23 October Wednesday

ഓണാട്ടുകരയിൽ പടനിലമൊരുങ്ങി; ഓച്ചിറക്കളിക്ക‌് ഇന്ന‌ു തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

 

ശൂരനാട് 
ആയോധന കലയുടെ വൈഭവം പ്രകടമാകുന്ന  ഓണാട്ടുകരയിലെ പ്രസിദ്ധമായ ഓച്ചിറക്കളി ഞായറാഴ‌്ച തുടങ്ങും. മെയ‌്‌വ ഴക്കത്തിന്റെയും ആയോധന പരിശീലനത്തിന്റെയും പടപുറപ്പാടുകൾ ഉയർത്തി ചെറുതും വലുതുമായ കളിസംഘങ്ങളുടെ കളരി ത്തറകളിലെ പരിശീലനം ശനിയാഴ്ച  അവസാനിച്ചു. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിലുമായി  ഇരുന്നോറോളം കളരിസംഘങ്ങളാണ് കച്ചകെട്ടി അങ്കത്തിനായി പടനിലത്തേക്ക് എത്തുന്നത്. 
പകൽ 12ന് പടനിലത്ത് ശംഖ‌്നാദം മുഴങ്ങുന്നതോടെ  ഗുരുക്കന്മാരും യോദ്ധാക്കളും ഭരണസമിതി ഓഫീസിനു മുന്നിൽ അണിനിരക്കും. ഭരണസമിതി സെക്രട്ടറി കെ ഗോപിനാഥൻ ധ്വജം പടത്തലവന്മാർക്ക് കൈമാറുന്നതോടെ ഘോഷയാത്ര ആരംഭിക്കും. 
ഘോഷയാത്രയ‌്ക്ക് കരനാഥന്മാർ, സ്ഥാനികൾ, ഭരണസമിതി അംഗങ്ങൾ, ഗുരുക്കന്മാർ  എന്നിവർ  നേതൃത്വം നൽകും.  ഘോഷയാത്ര  കിഴക്കും പടിഞ്ഞാറും ആൽത്തറകൾ, എട്ടുകണ്ടം, ഒണ്ടിക്കാവ്, തകിടിക്കണ്ടം, മഹാലക്ഷ്മി കോവിൽ, അയ്യപ്പൻ കോവിൽ, ഗണപതി ആൽത്തറ എന്നിവിടങ്ങൾ വലംവെച്ച്  എട്ടുകണ്ടത്തിന് കിഴക്കും പടിഞ്ഞാറുമായി അണിനിരക്കും. തുടർന്ന് കരക്കളി ആരംഭിക്കും.  കൃഷ്ണപ്പരുന്ത് എട്ടുകണ്ടത്തിനു മുകളിൽ വട്ടമിട്ട് പറക്കുന്നതോടെ ഭരണസമിതി അംഗങ്ങൾക്കൊപ്പം എത്തുന്ന കരനാഥന്മാർ  എട്ടുകണ്ടത്തിലിറങ്ങി കരപറഞ്ഞ് പരസ്പരം ഹസ്തദാനം ചെയ്യും. ഇതോടെ ഇരുകരകളിലുമായി നിലയുറപ്പിച്ച യോദ്ധാക്കൾ രണഭേരി മുഴക്കി വെട്ടുകണ്ടത്തിലിറങ്ങി പോരാട്ടം നടത്തും. 
 തുടർന്ന് തകിടി കണ്ടത്തിലും അൽപ്പനേരം പോരാട്ടം നടത്തിയതിനുശേഷം അടുത്ത ദിവസം വീണ്ടും കാണാം എന്ന ഉറപ്പിന്മേൽ ക്ഷേത്രക്കുളത്തിൽ കുളിയും കഴിഞ്ഞ് കളരികളിലേക്ക് മടങ്ങും. ഓച്ചിറക്കളിക്ക് മുന്നോടിയായി വെട്ടുകണ്ടം, തകിടികണ്ടം, പടനിലം എന്നിവ വൃത്തിയാക്കി.  കളരി ആശാന്മാർക്ക് പിങ്ക് നിറത്തിലും കിഴക്കേ കരയിലെ യോദ്ധാക്കൾക്ക് മഞ്ഞ നിറത്തിലും പടിഞ്ഞാറെ കരയിലെ യോദ്ധാക്കൾക്ക് നീല നിറത്തിലുമുള്ള വസ്ത്രങ്ങൾ ക്ഷേത്ര ഭരണസമിതി വിതരണംചെയ്തു.
രാവിലെ പ്രത്യേക വേഷവിധാനങ്ങളണിഞ്ഞ് പടനിലത്തെത്തുന്ന കളിസംഘങ്ങളെ ക്ഷേത്രഭാരവാഹികൾ സ്വീകരിക്കും. പകൽ 12ന‌് മേളത്തിനും അണിഞ്ഞൊരുങ്ങിയ ഋഷഭവീരന്മാർക്കുമൊപ്പം  കരഘോഷയാത്രപുറപ്പെടും. ശേഷം വെട്ടുകണ്ടത്തിലും പടനിലത്തിലുമായി  അങ്കംവെട്ട്. ഓച്ചിറക്കളി തിങ്കളാഴ‌്ചയും  തുടരും.
പ്രധാന വാർത്തകൾ
 Top