19 July Friday

ജില്ലയില്‍ 4 പഞ്ചായത്ത് വാര്‍ഡുകളില്‍ 27ന് ഉപതെരഞ്ഞെടുപ്പ്

സ്വന്തം ലേഖകന്‍Updated: Sunday Jun 16, 2019

 

കൊല്ലം
ജില്ലയിൽ നാല് പഞ്ചായത്ത് വാർഡുകളിൽ 27ന് ഉപതെരഞ്ഞെടുപ്പ് നടക്കും. കടയ്ക്കൽ പഞ്ചായത്തിലെ തുമ്പോട്, ഇട്ടിവ പഞ്ചായത്തിലെ നെടുപുറം, കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്പലം, അഞ്ചൽ പഞ്ചായത്തിലെ മാർക്കറ്റ് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. തുമ്പോട്, നെടുപുറം, ഓണമ്പലം വാർഡുകൾ എൽഡിഎഫും മാർക്കറ്റ് വാർഡ് യുഡിഎഫ് അംഗങ്ങളുമാണ് പ്രതിനിധീകരിച്ചത്. 
 തുമ്പോട് വാർഡിൽ എൽഡിഎഫ‌് അംഗം മനോഹരൻ മരിച്ചതിനെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സിപിഐ എം ലോക്കൽ കമ്മിറ്റിഅംഗം ജെ എം മർഫിയാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിലെ ജി മോഹനൻ, ബിജെപിയിലെ  മണിരാജൻ എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. ഇട്ടിവ പഞ്ചായത്തിലെ നെടുപുറം വാർഡിൽ എൽഡിഎഫ‌് അംഗം അനിൽകുമാറിന‌് സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന്  നടക്കുന്ന തെരഞ്ഞെടുപ്പിൽ ഡിവൈഎഫ്ഐ കടയ്ക്കൽ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ ബി ബൈജുവാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിലെ ബി രാജീവ്, ബിജെപിയിലെ ദീപേഷ്, ഡിഎച്ച്ആർഎമ്മിലെ വിജയൻ എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. നെടുപുറം വാർഡിലെ എൽഡിഎഫ് പ്രചാരണ ജാഥ ഞായറാഴ്ച പകൽ മൂന്നിന് കോട്ടുക്കൽ പള്ളിമുക്കിൽനിന്ന‌് ആരംഭിച്ച് ഇലവുംമുക്കിൽ സമാപിക്കും. 
അഞ്ചൽ പഞ്ചായത്ത് 15–ാം വാർഡ് (മാർക്കറ്റ്)  പ്രതിനിധിയായിരുന്ന യുഡിഎഫിലെ സുബൈദാ സക്കീർഹുസൈൻ അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വനിതാ സംവരണ വാർഡായ ഇവിടെ നസീമബീവി സലിം (എൽഡിഎഫ്), നൂർജഹാൻ (യുഡിഎഫ്), മൃദുല (ബിജെപി) എന്നിവരാണ് മത്സരരംഗത്ത‌്. 
യുഡിഎഫ് പഞ്ചായത്ത്അംഗം രാജിവച്ചതിനെ തുടർന്ന് 2008ൽ ഇവിടെ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. 
സിപിഐ അംഗമായ മേരിക്കുട്ടി ജോയിക്ക് ആരോഗ്യവകുപ്പിൽ നിയമനം ലഭിച്ചതിനെത്തുടർന്നാണ് കിഴക്കേ കല്ലട പഞ്ചായത്തിലെ ഏഴാം വാർഡായ  ഓണമ്പലത്ത്  ഉപതെരഞ്ഞെടുപ്പ് നടക്കുന്നത‌്. വനിതാ സംവരണ വാർഡായ ഓണമ്പലത്ത് എ ലില്ലിക്കുട്ടി (സിപിഐ), സിന്ധു പ്രസാദ് (കോൺഗ്രസ‌്), മായ (ബിജെപി) എന്നിവരാണ് മത്സരരംഗത്തുള്ളത്. മുൻ അംഗം മേരിക്കുട്ടി ജോയ് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഉയർത്തി  ഇടതുസ്ഥാനാർഥി പ്രചാരണരംഗത്ത് സജീവമാണ‌്. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് വൈ റോബിൻസ്, സെക്രട്ടറി സി ജി ഗോപുകൃഷ്ണൻ  എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പ്രധാന വാർത്തകൾ
 Top