27 June Thursday

40 ഹെക്ടറിൽ കശുമാവ് കൃഷിയുമായി തൊഴിലുറപ്പ‌് തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
കൊല്ലം
ഹൈവോൾട്ടേജ് വൈദ്യുതി ലൈൻ കടന്നുപോകുന്ന വഴിക്ക് പുല്ലുപോലും കിളിർക്കില്ലെന്ന് കരുതിയവർക്ക് തെറ്റി. 110 കെവി ലൈനിന് താഴെയുള്ള ഓയിൽ പാം ഇന്ത്യ കോർപറേഷന്റെ 40 ഹെക്ടറിൽ തളിർക്കുന്നത് 12,000 കശുമാവിൻ തൈകൾ. തൊഴിലും വരുമാനവും പ്രകൃതി സംരക്ഷണവും ഉറപ്പുവരുത്തി കശുവണ്ടി വ്യവസായത്തിനു കൈത്താങ്ങാകുന്ന പദ്ധതി ചടയമംഗലം ബ്ലോക്ക് പഞ്ചായത്താണ് നടപ്പാക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനമാണ് പൂർണമായും വിനിയോഗിക്കുന്നത്. ഈ വർഷാവസാനം 20,000 തൈകൾ നടുകയാണ് ലക്ഷ്യം. ഒന്നാംഘട്ടത്തിൽ 6,000 തൈകൾ നട്ടു. മൂന്ന് വർഷത്തിനുള്ളിൽ കായ്‌ക്കുന്ന അധികം ഉയരത്തിൽ വളരാത്ത അത്യുല്‍പ്പാദന ശേഷിയുള്ള കശുമാവിൻ തൈകളാണിവ. 4,000 കശുമാവിൻ തൈകൾ കൂടി ഓയിൽപാം പരിസരത്തും  4000 തൈകൾ കോട്ടുക്കൽ ജില്ലാ കൃഷി ഫാമിലുമാണ് നടുക. കശുവണ്ടി വികസന കോർപറേഷന്റെ കൊട്ടിയം ഫാക്ടറിയിലെ നഴ്‌സറിയിൽ ഉല്‍പ്പാദിപ്പിച്ച കശുമാവിൻ തൈകൾ സൗജന്യമായാണ് പദ്ധതിയിലേക്ക് ലഭ്യമാക്കുന്നത്. കൂലിയിനത്തിൽ നൽകുന്ന മൂന്നുകോടിയലധികം രൂപയാണ് പദ്ധതിക്കുള്ള ആകെ ചെലവ്. തൈകൾ നടുന്നതിനൊപ്പം പരിപാലന ചുമതലയും തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകിയിട്ടുണ്ട്. ദിവസവും ഇരുന്നൂറിലേറെ പേർക്ക് ഇവിടെ ജോലി ലഭിക്കുന്നു.
ചിതറ, ഇട്ടിവ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 30,000 തൊഴിൽദിനങ്ങൾ ഇതുവരെ ലഭിച്ചു. പദ്ധതി പൂർത്തിയാകുമ്പോൾ ഇത‌് ഒന്നര ലക്ഷമാകും. ജല ദൗർലഭ്യം കണക്കിലെടുത്ത് ഓയിൽപാം പരിസരത്ത്  പുതിയ കുളം നിർമിച്ചു. നാല് കുളങ്ങൾ കൂടി പദ്ധതിയുടെ ഭാഗമായി നിർമിക്കും. തൈകൾ വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ 1000 ഹെക്ടർ സ്ഥലത്ത് നിർമിച്ച ജൈവവേലി പ്രകൃതി സംരക്ഷണത്തിനുള്ള വേറിട്ട പ്രവർത്തനമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top