22 October Tuesday

റാമ്പിൽ ശ്യാംഖാൻ ടച്ച്‌

അനൂപ്‌ ഷാഹുൽUpdated: Saturday Sep 14, 2019
 
ചവറ
ഫാഷൻരംഗത്ത്‌ തിളങ്ങി കൊല്ലത്ത്‌ നിന്നൊരു മിടുക്കൻ. ഡൽഹിയിൽ നടന്ന മിസ് ഇന്ത്യ ഇന്റർ കോണ്ടിനന്റൽ ഷോയുടെയും മിസ് ഇന്ത്യ എർത്തിന്റെയും ഷോ ഡയറക്ടറായി പ്രശസ്‌തനാകുകയാണ്‌ പന്മന വടുതല കണിയാന്റയ്യത്ത് ഹൗസിൽ ശ്യാംഖാൻ. 
എൻജിനിയറിങ്‌ പഠനത്തിനായി ജലന്തറിലെത്തിയ ശ്യാം പിന്നീട്‌ ഫാഷൻ രംഗത്തേക്ക്‌ കടക്കുകയായിരുന്നു. 2013ൽ കോളേജിൽ നടന്ന ഫാഷൻ ഷോയിൽ പങ്കെടുത്തതാണ്‌ വഴിത്തിരിവായത്‌. ഡൽഹിയിലേക്ക്‌ ഫാഷൻ ഷൂട്ടിന്‌ തെരഞ്ഞെടുത്തെങ്കിലും ചെലവ് താങ്ങാനാകാതെ പോകാൻ മടിച്ചു. പക്ഷേ സുഹൃത്തുക്കൾ തുക കണ്ടെത്തി നൽകി. ഇത്‌ ഫാഷൻ ലോകത്തേക്കുള്ള തുടക്കമായി. ഫോട്ടോ ഷൂട്ട് വിജയകരമായതോടെ മോഡലിങ്‌ രംഗത്തും ശ്യാം കൈവെച്ചു. മെക്കാനിക്കൽ എൻജിനിയറിങ് പൂർത്തിയാക്കിയ ശേഷം കോർപറേറ്റ് കമ്പനിയിൽ ജോലി ലഭിച്ചെങ്കിലും ഫാഷനിങ്ങിൽ തുടർന്നു. 2015ൽ ആദ്യ ഷോ ഡയറക്ടറായി.  വലിയ ഷോ നടത്താൻ  ഏകദേശം 30 ലക്ഷവും ചെറിയ ഷോയ്‌ക്ക്‌  10 ലക്ഷവും ചെലവ് വരുമെന്ന്‌ ശ്യാം പറയുന്നു. 
കെഎംഎംഎൽ കമ്പനിയിൽനിന്ന്‌ റിട്ടയർ ചെയ്ത അച്ഛൻ അബ്ദുൽ ഷുക്കൂറും അമ്മ ഷൈജയും എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്‌. കേരളത്തിൽ സജീവ സാന്നിധ്യമാകാൻ പെൺകുട്ടികളുടെ ഫാഷൻ ഷോ നടത്തുന്നതിന്റെ തിരക്കിലാണ് ശ്യാം. കൊച്ചിയിൽ ഒക്ടോബറിൽ  സംഘടിപ്പിക്കും. നവംബറിൽ മിസ് ഇന്ത്യ ഇന്റർനാഷണലിലാണ്‌ ശ്യാമിന്റെ അടുത്ത ഫാഷൻ ഷോ.  
പ്രധാന വാർത്തകൾ
 Top