26 September Sunday

അവളുടെ കരച്ചിലിന്‌ നിഷേധിക്കപ്പെട്ട കരുതലിന്റെ നൊമ്പരമായിരുന്നു; അമ്മത്തൊട്ടിലിൽ വിടരുന്ന കുഞ്ഞുപൂക്കൾ

സ്വന്തം ലേഖകൻUpdated: Sunday Jul 18, 2021

കഴിഞ്ഞ ദിവസം അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിനെ വിക്ടോറിയ ആശുപത്രി ആർഎംഒ അനുവിൽനിന്ന് ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ ഷൈൻദേവ്, സെക്രട്ടറി ബാലൻ എന്നിവർ ഏറ്റുവാങ്ങുന്നു

കൊല്ലം> അവളുടെ കരച്ചിലിന്‌ നിഷേധിക്കപ്പെട്ട കരുതലിന്റെ നൊമ്പരമായിരുന്നു. ജനിച്ച്‌ മണിക്കൂറുകൾക്കകം ഉറ്റവർ വേണ്ടെന്നു വച്ചതിനാൽ അനാഥത്വം പേറിയവൾ. മൂന്നുദിവസം മുമ്പ്‌ വിക്‌ടോറിയ ആശുപത്രി അങ്കണത്തിലെ  അമ്മത്തൊട്ടിലിൽനിന്ന് അധികൃതർ‌ മാറോട്‌ ചേർത്തപ്പോൾ അവൾ കരുതലിന്റെ ചൂടറിഞ്ഞു. ജില്ലയിൽ അമ്മത്തൊട്ടിൽ ആരംഭിച്ചതിനു ശേഷം ലഭിക്കുന്ന നാൽപ്പതാമത്തെ കുട്ടിയാണ്‌ ഈ കുഞ്ഞുമാലാഖ. ലോക്‌ഡൗണായ ശേഷം കിട്ടുന്ന പതിനഞ്ചാമത്തെ കുഞ്ഞും. കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ അമ്മത്തൊട്ടിൽ വഴി ലഭിക്കുന്നത് കൊല്ലം ജില്ലയിലാണ്. 

കുഞ്ഞിനെ കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. വിക്ടോറിയ ആശുപത്രി ആർഎംഒ അനുവിൽനിന്ന് ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ ഷൈൻദേവ്, സെക്രട്ടറി ബാലൻ എന്നിവർ ചേർന്നാണ്‌ കുഞ്ഞിനെ ഏറ്റുവാങ്ങിയത്‌.

മക്കളാകും ഇവർ

കൊല്ലത്തുനിന്ന്‌ മറ്റു സംസ്ഥാനങ്ങളിലേക്ക് കുട്ടികളെ ദത്തെടുത്ത് കൊണ്ടുപോകാറുണ്ടെന്ന്‌ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ ഷൈൻദേവ് പറഞ്ഞു. എന്നാൽ ദത്തെടുക്കലുമായി ബന്ധപ്പെട്ട് സമൂഹത്തിലുള്ള തെറ്റായ ധാരണ പലരെയും പിന്നോട്ടു വലിക്കുന്നു. നിലവിൽ ഇന്ത്യയിൽ ദത്തെടുക്കൽ പ്രക്രിയ ഓൺലൈൻ മുഖേനയാണ്. ദത്തെടുക്കാൻ ഉദ്ദേശിക്കുന്ന ദമ്പതികൾ കാരാ വെബ് സൈറ്റിൽ (www.cara.nic.in) പേരന്റ്സ് എന്ന ലിങ്കു മുഖേനയാണ് രജിസ്റ്റർചെയ്യേണ്ടത്. പലരും ഫോണിലൂടെയാണ്‌ അധികൃതരെ ബന്ധപ്പെടുന്നതെന്ന്‌ ഷൈൻ പറഞ്ഞു. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിൽനിന്നും കുട്ടികളെ  ദത്തെടുക്കാൻ സാധിക്കും.

അപേക്ഷകർ കൂടുതൽ; കുട്ടികൾ കുറവ്‌ 

നിലവിലെ സഹചര്യത്തിൽ ദത്തെടുക്കലിന് അർഹരായ കുട്ടികളുടെ എണ്ണം വളരെ കുറവും അപേക്ഷകരുടെ എണ്ണം വളരെ കൂടുതലുമാണ്. ദത്തെടുക്കുന്നതിനായി രജിസ്റ്റർചെയ്തവരുടെ കുടുംബ, സാമ്പത്തിക, സാമൂഹ്യ അവസ്ഥ വിലയിരുത്തുന്നതിനായി താമസസ്ഥലത്തിന് സമീപത്തുള്ള അംഗീകൃത അഡോപ്ഷൻ ഏജൻസിയെ തെരഞ്ഞെടുക്കണം. ദേശീയ തലത്തിൽ ഏക ജാലകം വഴിയാണ് ദത്തെടുക്കൽ നടപടി ക്രമങ്ങൾ. നേരത്തെയുള്ള രജിസ്ട്രേഷൻ കുട്ടികളെ വേഗത്തിൽ ലഭിക്കാൻ കാരണമാകും .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top