക്കലോ ഉള്ള ജില്ലാ പഞ്ചായത്ത്‌ ഭൂമിയിലാകും പദ്ധതി തുടങ്ങുക.
വയോധികർ ഒറ്റപ്പെടില്ല 
വയോധികരുടെ ഒറ്റപ്പെടൽ ഒഴിവാക്കുക എന്ന  ലക്ഷ്യത്തോടെ  26 ഡിവിഷനിലും പശ്ചാത്തല സൗകര്യമുള്ള ഓരോ ഗ്രന്ഥശാല തെരഞ്ഞെടുത്ത്  വയോജന ക്ലബ്ബുകൾ രൂപീകരിക്കും. വയോധികർക്ക് ഒരുമിച്ചിരിക്കാനും  വായിക്കാനും എഴുതാനും സൗകര്യമൊരുക്കും. ഉച്ചഭക്ഷണവും ആവശ്യമെങ്കിൽ യാത്രാസൗകര്യവും ഏർപ്പെടുത്തും. വയോജനങ്ങൾക്ക് സഹായകരമാകുംവിധം ഹോം നഴ്സ് സെന്റർ സംവിധാനവും ഒരുക്കും.
10 രൂപയ്‌ക്ക്‌ കുടിവെള്ളം, എള്ളെണ്ണ ഉൽപ്പാദനം
ലിറ്ററിന് പത്തു രൂപാ നിരക്കിൽ കുടിവെള്ളമെത്തിക്കാനും ലക്ഷ്യമുണ്ട്‌. കുളത്തൂപ്പുഴ പോലെ നല്ല വെള്ളം ലഭിക്കുന്നിടത്ത് പ്ലാന്റുകൾ സ്ഥാപിച്ച് കുടിവെള്ളം ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. 
കൊല്ലത്തെ തരിശുരഹിത ജില്ലയാക്കി കാർഷിക മേഖലയിൽ സമഗ്ര വികസനം ലക്ഷ്യമിടുന്നു. ഓണാട്ടുകര വികസന ഏജൻസിയുമായി ചേർന്ന് എള്ളകം എന്ന പേരിൽ എള്ളെണ്ണ ഉൽപ്പാദിപ്പിച്ച്‌ വിതരണംചെയ്യും.
കലാകാരന്മാരെ 
ഒന്നിപ്പിക്കാൻ 
ആർട്‌ ഫെസ്റ്റിവൽ 
രാജ്യത്തെ വിവിധ കലാകാരന്മാരെ ഒന്നിപ്പിക്കുന്ന ആർട്‌ ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഗ്രന്ഥശാലകളെ ഉൾപ്പെടുത്തി പുസ്തകോത്സവവും ഇതോടൊപ്പം ഉണ്ടായിരിക്കും. ശാസ്താംകോട്ട തടാകക്കരയിൽ 40 ലക്ഷം രൂപ ചെലവാക്കി നിർമിക്കുന്ന കാത്തിരിപ്പുകേന്ദ്രം നിർമാണത്തിന്‌  ഉടൻ തുടക്കമാകും.  സ്കൂളുകളിൽ മൈ നോട്ട് ബുക്ക് വിതരണം, ഹയർ സെക്കൻഡറി സ്കൂളിൽ മെൻസ്ട്രൽ കപ്പ് വിതരണം എന്നിവയും നടപ്പാക്കും. ഇവയുടെ ഉൽപ്പാദന രംഗത്തേക്കും കടക്കും. 
അധികാര 
വികേന്ദ്രീകരണം: 
ഗുണം ജനങ്ങൾക്ക്‌
കേരളം കഴിഞ്ഞാൽ രാജ്യത്ത്‌ മികച്ച രീതിയിൽ ത്രിതല പഞ്ചായത്ത് സംവിധാനം നടപ്പാക്കുന്നത് ഹിമാചൽ പ്രദേശിലാണ്. എന്നാൽ,  അവിടെ മാണ്ഡി ജില്ലാ പഞ്ചായത്തിന്റെ വാർഷിക ബജറ്റ് ഏഴുകോടിയാണെന്ന് സന്ദർശിച്ചപ്പോൾ മനസ്സിലായി. ഇവിടെ 180 കോടിയാണ്. മറ്റിടങ്ങളിൽ അധികാര വികേന്ദ്രീകരണം അട്ടിമറിക്കപ്പെടുമ്പോൾ കേരളത്തിലാണ് ഇതു നല്ല രീതിയിൽ നടപ്പാക്കുന്നത്. അതിന്റെ ഗുണവശങ്ങൾ ജനങ്ങളിലെത്തുന്നുണ്ട്. നേരത്തെ നൂറിൽ 16 പേരായിരുന്നു സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നതെങ്കിൽ ഇപ്പോഴത് നൂറിൽ 38 പേരായി. ചുരുങ്ങിയ ചെലവിൽ സിടി  സ്കാൻ ചെയ്യാനുള്ള സൗകര്യം ജില്ലാ ആശുപത്രിയിൽ ഇപ്പോൾ ഉണ്ട്‌. ഇനി ക്യാൻസർ ഡിറ്റക്‌ഷൻ സെന്ററും തുടങ്ങും –- പി കെ ഗോപൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനു വാഹിദും ഒപ്പമുണ്ടായിരുന്നു. പ്രസ്‌ക്ലബ് സെക്രട്ടറി സനൽ ഡി പ്രേം അധ്യക്ഷനായി. ട്രഷറർ സുജിത്‌ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top