01 April Wednesday

കളറാണ്‌ ഈ പേപ്പർ ബാഗ്

സ്വന്തം ലേഖകൻUpdated: Wednesday Feb 19, 2020

വിൽപ്പനയ്ക്കായി തയ്യാറാക്കിയ പേപ്പർ ബാഗുകൾ

ചവറ
പ്രിയപ്പെട്ടവർക്ക്‌ സ്നേഹത്തോടെ സമ്മാനിക്കുന്ന സമ്മാനങ്ങളിൽനിന്ന്‌ ഇനി പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കാം. സമ്മാനങ്ങൾ പൊതിയുന്ന  പ്ലാസ്റ്റിക് വർണ പേപ്പറുകൾക്ക്‌ മനോഹരമായ പേപ്പർ ബാഗ് ബദലാകും. വിവിധ വർണങ്ങളിലും വലിപ്പത്തിലും നിർമിക്കുന്ന പേപ്പർ ബാഗും തുണി സഞ്ചികളും വിപണിയിൽ  താരമാകുകയാണ്‌. നിരവധി കുടുംബശ്രീ യൂണിറ്റും സന്നദ്ധ സംഘടനകളും സ്വയംതൊഴിലായി ഇത്തരം സംരംഭങ്ങൾ 
തുടങ്ങിയിട്ടുണ്ട്‌. 
വിപണിയിൽ വിവിധ വിലയിലുള്ള പേപ്പർ ബാഗുകൾ ലഭ്യമാണ്‌. ചെറിയ പേപ്പർ ബാഗുകൾക്ക്‌ ആറു രൂപയാണ്‌ വില. മൾട്ടി പേപ്പർ ബാഗുകൾക്ക് 15 രൂപ വരെ വില വരുമെന്ന് ക്യാരിബാഗ് ഹോൾസെയിൽ വ്യാപാരിയും കടയുടമയുമായ ഷാഹിർ വി വീസ് പറഞ്ഞു.  പുതിയ ഡിസൈനുകളും മാറിവരുന്ന ട്രെൻഡുകളും ഉൾപ്പെടുത്തി ആകർഷകമായ നിറങ്ങളിലാണ് പേപ്പർ ബാഗുകൾ വിപണിയിൽ എത്തുന്നത്. പ്രീമിയം ബാഗുകൾ, എക്കണോമി ബാഗുകൾ, ഗിഫ്റ്റ് ബാഗുകൾ, ന്യൂസ് പേപ്പർ ബാഗുകൾ തുടങ്ങി പലതരത്തിലുള്ള ബാഗുകൾ 
ലഭ്യമാണ്.
പുത്തൻചന്തയിൽ പ്രവർത്തിക്കുന്ന യൂണിറ്റിൽ നിന്ന്‌ ദിവസവും 3000 ബാഗുകൾ വരെ വിറ്റഴിയുന്നുണ്ട്‌. മെഷീനകത്തേക്ക് പേപ്പർ ബാഗുകൾ മടക്കിയെടുത്ത് ബാഗിന്റെ അടിത്തട്ട് മുതൽ മുകൾഭാഗം വരെ പൂർണമായും പശകൊണ്ട് ഒട്ടിച്ചെടുക്കുകയാണ്. അതിനാൽ ഭാരമേറിയ സാധനങ്ങളും ബാഗിൽ സുരക്ഷിതമാണ്. ടെക്‌സ്റ്റയിൽസ്, സൂപ്പർ മാർക്കറ്റ്, ജ്വല്ലറി, ഫുഡ്‌വെയർ ആൻഡ്‌ ഫാൻസി ഷോപ്പുകൾ തുടങ്ങിയ ഇടങ്ങളിലാണ്‌ ഇത്തരം ബാഗുകൾ കൂടുതൽ ചെലവാകുന്നത്‌.  വ്യാപാര സ്ഥാപനങ്ങളുടെ പരസ്യങ്ങളും ഇതിൽ പ്രിന്റ്‌ ചെയ്യാൻ കഴിയും.
തൊഴിൽ രഹിതരായവർക്ക്‌ വരുമാന മാർഗം നൽകുക എന്ന ലക്ഷ്യത്തോടെ ആവശ്യക്കാർക്ക് പേപ്പർ ബാഗ് നിർമാണത്തിൽ പരിശീലനവും വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ നൽകി വരുന്നുണ്ട്. ചവറയിൽ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ തുണിസഞ്ചിയും പേപ്പർ ബാഗും നിർമിക്കുന്നുണ്ട്‌.
പ്രധാന വാർത്തകൾ
 Top