24 February Monday
ഒരാൾക്കു ഗുരുതര പരിക്ക്‌

ചാത്തന്നൂരിൽ മിനിലോറിയും ഓട്ടോയും കൂട്ടിയിടിച്ച് 2 മരണം

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020
 
ചാത്തന്നൂർ
ഓട്ടോറിക്ഷയും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഒരാൾക്ക്‌ ഗുരുതര പരിക്കേറ്റു. ഓട്ടോറിക്ഷാ  യാത്രക്കാരി തൃക്കടവൂർ കുരീപ്പുഴ വലിയേഴത്ത് പുതുവൽ വീട്ടിൽ യേശുദാസന്റെ ഭാര്യ തങ്കമ്മ (മെറ്റിൽഡ, 60), ഓട്ടോ ഡ്രൈവർ മതിലിൽ നമ്പാരത്ത് ബൈജുഭവനിൽ  ജോസഫിന്റെ മകൻ ബൈജു (43) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ തങ്കമ്മയുടെ സഹോദരി വിമലയെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ദേശീയപാതയിൽ ചാത്തന്നൂർ സ്‌റ്റാൻഡേർഡ്‌ ജങ്ഷനും ഇത്തിക്കര പാലത്തിനും ഇടയിൽ വെള്ളിയാഴ്‌ച പുലർച്ചെ 5.45ന്‌ ആയിരുന്നു അപകടം.
കൊല്ലത്തുനിന്ന്‌ ചാത്തന്നൂരിലേക്കു പോയ ഓട്ടോയിൽ തിരുവനന്തപുരം ഭാഗത്തുനിന്ന്‌ പൈപ്പുമായി വന്ന മിനിലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായി തകർന്നു. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ ഹൈവേ പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ്‌ ഓട്ടോയിൽ കുടുങ്ങിക്കിടന്ന മൂന്നുപേരെയും പുറത്തെടുത്തത്‌. 
തങ്കമ്മയും വിമലയും ചാത്തന്നൂർ ബസ്‌ സ്റ്റാൻഡ്‌ പരിസരത്ത്‌ 40 വർഷമായി മത്സ്യവിൽപ്പന നടത്തുന്നവരാണ്‌. രാവിലത്തെ കച്ചവടത്തിന് നീണ്ടകര ഹാർബറിൽനിന്ന്‌ മത്സ്യമെടുത്ത്‌ ബൈജുവിന്റെ ഓട്ടോയിൽ വരികയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി  കൊല്ലം പാരിപ്പള്ളി മെഡിക്കൽകോളേജ്‌ ആശുപത്രിലേക്കു മാറ്റി. തങ്കമ്മയുടെ ഭർത്താവ് യേശുദാസൻ നിർമാണത്തൊഴിലാളിയാണ്. മക്കൾ: ഡയാന, സിന്ധു. മരുമക്കൾ: ബിജു സെബാസ്റ്റ്യൻ, ആൻസൻ. തങ്കമ്മയുടെ സംസ്കാരം പിന്നീട്. കൊല്ലം ഹൈസ്‌കൂൾ ജങ്ഷനിലെ ഓട്ടോ ഡ്രൈവറാണ്‌ ബൈജു. ഭാര്യ: റോസി. സഹോദരൻ: റോബർട്ട്. സംസ്‌കാരം തിരുവനന്തപുരം ശംഖുമുഖത്തിനടുത്ത്‌ കണ്ണാന്തുറ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയിൽ നടന്നു.
പ്രധാന വാർത്തകൾ
 Top