18 October Friday

മഴക്കാല രോഗം: പ്രതിരോധവുമായി ആയുർവേദ വകുപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
കൊല്ലം
ജില്ലയിൽ മഴക്കാല രോഗങ്ങളെ നേരിടുന്നതിന് പ്രതിരോധ നടപടികളുമായി ആയുർവേദ വകുപ്പ്. എല്ലാ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും പ്രതിരോധ ചികിത്സാ മരുന്നുകൾ എത്തിച്ചു. കിടത്തി ചികിത്സയുള്ള ആശുപത്രികളിൽ ആവശ്യമെങ്കിൽ പനിവാർഡുകൾ ക്രമീകരിക്കും. ടാസ്‌ക്‌ഫോഴ്‌സിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ പ്രവർത്തനങ്ങളും നടത്താൻ മേഖലാ കൺവീനർമാരെ ചുമതലപ്പെടുത്തി. പകർച്ച വ്യാധികൾ ശ്രദ്ധയിൽപ്പെട്ടാൽ മെഡിക്കൽ ഓഫീസർമാർക്ക് റിപ്പോർട്ട് ചെയ്യണം.
മഴക്കാല രോഗങ്ങള്‍ക്കും വയറിളക്ക രോഗങ്ങൾക്കും സാധ്യതയുള്ളതിനാൽ ചുക്ക്, മല്ലി, മുത്തങ്ങാക്കിഴങ്ങ് തുടങ്ങിയവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കണം. കൊതുക്ജന്യരോഗങ്ങളെ നിയന്ത്രിക്കുന്നതിന് കൊതുകുകളുടെ ഉറവിടം നശിപ്പിക്കണം. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ വേപ്പെണ്ണ, പുകയിലക്കഷായ മിശ്രിതം എന്നിവ തളിക്കണം. അകിൽ, വയമ്പ്, ഗുഗ്ഗുലു, ചെഞ്ചല്യം തുടങ്ങിയവ കുന്തിരക്കവുമായി ചേർത്ത് പുകയ്ക്കാം. പനിയും മറ്റ് അനുബന്ധ ലക്ഷണങ്ങളും കണ്ടാൽ സ്വയം ചികിത്സ പാടില്ല. മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നതിനായി ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസ്- 0474 2763044, 9446525727 എന്നീ നമ്പരുകളിലേക്ക് വിളിക്കാമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അസുന്താമേരി അറിയിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top