03 August Tuesday

പട്ടിണിയാകില്ല ഉറപ്പ്‌, 
പോരെ മച്ചാനേ...

സ്വന്തം ലേഖകന്‍Updated: Friday Jun 18, 2021

ശങ്കരമംഗലം വട്ടയ്യത്ത് ജങ്‌ഷനിൽ ഒരുക്കിയ ജനകീയ അടുക്കളയിൽനിന്ന്‌

ചവറ
ഉച്ചയ്ക്കു ചോറ്‌, സാമ്പാർ, ഉപ്പേരി. ചിലദിവസം ബിരിയാണി. വൈകിട്ട്‌ ചപ്പാത്തി, ചിക്കൻ കറി, ചോറ്‌. ഞായറാഴ്‌ച നെയ്‌ച്ചോറും ചിക്കനും.. പെർഫെക്ട്‌ ഓക്കെ, ഇതൊക്കൊ പോരെ മച്ചാനേ... ആരും പട്ടിണിയാകാതിരിക്കാൻ ജനകീയ അടുക്കളയൊരുക്കി നാടിനെ ഊട്ടുകയാണ്‌ ഒരു സംഘം ചെറുപ്പക്കാർ. ഡിവൈഎഫ്‌ഐ ചവറ ഈസ്റ്റ് മേഖലാ കമ്മിറ്റി ശങ്കരമംഗലം വട്ടയ്യത്ത് ജങ്‌ഷനിൽ ഒരുക്കിയ അടുക്കള യുവതയുടെ കരുതലിന്റെ മാതൃകയാകുകയാണ്‌. 
പ്രത്യേകം പന്തൽ കെട്ടി ഈ ജനകീയ അടുക്കള തുറന്നിട്ട്‌ ഒരാഴ്‌ച പിന്നിട്ടു. കോവിഡ് പോസിറ്റീവായവർക്കും ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവർക്കും മറ്റുള്ളവർക്കും ഭക്ഷണം സൗജന്യമായി വീട്ടിലെത്തിച്ചുനൽകും. ദിവസം 250ലേറെ പേർക്ക്‌ ഭക്ഷണമെത്തിക്കുന്നതായി പ്രവർത്തകർ പറഞ്ഞു. രാവിലെ ഏഴിന് യുവാക്കൾ അടുക്കളയിൽ എത്തും. പിന്നെ ഉച്ചയ്ക്കുള്ള ഭക്ഷണം തയ്യാറാക്കലിന്റെ തിരക്കലാണ്‌. ഉച്ചയ്‌ക്കുശേഷം രാത്രിയിലേക്കുള്ള ഒരുക്കം തുടങ്ങും. എം റിയാദ്‌,  സംജിത്‌ നല്ലേഴത്തുമുക്ക്‌, അരുൺ അരവിന്ദ്‌, എ ഷാനവാസ്‌, അനന്തുരാജ്‌, നിയാസ്‌ എന്നിവർക്കാണ്‌ നേതൃത്വം. അടുക്കളയിലേക്കുള്ള ഭക്ഷ്യസാമഗ്രികൾ വിവിധയിടങ്ങളിൽനിന്നായി ഡിവൈഎഫ്‌ഐ പ്രവർത്തകർ ശേഖരിച്ചതാണ്‌. 
ജനകീയ അടുക്കള സിപിഐ എം ഏരിയ സെക്രട്ടറി ടി മനോഹരനാണ്‌ ഉദ്‌ഘാടനംചെയ്തത്‌. എം റിയാദ് അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ, ബ്ലോക്ക്‌ സെക്രട്ടറി സി രതീഷ്, എൻ വിക്രമക്കുറുപ്പ്, സംജിത്‌ നല്ലേഴത്തുമുക്ക്‌ , എ ഷാനവാസ്, ആത്തിഫ് എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top