08 December Wednesday

വൈശാഖിന് നാടിന്റെ അന്ത്യാഭിവാദ്യം

എ അഭിലാഷ്Updated: Saturday Oct 16, 2021

വൈശാഖിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ ബീനയും സഹോദരി ശിൽപ്പയും

എഴുകോൺ
പ്രകൃതിയും നാടും ഒരുപോലെ കണ്ണീർ ചൊരിഞ്ഞ പകലിൽ കുടവട്ടൂരിന്റെ മണ്ണിൽ ധീര ജവാൻ വൈശാഖിന് നിത്യ വിശ്രമം. ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങൾക്കിടെ സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ, ഓടനാവട്ടം കുടവട്ടൂർ ആശാൻമുക്കിലെ ‘വിശാഖം’ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം.  തിങ്കളാഴ്‌ച പുലർച്ചെയാണ്‌ ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ  മറാഠി റെജിമെന്റിലെ ജവാൻ വൈശാഖ്‌ (24) കൊല്ലപ്പെട്ടത്‌.  
വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽനിന്ന്  മൃതദേഹം ആയൂർ കുരിശുംമൂട്ടിൽ എത്തിച്ചു. തുടർന്ന് വിലാപയാത്രയായാണ് ജന്മനാടായ കുടവട്ടൂരിൽ എത്തിച്ചത്. വിലാപയാത്ര കടന്നുവന്ന വഴികളിൽ നൂറുകണക്കിനാളുകൾ ആദരാഞ്ജലിയർപ്പിച്ചു. വൈശാഖ് പഠിച്ച കുടവട്ടൂർ എൽപി സ്‌കൂളിലും വീട്ടിലും  പൊതുദർശനത്തിനു വച്ചു. ആയിരങ്ങളാണ് ഇരു സഥലങ്ങളിലും അന്ത്യാഭിവാദ്യം  അർപ്പിക്കാൻ എത്തിയത്.  അമ്മ ബീനയുടെയും സഹോദരി ശിൽപ്പയുടെയും നിലവിളി കണ്ടുനിന്നവരുടെയും കണ്ണുനിറച്ചു.  
സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി കെ എൻ ബാലഗോപാൽ പുഷ്പചക്രം അർപ്പിച്ചു. ജില്ലാ ഭരണകേന്ദ്രത്തിനു വേണ്ടി കലക്ടർ അഫ്‌സാന പർവീൺ പുഷ്പചക്രം അർപ്പിച്ചു. മന്ത്രി ജെ ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, സുരേഷ് ഗോപി, പി എസ് സുപാൽ എംഎൽഎ, മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ, പി അയിഷാപോറ്റി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ, കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എ ഷാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം ശിവപ്രസാദ്,  കെ ഹർഷകുമാർ, വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ ബിനോജ്, വൈസ് പ്രസിഡന്റ്‌ കെ രമണി, പുനലൂർ ആർഡിഒ ബി ശശികുമാർ, കൊട്ടാരക്കര തഹസിൽദാർ ജി നിർമൽകുമാർ, മറ്റു സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിൽ നിന്നുള്ളവർ അന്ത്യോപചാരം അർപ്പിച്ചു. സൈനിക ഉദ്യോഗസ്ഥരായ കേണൽ സച്ചിദേവ്‌, ലെഫ്‌റ്റനന്റ്‌ കേണൽമാരായ എം കെ സനൽകുമാർ, വി ഡി ചാക്കോ, റിയാസ്‌ഖാൻ എന്നിവർ ചടങ്ങുകൾക്ക്‌ നേതൃത്വം നൽകി. 
 ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വൈശാഖ്‌ ഉൾപെടെ അഞ്ചു സൈനികരാണ്‌ വീരമൃത്യു വരിച്ചത്. മൂന്ന്‌ പഞ്ചാബ് സ്വദേശികളും ഒരു ഉത്തർപ്രദേശ് സ്വദേശിയും  കൊല്ലപ്പെട്ടു. സുരൻകോട്ടിൽ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയതായിരുന്നു ഇവർ. സുരക്ഷാസേനയിലെ രജോരി സെക്ടറിൽ നുഴഞ്ഞു കയറിയ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനത്തിലായിരുന്നു സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ചാമ്രർ വനമേഖലയിൽ ഭീകരർ സുരക്ഷാസേനയ്ക്ക്‌ നേരെ വെടിവയ്ക്കുകയായിരുന്നു.
മഴയെയും അവഗണിച്ച് 
ആയിരങ്ങൾ
എഴുകോൺ
വൈശാഖിന് ആദരാഞ്ജലി അർപ്പിക്കാൻ കോരിച്ചൊരിയുന്ന മഴയെയും അവഗണിച്ച് എത്തിയത് ആയിരങ്ങൾ. കുരിശുംമൂട് മുതൽ കുടവട്ടൂർ വരെയാണ് വിലാപയാത്ര തീരുമാനിച്ചിരുന്നത്. 
എന്നാൽ, തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പ് മുതൽ ആംബുലൻസിനൊപ്പം നൂറു കണക്കിന് പേരാണ് വാഹനങ്ങളിൽ ഒപ്പം സഞ്ചരിച്ചത്. കുരിശുംമൂട് എത്തിയ നൂറ് ആയിരമായി മാറുന്ന കാഴ്ചയാണ് കണ്ടത്. വൈശാഖിന്റെ സുഹൃത്തുക്കൾ, സൈനികരുടെ വിവിധ സംഘടനകൾ, രാഷ്ട്രീയ, സാമൂഹ്യ മേഖലയിലെ പ്രവർത്തകർ ഉൾപ്പെടെ ആയിരത്തിലധികം വാഹനങ്ങൾ വിലാപയാത്രയിൽ അണിചേർന്നു. വിലാപയാത്ര കടന്നുവന്ന വഴികൾക്കിരുവശവും നിരവധി പേർ വിവിധ സ്ഥലങ്ങളിൽ വൈശാഖിന് ആദരാഞ്ജലി അർപ്പിച്ചു. കുടവട്ടൂർ എൽപി സ്കൂളിൽ 9.30നാണ് മൃതദേഹം എത്തിച്ചത്. 
സ്കൂളിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസും വളന്റിയർമാരും പ്രയാസപ്പെട്ടു. എഴുകോൺ, പൂയപ്പള്ളി സിഐമാരായ ടി എസ് ശിവപ്രകാശ്, രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരക്കുകൾ നിയന്ത്രിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top