24 February Monday

വിക്ടോറിയ ആശുപത്രി സൂപ്രണ്ടിനെ സസ്‌പെൻഡ്‌ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020
കൊല്ലം
വിക്ടോറിയ ആശുപത്രി സൂപ്രണ്ട് സൈജു ഹമീദിനെ സസ്‌പെൻഡ്‌ ചെയ്തു. അശാസ്‌ത്രീ ജോലി ക്രമീകരണത്തിലൂടെ ആശുപത്രി പ്രവർത്തനം സങ്കീർണമാക്കിയതു കൂടാതെ ആർദ്രം പദ്ധതിയെ അപമാനിച്ചതും സർക്കാരിന്റെ നയപരമായ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന സന്ദേശങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുമാണ് നടപടി.   
അനുമതിയില്ലാതെ വിദേശയാത്ര നടത്തിയത്‌ ഉൾപ്പെടെ നിരവധി പരാതികളും സൂപ്രണ്ടിനെതിരെ ലഭിച്ചിരുന്നു.  ആരോ​ഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ (വിജിലൻസ്) അന്വേഷണം നടത്തി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ.  സൈജു ഹമീദിന്റെ നടപടികൾ മൂലം ആശുപത്രി പ്രവർത്തനം താളംതെറ്റുന്നതായി ദേശാഭിമാനി റിപ്പോർട്ട്‌ ചെയ്‌തിരുന്നു.  
ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ  കൃഷ്ണവേണിക്കാണ്‌ പകരം ചുമതല. ഡോക്ടർമാരുടെ യോ​ഗം, സ്റ്റാഫ് മീറ്റിങ് എന്നിവ വിളിച്ചു ചേർക്കാത്തതും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർക്ക് എആർഎംഒ എന്ന തസ്തിക സൃഷ്ടിച്ച് ഹൗസ് സർജന്മാരുടെ അടക്കം ചുമതലകൾ നൽകിയതു മൂലം ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.  
നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന പരിപാടിയുമായി ബന്ധപ്പെട്ട് പ്രദർശിപ്പിച്ച ബാനറിൽ ധർമചക്ര ​ഗ്രീൻ ക്രെസെന്റ് ഇന്ത്യ എന്ന സംഘടനയുടെ പേര് പ്രദർശിപ്പിച്ചത് മേലധികാരികളുടെ അനുമതി വാങ്ങാതെയാണ്. കൂടാതെ ബാനറിൽ ദേശീയ പതാക തലകീഴായി പ്രദർശിപ്പിച്ചു.  
 
പ്രധാന വാർത്തകൾ
 Top