04 April Saturday

അന്തർസംസ്ഥാന ബസുകളിൽ പരിശോധന മയക്കുമരുന്നുമായി യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

 

ചവറ
അന്തർസംസ്ഥാന ആഢംബര ബസുകളിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. തിരുവനന്തപുരം മലയിൻമീഴ് പഴയമഠം വീട്ടിൽ ഗോകുൽ (24) ആണ്‌ അറസ്റ്റിലായത്‌. അതിമാരക ന്യൂജൻ മയക്കുമരുന്നായ ക്രിസ്റ്റൽ മെത്ത് (എംഡിഎംഎ) ഇയാളിൽനിന്നു 
പിടിച്ചെടുത്തു. 
അന്തർസംസ്ഥാന ആഢംബര ബസുകളിൽ മയക്കുമരുന്ന്‌ കടത്തുന്നുവെന്ന്‌ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർക്കു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ  ശനിയാഴ്ച രാവിലെ ഏഴോടെ ചവറ സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ്‌ ബസിൽ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുമായി ഗോകുലിനെ പിടികൂടിയത്‌.  ബംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്കുള്ളതായിരുന്നു ബസ്‌. 
ക്രിസ്റ്റൽ മെത്ത്‌ എന്നറിയപ്പെടുന്ന മെത്തലിൻ ഡയോക്സി മെറ്റ ആം വിറ്റമിൻ അൽപ്പം ഉപയോഗിച്ചാൽ പോലും മണിക്കൂറോളം ലഹരി നിലനിൽക്കും. ഗ്രാമിന്‌ 10,000 രൂപയ്ക്ക്‌ ബംഗളൂരുവിലെ ഏജന്റ്‌ മുഖാന്തിരം വാങ്ങിയതാണെന്നും നാട്ടിൽ മില്ലിഗ്രാമിന്‌ 1000 രൂപയ്ക്ക്‌ കോളേജ് വിദ്യാർഥികൾക്ക് വിൽക്കാറുണ്ടെന്നും ഗോകുൽ സമ്മതിച്ചു. വെള്ളത്തിൽ കലക്കി കുടിക്കാറുണ്ടെന്നും സിറിഞ്ച്‌ ഉപയോഗിച്ച്‌ കുത്തിവയ്ക്കാറുണ്ടെന്നും ഇയാൾ പറഞ്ഞു. കൊല്ലം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ നൗഷാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ടി രാജീവ്, പൊലീസ് ഉദ്യോഗസ്ഥരായ നിഷാദ്, ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, കെ മനു എന്നിവർ 
പങ്കെടുത്തു. 
പ്രധാന വാർത്തകൾ
 Top