05 December Thursday

ജഡ്‌ജിയുടെ അയൽക്കാരന്റെ പേരില്‍ വ്യാജരേഖ; തട്ടിപ്പുകാരൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

നാദിർഷ

കൊല്ലം
ജഡ്‌ജിയുടെ അയൽക്കാരന്റെ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി ജാമ്യം നിന്നയാൾ പിടിയിൽ. ഒളിവിലായിരുന്ന തിരുവനന്തപുരം വെള്ളായണി ചാനൻകരയിൽ നാദിർഷ (56)യാണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. 2012ൽ പാരിപ്പള്ളി സ്റ്റേഷനിൽ മോഷണക്കേസിൽ പിടിയിലായ പ്രതിക്ക് ജാമ്യംനിന്ന കേസിലാണ് അറസ്റ്റ്‌.  കരമടച്ച വ്യാജ രസീതും തിരിച്ചറിയൽ കാർഡും തയ്യാറാക്കിയാണ് ഇയാൾ പ്രതിക്ക് കോടതിയിൽ ജാമ്യംനിന്നത്.  ഒമാനിൽ ജോലി ചെയ്യുന്ന നെയ്യാറ്റിൻകര സ്വദേശി മനോഹരൻനായരുടെ തിരിച്ചറിയൽ കാർഡിൽ ചിത്രം മാറ്റി നാദിർഷ മോഷണക്കേസിലെ പ്രതിക്ക് ജാമ്യം നിന്നു. പ്രതി ഹാജരാകാഞ്ഞതോടെ കോടതി ജാമ്യക്കാരുടെ വിവരം അന്വേഷിച്ചു. അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് തിരിച്ചറിയൽ കാർഡ്‌ പരിശോധിച്ചപ്പോൾ ജാമ്യക്കാരൻ തന്റെ അയൽക്കാരനായ മനോഹരൻനായരാണെന്ന് മനസ്സിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ്‌ കണ്ടെത്തിയത്‌. സംഭവം പുറത്തായതോടെ നാദിർഷാ ഒളിവിൽപ്പോയി.മോഷ്ടാവിനുവേണ്ടി ഹാജരായ അഭിഭാഷകനിൽ നിന്നാണ് നാദിർഷയെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തിരുവനന്തപുരം, കണ്ണൂർ, തൃശൂർ തുടങ്ങിയ ജില്ലകളിലും മാവേലിക്കരയിലും സമാനമായ കേസിൽ ഇയാൾ പ്രതിയാണ്. വെസ്റ്റ് സിഐ ജി രമേശ്, എസ്ഐ എസ് ഷൈൻ, സിപിഒമാരായ അബുതാഹിർ, ബാസ്റ്റിൻ, ഷെമീർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top