26 July Monday

പത്തനാപുരത്ത്‌ കശുമാവിന്‍ തോട്ടത്തില്‍ സ്ഫോടകവസ്തുശേഖരം കണ്ടെത്തി

സ്വന്തം ലേഖകൻUpdated: Tuesday Jun 15, 2021

പത്തനാപുരം പാടത്തെ വനംവകുപ്പിന്റെ കശുമാവിന്‍ തോട്ടത്തില്‍ ബോംബ് സ്കാഡ് പരിശോധന നടത്തുന്നു

പത്തനാപുരം
വനംവകുപ്പിന്റെ  കശുമാവിന്‍ തോട്ടത്തില്‍ സ്ഫോടക വസ്തുശേഖരം കണ്ടെത്തി. പത്തനാപുരം പാടത്തെ കശുമാവിൻ തോട്ടത്തിലാണ്‌  ബോംബ് നിര്‍മാണത്തിനുള്ളതെന്നു സംശയിക്കുന്ന സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പകൽ പതിനൊന്നോടെയാണ്‌  സംഭവം. കശുമാവിന്‍ തോട്ടത്തില്‍ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ പതിവ്‌ പരിശോധന നടത്തുന്നതിനിടെയാണ്‌   രണ്ടു ജലാറ്റിന്‍ സ്റ്റിക്, നാല് ഡിറ്റനേറ്റര്‍,  ബാറ്ററികള്‍, മുറിഞ്ഞ വയറുകള്‍ എന്നിവ ചിതറിക്കിടക്കുന്ന  നിലയിൽ കണ്ടത്‌. ഉദ്യോഗസ്ഥർ ഉടൻ പത്തനാപുരം  പൊലീസിൽ വിവരമറിയിച്ചു. 
പുനലൂർ ഡിവൈഎസ്‌പി സന്തോഷ് കുമാർ,  പത്തനാപുരം സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും കൊല്ലത്തുനിന്ന്‌ എത്തിയ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും  സ്ഥലത്ത്‌ പരിശോധന നടത്തി. ബോംബ് സ്ക്വാഡ്‌ സ്‌ഫോടക വസ്‌തുക്കൾ കൂടുതല്‍ പരിശോധനയ്‌ക്കായി കൊണ്ടുപോയി. 
പ്രദേശം പൊലീസ് നിയന്ത്രണത്തിലാണ്.  വരും ദിവസങ്ങളിൽ വനമേഖലയിലെ മറ്റു പ്രദേശങ്ങളിലും തെരച്ചിൽ നടത്തുമെന്ന്‌  റുറൽ എസ്‌പി കെ ജി രവി പറഞ്ഞു. മത തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടന പ്രദേശത്ത്‌ നേരത്തെ ക്യാമ്പ്‌ നടത്തിയിരുന്നതായി പൊലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്‌.  ഈ വഴിക്കും പൊലീസ്‌ അന്വേഷണം ആരംഭിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top