04 August Wednesday

പ്രതിഷേധത്തിനിടെ ടോൾ പിരിവ്‌ തുടങ്ങി

സ്വന്തം ലേഖകന്‍Updated: Friday Jun 18, 2021

കൊല്ലം ബൈപാസിലെ ടോൾ പ്ലാസയ്‌ക്കുമുന്നിൽ റോഡിൽ കുത്തിയിരുന്ന്‌ പ്രതിഷേധിക്കുന്ന ഡിവൈഎഫ്‌ഐ 
പ്രവർത്തകർ

കൊല്ലം
വൻ പ്രതിഷേധത്തിനിടെ കൊല്ലം ബൈപാസിൽ ടോൾ പിരിവ് തുടങ്ങി. പ്രതിഷേധിച്ച്‌ റോഡിൽ കുത്തിയിരുന്ന ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയാണ് പിരിവ് തുടങ്ങിയത്. രാവിലെ തന്നെ പ്രതിഷേധവുമായെത്തിയ യുവാക്കളെ തടയാൻ പൊലീസ് നടത്തിയ ശ്രമം സംഘർഷത്തിലേക്ക് നീങ്ങിയെങ്കിലും നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. തുടർന്ന്  പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. 
എസിപി ടി ബി വിജയന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു. കോർപറേഷൻ പരിധിയിലും  തൃക്കരുവ, പനയം, നീണ്ടകര പഞ്ചായത്തുകളിലും  താമസിക്കുന്നവർക്ക്‌  ടോൾ പിരിവിൽ സൗജന്യം അനുവദിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു ആവശ്യപ്പെട്ടു. 
പൂർത്തിയാകാത്ത ബൈപാസിൽ ടോൾ പിരിക്കുന്നത് കടുത്ത അനീതിയും കൊള്ളയുമാണ്. ഇന്ധനവില വർധിപ്പിച്ചും ടോൾപിരിച്ചും കോവിഡ് മഹാമാരിക്കിടെ ജനങ്ങള കൊള്ളയടിക്കുന്ന മോഡി സർക്കാരിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. 
ജില്ലാ പ്രസിഡന്റ്‌ ശ്യാംമോഹൻ, പി കെ സുധീർ, ആർ അനിൽ, വിപിൻ, മഹേഷ്, രമേശ്, ശരത്ചന്ദ്രൻ എന്നിവർ സമരത്തിനു നേതൃത്വം നൽകി. സിപിഐ എം എരിയ സെക്രട്ടറി വി കെ അനിരുദ്ധൻ, സിപിഐ നേതാവ് ആർ രാമചന്ദ്രൻ, എ അമാൻ എന്നിവരും സ്ഥലത്തെത്തി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത നിലയിലായിരുന്നു പ്രക്ഷോഭം.
ടോൾ പ്ലാസയ്ക്ക് അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് വ്യാഴാഴ്ച മുതൽ സൗജന്യ യാത്രാപാസ് അനുവദിക്കാൻ നേരത്തെ തീരുമാനമായിരുന്നു. റേഷൻ കാർഡ്, ആധാർ കാർഡ്, വാഹനത്തിന്റെ ആർസി ബുക്ക് രേഖകൾ ടോൾ പ്ലാസയിൽ ഹാജരാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പാസ് അനുവദിക്കുക. 
ഇതേ രേഖകൾ ഹാജരാക്കുന്ന 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് ഒരു മാസത്തേക്ക് 285 രൂപയ്ക്കും പാസ് അനുവദിക്കും. യുപി ആസ്ഥാനമായ കമ്പനിയാണ് കരാറെടുത്തത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top