13 November Wednesday

ഉച്ചഭക്ഷണം വെടിപ്പാക്കും

സ്വന്തം ലേഖകന്‍Updated: Friday Oct 18, 2019
കൊല്ലം
ജില്ലയിലെ ചില സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിൽ അപാകതയുണ്ടെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തിൽ വിമർശനം. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായല്ല ആഹാരസാധനങ്ങൾ വാങ്ങുന്നത്. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയടക്കമുള്ള സംഘം പരിശോധന നടത്തിയ സ്‌കൂളിൽ ഭക്ഷ്യസാധനങ്ങളുടെ അധികശേഖരം കണ്ടെത്തി. 
ഓച്ചിറയിൽ നിന്നുള്ള അംഗം അനിൽ എസ് കല്ലേലിഭാഗമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 500 കുട്ടികളുള്ള സ്‌കൂളിൽ നൂറുപേർക്കാണ്‌ ഭക്ഷണം നൽകുന്നത്. ഉച്ചഭക്ഷണം ചില സ്‌കൂളുകളിൽ വ്യവസായമായി മാറുന്നുവെന്ന് എസ് ശോഭ കുറ്റപ്പെടുത്തി.ചില സ്‌കൂളുകളിൽ പിടിഎ അമിതാധികാരം കാണിക്കുന്നതായും അംഗങ്ങൾ പരാതിപ്പെട്ടു. 
ജില്ലാ പഞ്ചായത്ത് അംഗത്തിന് ഉച്ചഭക്ഷണ പദ്ധതിയെപ്പറ്റി ചോദിക്കാൻ അധികാരമില്ല എന്ന നിലയിലാണ് പിടിഎ ഭാരവാഹികൾ സംസാരിച്ചത്. ഇതേ സ്‌കൂളിൽ തന്നെ കലോത്സവം നടത്താൻ നിർദേശിച്ചപ്പോൾ പിടിഎ കമ്മിറ്റി വിയോജനക്കുറിപ്പ് രേഖപ്പെടുത്തി നൽകുകയുംചെയ്തു. അധ്യാപകരുടെ ഹാജർബുക്കും കുട്ടികളുടെ എണ്ണവും പരിശോധിക്കാൻ പിടിഎയ്ക്ക് അധികാരമില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജില്ലയിലെ മിക്ക സ്‌കൂളുകളിലും നല്ല നിലയിലാണ് ഉച്ചഭക്ഷണ വിതരണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി ഷീല പറഞ്ഞു. മേൽനോട്ടത്തിനായി 10 സൂപ്പർവൈസർമാരെ നിയമിച്ചിട്ടുണ്ട്. ഇവരും ഉയർന്ന ഉദ്യോഗസ്ഥരും സ്‌കൂളുകളിൽ പരിശോധന നടത്തുന്നുണ്ട്. ബഹുഭൂരിപക്ഷം സ്‌കൂളുകളിലും പിടിഎയുടെ പ്രവർത്തനം സഹായകമാണ്. ചിലയിടത്ത് പരാതികൾ ഉണ്ടെന്നും അവർ 
പറഞ്ഞു. 
ജില്ലാ പഞ്ചായത്തുകൾക്ക് വിട്ടുകിട്ടിയിട്ടുള്ള സ്‌കൂളുകളുടെ കാര്യങ്ങളിൽ ഇടപെടാൻ അംഗങ്ങൾക്ക് അധികാരമില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് ചൂണ്ടിക്കാട്ടി. പിടിഎ സ്കൂളിന്റെ ഭരണസമിതിയല്ല. പോരായ്മകൾ ചൂണ്ടിക്കാട്ടാൻ പൊതുജനങ്ങൾക്കും അവകാശമുണ്ട്.സ്‌കൂളുകളിൽ നൽകിയിരിക്കുന്ന തുമ്പൂർമൂഴി മാതൃകയിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റുകളും നാപ്കിൻ വെൻഡിങ് മെഷീനുകളും ഒരിടത്തും പ്രവർത്തിക്കുന്നില്ല. ജില്ലയിലെ സ്കൂൾ പ്രധാനാധ്യാപകരുടെ യോഗം വിളിക്കാനും  തീരുമാനിച്ചു.
 പൊതുമരാമത്ത് പണികൾ  ഏറ്റെടുത്തിട്ട്  ചെയ്യാതിരിക്കുന്ന കരാറുകാരുടെ പേരിൽ നടപടികൾ സ്വീകരിക്കണമെന്ന് എം ശിവശങ്കരപ്പിള്ള ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ്‌ സി രാധാമണി 
അധ്യക്ഷയായി.
പ്രധാന വാർത്തകൾ
 Top