18 July Thursday

കൊല്ലം ഓടി ലഹരിക്കെതിരെ

സ്വന്തം ലേഖകന്‍Updated: Monday Jun 17, 2019
കൊല്ലം 
ലഹരി മരുന്നുകൾക്ക് എതിരെ  ബോധവൽക്കരണവുമായി ലഹരിവർജന മിഷൻ  –- വിമുക്തിയുടെ നേതൃത്വത്തിൽ കൊല്ലത്ത‌് നടത്തിയ മൺസൂൺ മാരത്തൺ ശ്രദ്ധേയമായി.  പെയ്‌തൊഴിയാതെനിന്ന ചാറ്റൽ മഴയെയും അവഗണിച്ചാണ് ലഹരിക്കെതിരെ കൊല്ലം ഒറ്റക്കെട്ടായി ഓടിക്കയറിയത്. കുട്ടികൾ മുതൽ  വയോജനങ്ങൾ വരെ മാരത്തണിന്റെ ഭാഗമായി. ഹാഫ് മാരത്തൺ, ഫൺ റൺ എന്നീ രണ്ടുവിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. 5841 പേരാണ് അണിനിരന്നത്.  വിദേശികൾ അടക്കമുള്ളവരും  പങ്കാളികളായി. എക‌്സൈസ‌് വകുപ്പും ജില്ലാ ഭരണകേന്ദ്രവും കൊല്ലം കോർപറേഷനും ജില്ലാ പഞ്ചായത്തും ചേർന്നാണ‌് പരിപാടി സംഘടിപ്പിച്ചത‌്. 
രാവിലെ 5.30ന് ആരംഭിച്ച 21 കിലോമീറ്റർ ഹാഫ് മാരത്തൺ  മന്ത്രി ടി പി രാമകൃഷ്ണനും ആറോടെ  ആരംഭിച്ച ഫൺ റൺ മന്ത്രി കെ രാജുവും ഫ്ലാഗ്ഓഫ് ചെയ്തു.  മന്ത്രി കെ രാജുവും  കലക്ടർ  എസ് കാർത്തികേയനും സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി  രാധാമണിയും  മാരത്തണിൽ പങ്കാളികളായി. 
മാരത്തണിനു ശേഷം നടന്ന പൊതുസമ്മേളനം മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. മന്ത്രി കെ രാജു അധ്യക്ഷനായി. ഹാഫ് മാരത്തണിൽ വിജയികളായവർക്ക് മന്ത്രി ടി പി രാമകൃഷ‌്ണൻ  സമ്മാനങ്ങൾ വിതരണംചെയ്തു. കലക്ടർ  എസ് കാർത്തികേയൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ, മേയർ വി രാജേന്ദ്രബാബു, കെ സോമപ്രസാദ് എംപി,  ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് സി രാധാമണി,  എം നൗഷാദ് എംഎൽഎ, എക്‌സൈസ് കമീഷണർ എസ് ആനന്ദകൃഷ്ണൻ, അഡീഷണൽ എക്‌സൈസ് കമീഷണർമാരായ ഡി രാജീവ്, സാം ക്രിസ്റ്റി ഡാനിയൽ, ജോയിന്റ് എക്‌സൈസ് കമീഷണർമാരായ പി കെ മനോഹരൻ, കെ എ ജോസഫ്, അസിസ്റ്റന്റ് എക്‌സൈസ് കമീഷണർമാരായ ജെ താജുദീൻകുട്ടി, പി കെ സനു, ഡെപ്യൂട്ടി കമീഷണർ എ എസ് രഞ്ജിത‌്,  ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി അജോയ്, എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ എസ് സലിംകുമാർ,  എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം നൗഷാദ്,  സെക്രട്ടറി പി എ സഹദുള്ള, എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി സജുകുമാർ, ജില്ലാ പ്രസിഡന്റ് എ രാജു,  സെക്രട്ടറി എസ് ആർ ഷെറിൻരാജ് എന്നിവർ സംസാരിച്ചു.  
ആദിവാസി ഗോത്ര കലാകാരന്മാരും  വിവിധ ഡാൻസ് ഗ്രൂപ്പുകളും പങ്കെടുത്ത കലാപരിപാടികളും മാരത്തണിനോട‌് അനുബന്ധിച്ച് കന്റോൺമെന്റ് മൈതാനിയിൽ ഒരുക്കിയിരുന്നു. മാരത്തണിന്റെ  പ്രചാരണാർഥം  പൊതുജനപങ്കാളിത്തത്തോടെ  വിവിധ പരിപാടികളും കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ചിരുന്നു. 
പ്രധാന വാർത്തകൾ
 Top