22 October Tuesday

ഗൗരവമുള്ള വായന അനിവാര്യം: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019
അഞ്ചാലുംമൂട്
ഗൗരവമുള്ള വായന കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. പ്രധാനപ്പെട്ട ദിനചര്യയായി വായന മാറണം. ഉദാസീനമായ വായനക്കിടയിൽ കൈമോശം വരുന്നത് ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പലതുമാണ്. 
നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ കെ സോമപ്രസാദ് എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കെ പി അപ്പൻ സ്മാരക ഓപ്പൺ എയർ ഓഡിറ്റോറിയം നാടിനുസമർപ്പിച്ച്‌  സംസാരിക്കുകയായിരുന്നു അദ്ദേഹം.  വർത്തമാന ജീവിതത്തിൽ നമ്മെ അലട്ടുന്ന വിഷയങ്ങൾ പ്രതിപാദിക്കുന്ന  സാമൂഹ്യ വിമർശനപരമായ രചനകളെക്കുറിച്ചുള്ള ചർച്ചകൾ സംഘടിപ്പിക്കാൻ ഗ്രന്ഥശാലകൾ മുൻകൈയെടുക്കണം. പശുവിന്റെ രാഷ്ട്രീയവും രാജ്യത്തെ സാമൂഹ്യജീവിതവും മനോഹരമായി ചർച്ച ചെയ്യുന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഏറ്റവും പുതിയ കവിതയായ ചെണ്ട ഇത്തരം ചർച്ചകളിൽ വിഷയമായി സ്വീകരിക്കാമെന്നും ബേബി പറഞ്ഞു. ഗ്രന്ഥശാല പ്രസിഡന്റ് ബേബി ഭാസ്കർ ചടങ്ങിൽ അധ്യക്ഷനായി. മികച്ച ലൈബ്രേറിയനുള്ള പ്രൊഫ. കല്ലട രാമചന്ദ്രൻ സ്‌മാരക പുരസ്‌കാരം കുമ്പളത്തു ശങ്കുപ്പിള്ള സ്‌മാരക ഗ്രന്ഥശാലയിലെ ആർ ആദർശിനും മികച്ച സംരംഭകനുള്ള എൻ ശിവശങ്കരപ്പിള്ള സ്‌മാരക പുരസ്‌കാരം കെ ഐ ഇബ്രാഹിമിനും എം എ ബേബി നൽകി. ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ സ്‌കൂൾ ബാൻഡ്‌ ട്രൂപ്പിനുള്ള ഹംദാ സ്‌മാരക പുരസ്‌കാരം വിമല ഹൃദയ സ്‌കൂളിനു മേയർ വി രാജേന്ദ്രബാബു നൽകി.  ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി സുകേശൻ, കൗൺസിലർ ടി ആർ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി എസ് നാസർ സ്വാഗതം പറഞ്ഞു. രാവിലെ നടന്ന വനിതാസംഗമം വനിതാ കമീഷൻ അംഗം ഷാഹിദാ കമാൽ ഉദ്ഘാടനംചെയ്തു.
പ്രധാന വാർത്തകൾ
 Top