25 April Thursday

വാട്‌സാപ്‌ ഡിസിസി എന്ന്‌ പ്രവർത്തകർ; കോൺഗ്രസ‌് ഭാരവാഹിയോഗം ഇന്ന‌്

ജയൻ ഇടയ‌്ക്കാട‌്Updated: Thursday Sep 13, 2018

 കൊല്ലം

പേര‌് വെട്ടിയും തിരുത്തിയും ഉത്തരവ‌് ലഭിച്ചവരുടെ നിയമനം പലതവണ സ്റ്റേ ചെയ‌്തും വിവാദത്തിലായ ജില്ലയിലെ കോൺഗ്രസ‌് ബ്ലോക്ക‌്, മണ്ഡലം പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ എന്നിവർ വ്യാഴാഴ‌്ച കൊല്ലത്ത‌് ഒത്തുചേരുന്നു.
സംഘടനാ ഭാരവാഹികളെ കർമസജ്ജരാക്കാനും പ്രളയദുരിതബാധിതർക്ക‌ുള്ള ഭവനനിർമാണത്തെക്കുറിച്ച‌് ആലോചിക്കാനും കെപിസിസി നിർദേശപ്രകാരം ചേരുന്ന യോഗം ഡിസിസി നേതൃത്വത്തിന‌് കടുത്ത വെല്ലുവിളി ഉയർത്തുന്നു. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനം പൂർത്തീകരിച്ചശേഷം യോഗം ചേർന്നാൽ മതിയെന്നായിരുന്നു തീരുമാനമെങ്കിലും അത്തരം ഒരു യോഗം അടുത്തകാലത്തെങ്ങും ചേരാനാകില്ലെന്ന തിരിച്ചറിവിലാണ‌് ഡിസിസി പ്രസിഡന്റ‌് ബിന്ദുകൃഷ‌്ണയെ ത്രിശങ്കുവിലാക്കി പഴയ പട്ടികയിൽ ഉള്ളവരും പുതിയവരും ഒത്തുചേരുന്നത‌്. ഭാരവാഹി യോഗം പകൽ മൂന്നിന‌് സോപാനം ഓഡിറ്റോറിയത്തിൽ കെപിസിസി പ്രസിഡന്റ‌് എം എം ഹസ്സൻ ഉദ‌്ഘാടനംചെയ്യും. 
135 മണ്ഡലം പ്രസിഡന്റുമാരും 22 ബ്ലോക്ക്‌ ഭാരവാഹികളും 73 ഡിസിസി ഭാരവാഹികളുമുള്ള കൊല്ലം ജില്ലാ കോൺഗ്രസ‌് കമ്മിറ്റി പുതിയ ഭാരവാഹികളെ നിശ‌്ചയിക്കാൻ ആറുമാസം മുമ്പ‌് ആരംഭിച്ച നടപടിക്രമങ്ങൾ ഇപ്പോഴും പാതിവഴിയിലാണ‌്. 
പത്തനാപുരം, കൊട്ടാരക്കര നിയോജക മണ്ഡലങ്ങളിൽ പൂർ ണമായും പുനലൂർ, കുന്നത്തൂർ ഉൾപ്പെടെ പല മണ്ഡലങ്ങളിലും ഭാഗികമായും പ്രസിഡന്റുമാരുടെ നിയമനം തടസ്സപ്പെട്ടു. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതിക്കായിരുന്നു ജില്ലയിലെ പുനഃസംഘടനാ ചുമതല. വ്യക്തിപരവും സാമ്പത്തികവുമായ താൽപ്പര്യങ്ങൾ ഗ്രൂപ്പ‌് താൽപ്പര്യങ്ങൾക്ക‌് അതീതമായപ്പോൾ പുനഃസംഘടനാ സമിതിയുടെ തീരുമാനം ശക്തമായ എതിർപ്പിനിടയാക്കി. മാനദണ്ഡം ലംഘിച്ച‌് നടന്ന മണ്ഡലം പ്രസിഡന്റുമാരുടെ നിയമനം 
പലതവണ തിരുത്തേണ്ടിവന്നു. എഐസിസി പ്രസിഡന്റു വരെ എത്തിയ പരാതിയെ
ത്തുടർന്ന‌് ചില പ്രസിഡന്റുമാരുടെ നിയമനം കെപിസിസി മരവിപ്പിച്ചു. 
എ‐ഐ ഗ്രൂപ്പുകൾ പരസ‌്പരം ഭാരവാഹികളെ വീതംവച്ചപ്പോൾ കൊടിക്കുന്നിൽ സുരേഷിനെ അനുകൂലിക്കുന്നവർ തഴയപ്പെട്ടത‌് സംഘടനയ‌്ക്കുള്ളിൽ പ്രതിസന്ധി സൃഷ്ടിച്ചു. കൊടിക്കുന്നിലുമായി ആലോചിച്ചശേഷം മാത്രം പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളിലെ ഭാരവാഹിപ്രഖ്യാപനം നടത്തിയാൽ മതിയെന്ന തീരുമാനം നേതൃത്വത്തിൽനിന്ന‌് ഉണ്ടായി. പ്രളയദുരിതബാധിതരെ സഹായിക്കാൻ മണ്ഡലം പ്രസിഡന്റുമാർ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി തന്ത്രപരമായ നീക്കത്തിലൂടെ ഡിസിസി പ്രസിഡന്റ‌് ഒരാഴ‌്ചമുമ്പ‌് അർധരാത്രി മണ്ഡലം ഭാരവാഹികളുടെ നിയമനം നടത്താൻ ശ്രമിച്ചെങ്കിലും കെപിസിസി നീക്കം പരാജയപ്പെടുത്തി. സാമൂഹ്യമാധ്യമങ്ങളിൽ മാത്രം സാന്നിധ്യമാകുകയും സംഘടനാപ്രവർത്തനത്തിൽ പൂർണ പരാജയമാകുകയും ചെയ്യുന്ന ഡിസിസി പ്രസിഡന്റ‌് എന്ന പേര‌് ബിന്ദുകൃഷ‌്ണയ‌്ക്കു നേരെ ഉയരുന്നതിനിടെയാണ‌് യോഗം.  ദുരിതബാധിതമേഖലയിൽ സന്നദ്ധ പ്രവർത്തനത്തിന‌് ഇറങ്ങണമെന്ന കെപിസിസി നേതൃത്വത്തിന്റെ നിർദേശം ജില്ലയിലെ കോൺഗ്രസിന‌് നടപ്പാക്കാനായില്ല. വിരലിലെണ്ണാവുന്ന ഭാരവാഹികളുമായി പ്രസിഡന്റ‌് ബിന്ദുകൃഷ‌്ണ ആലപ്പുഴയിലെത്തി പടമെടുക്കുകയും എഫ‌്ബി പോസ്റ്റിടുകയും ചെയ‌്തത‌് മാത്രമാണ‌് ഡിസിസി നടത്തിയ സന്നദ്ധ പ്രവർത്തനം എന്ന വിമർശനം ശക്തമാണ‌് ഇപ്പോൾ. 
ജില്ലയിലെ കോൺഗ്രസ‌് പ്രവർത്തനം കുത്തഴിഞ്ഞ രീതിയിലാണെന്ന‌് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. നിയമനം ലഭിച്ച മണ്ഡലം പ്രസിഡന്റുമാരിൽ ചിലർ മണ്ഡലത്തിൽ താമസക്കാർപോലുമല്ല. പ്രവാസികളായവരും പുതിയ പട്ടികയിലുണ്ട‌്. 14 വർഷം കഴിഞ്ഞിട്ടും മണ്ഡലം പ്രസിഡന്റായി തുടരുന്നവരും നാലുവർഷം തികയുംമുമ്പ‌് സ്ഥാനം നഷ്ടമായവരും നിലവിൽ ഭാരവാഹികളായിട്ടുണ്ട‌്. 
കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിൽ ചേർന്ന കൊല്ലം ബ്ലോക്ക‌് കമ്മിറ്റി യോഗത്തിൽ വൈസ‌്പ്രസിഡന്റും ന്യൂനപക്ഷസെൽ ചെയർമാനുമായ അസീസ‌് ബ്ലോക്ക‌് പ്രസിഡന്റ‌് ആർ രമണനെ കടുത്ത ഭാഷയിൽ വിമർശിച്ചത‌ിന‌് കെപിസിസി ജനറൽസെക്രട്ടറി തമ്പാനൂർ രവിയും സെക്രട്ടറി മണക്കാട‌് സുരേഷും സാക്ഷികളായി. ഐ ഗ്രൂപ്പ‌ുകാരനാണ‌് രമണൻ. കെ മുരളീധരന്റെ വിശ്വ
സ‌്തനായ കോയിവിള രാമചന്ദ്രനെ മണ്ഡലം കമ്മിറ്റി യോഗത്തിൽ വിമർശിച്ചതിന്റെ പേരിൽ വി എം സുധീരനോട‌് ആഭിമുഖ്യം പുലർത്തുന്ന തൃക്കരുവ മണ്ഡലം പ്രസിഡന്റ‌് റഫീക്കിന‌് സ്ഥാനം നഷ്ടപ്പെട്ടു. 
ഡിസിസി വൈസ്‌ പ്രസിഡന്റ്‌ ജർമിയാസിന്റെ വിശ്വസ‌്തനായ തേവലക്കര പഞ്ചായത്ത‌് പ്രസിഡന്റ‌് ജോസ‌് ആന്റണിയെ ബിന്ദുകൃഷ‌്ണയുടെ നിർദേശപ്രകാരം കെപിസിസി സസ‌്പെൻഡ‌് ചെയ‌്തു. 
സംഘടനാകാര്യങ്ങളിൽ സമയോചിതവും നിഷ‌്പക്ഷവുമായ നിലപാടെടുക്കുന്നതിൽ പരാജയപ്പെടുന്ന ഡിസിസി പ്രസിഡന്റിന്റെ നടപടികൾ വ്യാഴാഴ‌്ച ചേരുന്ന യോഗത്തിൽ വിമർശനവിധേയമാകുമെന്നാണ്‌ സൂചന. ദുരിതബാധിതർക്ക‌് ഭവനപദ്ധതി യാഥാർഥ്യമാകണമെങ്കിൽ ഡിസിസി നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന നിലപാടിലാണ‌് ജില്ലയിലെ കോൺഗ്രസ‌് പ്രവർത്തകർ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top