25 August Sunday

പൊന്നിനേക്കാൾ തിളക്കമുള്ള വെള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

രഞ‌്ജു സോളമൻ മെഡലുകളുമായി

 

എഴുകോൺ
സിംഗപ്പൂർ മാസ്റ്റേഴ്‌സ് ട്രാക‌് ആൻഡ് ഫീൽഡ് മത്സരത്തിൽ ഇന്ത്യയുടെ മെഡൽ നേട്ടം പുത്തൂർ പാങ്ങോട് ഗ്രാമത്തിലെ കശുവണ്ടിത്തൊഴിലാളിയുടെ കരുത്തിൽ. പുത്തൂർ പാങ്ങോട് താഴം രാധാമന്ദിരത്തിൽ സോളമന്റെ ഭാര്യ രഞ‌്ജു സോളമനാണ് വെള്ളിമെഡൽ നേട്ടവുമായി അഭിമാനമായത്. 
 പാങ്ങോട് കാഷ്യൂ കോർപറേഷൻ ഫാക്ടറി തൊഴിലാളിയാണ് രഞ‌്ജു. ജീവിത പ്രയാസങ്ങളോട് പൊരുതിയാണ്  അഭിമാന നേട്ടം. സിംഗപ്പൂരിലേക്കുള്ള യാത്രച്ചെലവു പോലും ചോദ്യചിഹ്നമായി നിന്നിടത്തുനിന്നാണ‌് അവിശ്വസനീയ പ്രകടനം. 
  ജനപ്രതിനിധികളും  പ്രദേശവാസികളും കുറച്ച് തുക സ്വരൂപിച്ചു നൽകി. ബാക്കികടം വാങ്ങിയും പണയം വച്ചും കണ്ടെത്തി. സിംഗപ്പൂരിലെത്തിയ രഞ‌്ജു 40 വയസ്സിനു മുകളിലുള്ളവരുടെ ജാവലിൻ, ഷോട്ട്‌പു ട്ട്, 4x100 മീറ്റർ റിലേ മത്സരങ്ങളിലായി മൂന്ന് വെള്ളിമെഡലാണ് നേടിയത്. 
  ജില്ല, സംസ്ഥാന, ദേശീയ മാസ്റ്റേഴ്സ് മീറ്റുകളിൽ വെന്നിക്കൊടി പാറിച്ചാണ്  സിംഗപ്പൂരിലെത്തിയത്. അടുത്ത മാസം ബ്രൂണോയിൽ നടക്കുന്ന ലോക മാസ്റ്റേഴ്‌സ് മീറ്റിനും  യോഗ്യത നേടിയിട്ടുണ്ട്. യാത്രച്ചെലവ് കണ്ടെത്താനുള്ള ഓട്ടത്തിലാണ‌് ഇപ്പോൾ. വിസ സൗജന്യമാണെങ്കിലും യാത്രച്ചെലവ് സ്വന്തമായി കണ്ടെത്തണം. മത്സരത്തിൽ പങ്കെടുക്കണമെന്ന അതിയായ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി എങ്ങനെ അതിജീവിക്കുമെന്ന  ആശങ്കയിലാണ് ഇവർ. മക്കളായ എട്ടാം ക്ലാസുകാരി  സോനയെയും ആറാം ക്ലാസുകാരി  സോനുവിനെയും പഠിപ്പിക്കുന്നതിനൊപ്പം തന്റെ കായികസ്വപ്നങ്ങൾ കൂടി സാക്ഷാൽക്കരിക്കുന്നതിനുള്ള പോരാട്ടത്തിലാണ് രഞ‌്ജു .
പ്രധാന വാർത്തകൾ
 Top