18 June Friday

പുരയിടത്തിൽ മനുഷ്യ 
അസ്ഥികൂടം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
സ്വന്തം ലേഖകന്‍
പുനലൂർ
വെഞ്ചേമ്പ്‌ കൂനംകോണത്ത് പുരയിടത്തിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൾ പലയിടത്തായി ചിതറിയ നിലയിൽ ആയിരുന്നു. ഇവിടെ താമസിച്ചിരുന്ന ജോൺ അഗസ്റ്റി (61)ന്റേതാണെന്നാണ് സംശയം. ഏതാനും മാസമായി ഇയാളെ പുറത്തുകാണാനുണ്ടായിരുന്നില്ല. സ്ഥലത്തുനിന്ന്‌ ജോണിന്റെ പാന്റും ഇയാൾ ബെൽറ്റിനു പകരമായി ഉപയോഗിച്ചിരുന്ന ഇരുമ്പുചങ്ങലയും കൈയിൽ ധരിച്ചിരുന്ന ഇരുമ്പുവളയും കണ്ടെത്തിയതാണ് അസ്ഥികൂടം ഇയാളുടേതാണെന്ന സംശയത്തിനു കാരണം. പുനലൂർ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. കൂടുതൽ പരിശോധനയ്ക്കായി അവശിഷ്ടങ്ങൾ കൊല്ലം ഗവ. മെഡിക്കൽകോളേജിലേക്ക്‌ അയച്ചു. 
മാനസികാസ്വാസ്ഥ്യമുള്ള ജോൺ പുരയിടത്തിലെ കുടിലിൽ ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നത്. ആക്രി പെറുക്കി വിറ്റും റബർ ടാപ്പു ചെയ്തുമായിരുന്നു ഉപജീവനം. കുടുംബവുമായോ നാട്ടുകാരുമായോ ബന്ധം പുലർത്തിയിരുന്നില്ല. കുറേക്കാലമായി ഇയാളെ പുറത്തേക്കു കാണാനില്ലെന്ന് അയൽവാസികൾ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് സഹോദരന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് അസ്ഥികൂടം കണ്ടെത്തിയത്. 
ഈ പുരയിടത്തിനടുത്ത് അറവുമാലിന്യങ്ങൾ തള്ളാറുണ്ട്‌. കഠിനമായ ദുർഗന്ധം ഉയരുന്ന ഇവിടം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രവുമാണ്. നിരന്തരം ദുർഗന്ധം ഉയരുന്നതു കൊണ്ടാകാം മൃതദേഹം അഴുകിയത്  ശ്രദ്ധയിൽപ്പെടാതിരുന്നതെന്നാണ് നിഗമനം. അസ്ഥികൾ പലയിടത്തായി ചിതറിയത് ശവശരീരം നായ്ക്കൾ കടിച്ചുവലിച്ചതുമൂലമാകാമെന്നും പൊലീസ് അനുമാനിക്കുന്നു. 
 പ്രദേശവാസികളുടെ മൊഴികളിൽനിന്ന്‌ അസ്വാഭാവിക മരണമാകാൻ സാധ്യതയില്ലെന്നാണ് കരുതുന്നതെന്ന്‌ പുനലൂർ പൊലീസ് സബ് ഇൻസ്പെക്ടർ ജെ രാജേഷ് പറഞ്ഞു.  പരിശോധനാ ഫലം വരുന്നതനുസരിച്ച് വിശദമായ അന്വേഷണം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top