31 July Saturday
കിറ്റിൽ 20 ഇനങ്ങൾ

മത്സ്യത്തൊഴിലാളികൾക്ക് ഒന്നല്ല, രണ്ടു കിറ്റ്‌

സ്വന്തം ലേഖകന്‍Updated: Friday Jun 18, 2021

മത്സ്യത്തൊഴിലാളികൾക്കുള്ള കിറ്റിലെ ഇനങ്ങൾ

കരുനാഗപ്പള്ളി
 ട്രോളിങ്‌ നിരോധനകാലത്ത് തൊഴിലും വരുമാനവും നഷ്ടമാകുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച പ്രത്യേക ഭക്ഷ്യധാന്യക്കിറ്റുകളൂടെ വിതരണം  ആരംഭിച്ചു. 20 ഇനം അടങ്ങിയതാണ്‌ ഭക്ഷ്യധാന്യക്കിറ്റ്‌.  ഗോതമ്പുപൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, വെളിച്ചെണ്ണ, പഞ്ചസാര, പാല് / പാൽപ്പൊടി, സാനിറ്റൈസർ, മാസ്ക്, സോപ്പ് തുടങ്ങിയവയാണ്‌  കിറ്റിൽ ഉണ്ടാകുക. 
സപ്ലൈകോ തയ്യാറാക്കിയ കിറ്റുകൾ റേഷൻകടകൾ വഴിയാണ്‌ വിതരണം. 20 ഇനം ഉള്ളതിനാൽ ഓരോ കുടുംബത്തിനും രണ്ടു  കിറ്റിലായാണ്  സാധനങ്ങൾ ലഭിക്കുക.  കരുനാഗപ്പള്ളി താലൂക്കിൽ മാത്രം 8600 കുടുംബങ്ങൾക്ക് കിറ്റുകൾ ലഭിക്കും.  സപ്ലൈകോയുടെ പായ്ക്കിങ്‌ സെന്ററുകളിൽ തയ്യാറാക്കി റേഷൻ കടകളിൽ എത്തിച്ചു. റേഷൻ കടകൾ വഴി  വിതരണം ആരംഭിച്ചതായി സപ്ലൈകോ ഡിപ്പോ മാനേജർ ലീലാകൃഷ്ണൻ പറഞ്ഞു. ആലപ്പാട് പഞ്ചായത്ത് കൂടാതെ മത്സ്യത്തൊഴിലാളികൾ കൂടുതലായി താമസിച്ചു വരുന്ന കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, കുലശേഖരപുരം, ക്ലാപ്പന, ചവറ, നീണ്ടകര , തെക്കുംഭാഗം തുടങ്ങിയ പഞ്ചായത്തുകളിലും കിറ്റുകളുടെ വിതരണം തുടങ്ങി.  കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യക്കിറ്റും ഇതോടൊപ്പം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top