27 May Wednesday

കൗൺസിൽ യോഗം: മാലിന്യമുക്ത നഗരമാകാൻ കൊല്ലം

സ്വന്തം ലേഖകന്‍Updated: Thursday Jun 13, 2019

 

കൊല്ലം
കൊല്ലം നഗരത്തെ ആറ് മാസത്തിനകം പൂർണമായും മാലിന്യരഹിത ശുചിത്വ നഗരമാക്കി മാറ്റുമെന്ന് മേയർ വി രാജേന്ദ്രബാബു. കൗൺസിൽ യോഗത്തിൽ അംഗങ്ങളുടെ ചർച്ചക്കുള്ള മറുപടിയിലായിരുന്നു മേയറുടെ പ്രഖ്യാപനം.  ഓപ്പറേഷൻ ഈസി വാക്കിൽനിന്ന് പിറകോട്ട് പോകില്ല. നഗരത്തിന്റെ ചടുലമായ വികസനത്തിന‌് ആവശ്യമായ കർമപദ്ധതികൾ കൗൺസിലിന്റെ മുഴുവൻ കൂട്ടായ്മയോടെ നടപ്പിലാക്കും.  മേയർ പറഞ്ഞു.
ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കണം
നഗരത്തെ മാലിന്യമുക്തനഗരമാക്കാൻ സർക്കാർ നിർദേശാനുസരണം ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിന്റെ സഹായത്തോടെ വിപുലമായി പദ്ധതി തയ്യാറാക്കും. പദ്ധതി ചർച്ച ചെയ്യുന്നതിന് പ്രത്യേക കൗൺസിൽ യോഗംചേരും. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽതന്നെ സംസ്കരിക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും ബയോബിന്നുകൾ സ്ഥാപിക്കും.ആദ്യ ഘട്ടത്തിൽ ഒരു ഡിവിഷനിൽ 1000 ബിന്നുകൾ എന്ന രീതിയിൽ 55,000 ബയോ ബിന്നുകൾ വിതരണംചെയ്യാനാണ‌് പദ്ധതി. ബിന്നുകൾ സ്ഥാപിക്കുന്നതിന് 90 ശതമാനം സബ്സിഡി നൽകും.1800 രൂപ വിലവരുന്ന ബയോബിന്നിന് 180 രൂപ മാത്രമാണ് ഗുണഭോക്താവിന് ചെലവാകുന്നത്. അജൈവ മാലിന്യങ്ങൾ വീടുകളിൽനിന്ന് ശേഖരിക്കുന്നതിന് പ്രത്യേകം സംവിധാനം, 55 ഡിവിഷനുകളിലും എയ്റോബിക് പ്ലാന്റുകൾ ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നതിനായി വാർഡുതല ശിൽപ്പശാലകൾ എന്നിവയും പദ്ധതിയിലുണ്ട‌്.
ഈസിവാക്ക് നേർവഴിയിൽ
ഓപ്പറേഷൻ ഈസി വാക്ക് കൃത്യതയോടെ നടപ്പിലാക്കും. നഗരസഭയുടെ ലാന്റ് അസൈൻമെന്റ് കമ്മിറ്റിയറിയാതെ ലിങ്ക് റോഡിനു സമീപത്തെ ഭൂമി സ്വകാര്യവ്യക്തിക്ക് പാട്ടംനൽകിയ കലക്ടറുടെ നടപടി റദ്ദുചെയ്യണമെന്ന് ആവശ്യപ്പെടും. ഇവിടുത്തെ കൈയേറ്റം അനധികൃതമാണ്. ഒഴിപ്പിച്ചവരിൽ അർഹരായവരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. നഗരഹൃദയത്തിൽതന്നെയുള്ള ഒരുസ്ഥലത്ത് ഇവരെ കേന്ദ്രീകരിപ്പിച്ച് വിപുലമായ ഒരു മാർക്കറ്റ്  തുടങ്ങാനാണ് ശ്രമിക്കുന്നത്. ഉപജീവനത്തിനായി വഴിയോര കച്ചവടത്തിനിറങ്ങിയവരെ വഴിയാധാരമാകാതെ സംരക്ഷിക്കും.നഗരത്തിൽ കാൽനടയാത്രക്കാർക്കും വികസനത്തിനും തടസ്സമായി നിൽക്കുന്ന അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത് തുടരും.
അനധികൃത കശാപ്പിന് അറുതി
അനധികൃത കശാപ്പുകാർ കടുത്ത നടപടികൾ നേരിടേണ്ടിവരും. പുരയിടങ്ങളിലും മാർക്കറ്റിലും അനധികൃതമായി മൃഗങ്ങളെ കശാപ്പുചെയ്യുന്നവരെ കണ്ടെത്താൻ പൊലീസിന്റെ  സഹായത്തോടെ ആരോഗ്യവകുപ്പ് പരിശോധന നടത്തും.ആധുനിക സംവിധാനമായ ഇഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച അറവുശാല ജൂലൈ ഒന്നിന് പ്രവർത്തനം തുടങ്ങും. അറവുശാലയിൽ നടത്തുന്ന പരിശോധനകൾക്കുശേഷം വെട്ടുന്ന ഇറച്ചി മാത്രമേ മാർക്കറ്റുകളിൽ വിൽക്കാൻ കഴിയു. ഇറച്ചി വിൽപ്പന കടകൾ ഗ്ലാസിട്ട് മറച്ച് ശുചിത്വമുള്ളതായിരിക്കണം. ജിവനക്കാർക്ക് യൂണിഫോം നൽകണം. മൃഗങ്ങളുടെ തലയും മറ്റുഭാഗങ്ങളും കടകൾക്ക‌് പുറത്ത് പ്രദർശിപ്പിച്ചാൽ നടപടിയുണ്ടാകും. കശാപ്പ്ചെയ്ത ശേഷം ഇറച്ചി തുറന്ന വാഹനത്തിൽ കൊണ്ടുപോകാൻ പാടില്ല. ഇക്കാര്യങ്ങൾ  ഇറച്ചി വ്യാപാരികളുമായി സംസാരിച്ച് ധാരണയിൽ എത്തിയിട്ടുണ്ട‌്.
നഗരം എൽഇഡിയിൽ തിളങ്ങും
നഗരത്തെ പൂർണമായും എൽഇഡി വെളിച്ചത്തിലാക്കാൻ നടപടികൾ പുരോഗമിക്കുന്നു. ഇ–-സ്മാർട്ട് കമ്പനിയുമായിഇതുസംബന്ധിച്ച‌് കരാറായി. മൂന്നു മാസത്തിനകം ലൈറ്റുകൾ സ്ഥാപിക്കാൻ കഴിയുംവിധം സർവേ തുടങ്ങി. പൂർത്തിയാകുന്ന മുറക്ക് ലൈറ്റിട്ടു തുടങ്ങും. ഹൈടെക് വികസനത്തിനൊപ്പം സൗന്ദര്യവൽക്കരണ നടപടികളും പൂർത്തിയാക്കും.
നികുതി കുടിശ്ശിക പിരിക്കുന്നതിന് ഈ മാസം തന്നെ അദാലത്ത് സംഘടിപ്പിക്കുമെന്ന് ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം എ സത്താർ, എസ് ഗീതാകുമാരി, പ്രിയദർശൻ, പി ജെ രാജേന്ദ്രൻ, ചിന്ത എൽ സജിത്, ടി ആർ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. യുഡിഎഫ് അംഗങ്ങളായ എ കെ ഹഫീസ്, മോഹനൻ, മീനുലാൽ, സലിം, പ്രസന്നൻ, ശാന്തിനി ശുഭദേവൻ, സൗഹൃദൻ, മീനാകമാരി, ഗിരിജസുന്ദർ, നിസാർ, എം എസ് ഗോപകുമാർ, രാജലക്ഷ്മി, പ്രശാന്ത്, വിനീത വിൻസന്റ്, ജനറ്റ് ഹണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top