26 March Tuesday

രാധാഭായി മടങ്ങി; 18 വർഷത്തിനുശേഷം

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
കൊല്ലം 
മാനസികരോഗ ബാധിതയായി കൊല്ലത്തെത്തിയ  ഉത്തർപ്രദേശുകാരി രാധാഭായിയെ നാട്ടിലേക്കയച്ചു. മകൻ രമേഷ‌് കുമാറിനൊപ്പമാണ‌് ഇവരെ  അയച്ചത‌്. 2008 മെയ് 16ന് ആണ‌് പൊലീസ‌് രാധാഭായിയെ മയ്യനാട്  എസ‌് എസ‌് സമിതി അഭയകേന്ദ്രത്തിൽ എത്തിച്ചത‌്.  ജില്ലാ ആശുപത്രിയിലെ ചികിത്സയുടെയും  അഭയകേന്ദ്രത്തിലെ പരിചരണത്തിന്റെയും ഫലമായി അവർ മാനസികാരോഗ്യം വീണ്ടെടുക്കുകയായിരുന്നു. 
അനാഥമന്ദിരങ്ങളിലെ ഇതരസംസ്ഥാനക്കാരെ സ്വന്തം വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആസ്പിയറിങ് ലീവ്സ്  എന്ന സ്ഥാപനത്തിന്റെ  മാനേജിങ‌് ട്രസ്റ്റി മനീഷ‌്കുമാറിന്റെ ഇടപെടലാണ‌് രാധാഭായിയുടെ ബന്ധുക്കളെ കണ്ടെത്താൻ സഹായിച്ചത‌്. ഉത്തർപ്രദേശിലെ അമേഠി ജില്ലയിലുള്ള മോഹൻഗഞ്ചിലെ പൊലീസ‌് സ്റ്റേഷനുമായി ബന്ധപ്പെട്ട‌്  കുടുംബാംഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു.  പുരെ ബയ്സൻ എന്ന ഗ്രാമത്തിലാണ് രാധാഭായി താമസിച്ചിരുന്നത്. ഫൂൽക്കല എന്നാണ‌് ഇവരുടെ ശരിയായ പേര‌്.  
ഫൂൽക്കല വീടുവിട്ടിറങ്ങിയിട്ട് 18 വർഷമായി. നാലുമക്കൾ ജനിച്ചശേഷം ഇവർ മാനസികരോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. പഞ്ചാബിൽ താമസിച്ചിരുന്ന ഇവർ പിന്നീട് ഉത്തർപ്രദേശിലേക്ക് താമസംമാറ്റി. മൂന്നുവർഷത്തോളം  ചികിത്സിച്ചു. ഭർത്താവ‌് രാംഫേർ പഞ്ചാബിൽ ശിരസ‌്തദാർ ആണ്‌.   
 പലതവണ വീടുവിട്ടുപോയ രാധാഭായി തിരിച്ചുവരാറുണ്ടായിരുന്നു. എന്നാൽ, 18 വർഷം മുമ്പ‌് ഇറങ്ങിപ്പോയ അവരെക്കുറിച്ച‌് പിന്നീട‌് വിവരമൊന്നും ലഭിച്ചില്ലെന്ന‌് ബന്ധുക്കൾ പറഞ്ഞു. രാധാഭായിയെ കാണാതായി കുറച്ചുവർഷങ്ങൾ കഴിഞ്ഞ് ഭർത്താവ‌് രാംഫേർ മറ്റൊരു വിവാഹംകഴിച്ചു. വീഡിയോ കോൾ മുഖേന ഭാര്യയെ കണ്ടിട്ട‌് രാംഫേറിന‌് ആദ്യം തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇവരുടെ കാലിലെ അടയാളം കണ്ടാണ‌് അദ്ദേഹം തിരിച്ചറിഞ്ഞത‌്. 
കുവൈത്തിലായിരുന്ന മകൻ രമേഷ‌്കുമാറും വീഡിയോ കോൾ മുഖേനയാണ‌് അമ്മയെ തിരിച്ചറിഞ്ഞത‌്.  വിമാനമാർഗമായിരുന്നു മടക്കയാത്ര.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top