17 October Thursday

കടലിലെ പത: അപകടമില്ലെന്ന് കുഫോസ് പഠനം

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

 

കൊല്ലം
ജില്ലയുടെ തീരപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയ പത സ്വാഭാവിക പ്രതിഭാസം മാത്രമാണെന്നു കണ്ടെത്തി. ആശങ്കയ്ക്ക് ഇടയാക്കുന്ന സാഹചര്യം ഇല്ലെന്നാണ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ‌് ഓഷൻ സ്റ്റഡീസ് (കുഫോസ്) നടത്തിയ പഠനത്തിൽ വ്യക്തമായത്. കുഫോസ് സംഘം പത കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചാണ് ശാസ്ത്രീയ നിഗമനത്തിൽ എത്തിയത്. 
ജലത്തിനൊപ്പം ചെളിയുടെ സാമ്പിളുകളും പരിശോധനയ്ക്കു വിധേയമാക്കി. ശക്തമായ കാറ്റ്, തിരമാല എന്നിവ കാരണം ജൈവ വസ്തുക്കൾ കലങ്ങിയാണ് പതയായി രൂപം കൊണ്ടത്. അമിത അളവിൽ മാലിന്യം കലർന്നതും കാരണമായി. ബ്രേക്ക് വാട്ടർ പ്രദേശത്താണ് ഈ സാഹചര്യം കൂടുതലായി കണ്ടെത്തിയത്. 
കാർബോ ഹൈഡ്രേറ്റ്, ഫ്രീ അമിനോ ആസിഡ്, ഓർഗാനിക് നൈട്രജൻ, നോക്ടിലൂക്കാ, പ്ലവഗങ്ങൾ എന്നിവ അമിത അളവിൽ ജലത്തിൽ കലങ്ങിയിട്ടുണ്ട്. ഓർഗാനിക് കാർബൺ, നൈട്രൈറ്റ്, അമോണിയ എന്നിവയും ക്രമാതീതമായി ചെളിയിലും ജലത്തിലും കലർന്നു. അമ്ലഗുണം ഏറുന്ന സാഹചര്യമാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടത്. എന്നാൽ, പതയിൽ വിഷമയമില്ല എന്ന് ഈ ഘട്ടത്തിൽ ഉറപ്പിക്കാം. വിശദമായ തുടർപഠനം ഉണ്ടാകുമെന്നും കുഫോസ് ഗവേഷകസംഘം വ്യക്തമാക്കി. 
 പ്രൊഫസർമാരായ  എസ് സുരേഷ് കുമാർ, എസ് എം റാഫി,  ബേസിൽ മാത്യു, സിൻഡിക്കറ്റ് അംഗം ബേസിൽ ലാൽ ഹ്യൂബർട്ട്, ഗവേഷകരായ  ആർ ഗിരീഷ്, എസ് അതുൽ, എസ് സുദർശൻ, നിഖിൽ, ഋഷികേശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രധാന വാർത്തകൾ
 Top