23 May Thursday

ഓടയിൽക്കാവ് തമിഴ് മക്കൾക്ക് “തായ് മണ്ണ്’

സനൽ ഡി പ്രേംUpdated: Wednesday Sep 12, 2018
കൊല്ലം 
വീടിന്റെ പിന്നാമ്പുറത്തും തെരുവിലും വലിച്ചെറിയുന്ന പാട്ടയും പേപ്പറും പെറുക്കി ജീവിതം മെനയുന്ന തമിഴ്നാട്ടുകാർക്ക് ഓടയിൽക്കാവ് പുരയിടം “തായ് മണ്ണ്’. തിരുനെൽവേലി തേവർകുളം ഗ്രാമം പറിച്ചുനട്ടതാണ് നഗരസഭ  കന്റോൺമെന്റ് 44﹣ാം ഡിവിഷനിലെ ഓടയിൽക്കാവ് പുരയിടം. 
നാൽപ്പതു വർഷം മുമ്പ‌് അവൽ കച്ചവടത്തിനെത്തിയ തേവർകുളത്തുകാരുടെ പിന്മുറക്കാരായ നൂറോളം കുടുംബങ്ങളാണ് ഓടയിൽക്കാവിൽ താമസം. അവലും പലഹാരവും നിറച്ച ചൂരൽവട്ടി തലച്ചുമടാക്കി നിരയായി പോകുന്ന തമിഴ് സ്ത്രീകൾ കൊല്ലം നഗരത്തിലെ പുലർകാല കാഴ്ച. സോർട്ടക്സ് മെഷീന്റെ വരവിൽ  അവൽ കച്ചവടം നഷ്ടത്തിലായതോടെ വീട് പുലർത്താൻ പുരുഷന്മാർ ആക്രിക്കച്ചവടത്തിനിറങ്ങി. ആക്രി പെറുക്കി ധനികരായവരുടെ കഥകളും ഇവിടത്തെ നാട്ടുവർത്തമാനം. 
നഗര പ്രദേശത്തെ വീടുകളിൽനിന്ന് പേപ്പറും ആക്രിയും ശേഖരിക്കാനെത്തുന്നവർ ഓടയിൽക്കാവിലെ തമിഴ് മക്കൾ. വാടകയ്ക്കെടുത്ത മുച്ചക്ര സൈക്കിളിൽ ദിവസവും പുലർച്ചെ ആക്രി പെറുക്കാനിറങ്ങും. വൈകിട്ട് തിരികെയെത്തുമ്പോൾ വണ്ടിനിറയെ പേപ്പറും പ്ലാസ്റ്റിക്കും ഇരുമ്പും തുരുമ്പുമൊക്കെയുണ്ടാകും. ചെറിയ വില നൽകിയെടുക്കുന്ന ആക്രി സാധനങ്ങൾ മൊത്തക്കച്ചവടക്കാർക്ക് നൽകും. ഓടയിൽക്കാവ് പുരയിടത്തിൽ ആക്രി സാധനങ്ങൾ വാങ്ങുന്ന അഞ്ചോളം മൊത്തക്കച്ചവടക്കാരുണ്ട്. അവരെല്ലാം തേവർകുളം ഗ്രാമത്തിന്റെ ഇളംതലമുറക്കാർ. പാരമ്പര്യമായി കൈമാറിക്കിട്ടിയ ആക്രി വ്യാപാരം കൈവിടാതെ നടത്തുന്നവർ. 
ഓടയിൽക്കാവിൽ 30 വർഷമായി ആക്രി മൊത്തക്കച്ചവടം നടത്തുന്ന കുമാറിന്റെ കീഴിൽ ഇരുപത്തഞ്ചോളം പേരാണ് മുച്ചക്ര സൈക്കിളിൽ ആക്രി പെറുക്കാൻ പോകുന്നത്. ആക്രി സാധനങ്ങൾ മൊത്തത്തിൽ കരുനാഗപ്പള്ളിയിലെയും ഉമയനല്ലൂരിലെയും ഏജന്റുമാർ വാങ്ങും. പ്ലാസ്റ്റിക്കും ഇരുമ്പും തമിഴ്നാട്ടിലെ ഫാക്ടറികളിലെത്തിച്ച് പുനരുൽപ്പാദന പ്രക്രിയയിലൂടെ പുതിയ ഉൽപ്പന്നമായി കേരളത്തിലെ മാർക്കറ്റുകളിലെത്തും. വീടുകളിൽനിന്ന് ശേഖരിക്കുന്ന ഉപയോഗശൂന്യമായ ഇരുചക്രവാഹനങ്ങൾ പൊളിച്ച് ഉപയോഗിക്കാവുന്ന ഭാഗങ്ങൾ അതേപടി വിൽക്കുന്ന  കടകളും നഗരത്തിലുണ്ട്. 
മഴയത്ത് നഗരത്തിലെ മലിനജലം ഒഴുകിയെത്തുന്ന ഓടയിൽക്കാവ് പുരയിടത്തിലെ കട്ട കെട്ടിയ ഒറ്റമുറി വാടക വീടുകളിലാണ് 150 കുടുംബം താമസിക്കുന്നത്. 20 വർഷം മുമ്പ് തിരുനെൽവേലിയിൽനിന്നെത്തി അവൽ കച്ചവടം നടത്തുന്ന മുത്തുരാജും (42), ഭാര്യ മീനയും മക്കൾ വർഷയും(പത്താം ക്ലാസ്), മാതേഷും(ആറാം ക്ലാസ‌്) അടങ്ങുന്ന നാലംഗ കുടുംബവും ഒറ്റമുറി വീട്ടിലാണ് താമസം. 1000 രൂപയാണ് വാടക. ഇത്രയും കുടുംബത്തിനായി ഒരു കിണറും രണ്ടു ശുചിമുറിയും മാത്രം. കുളിയും അലക്കുമെല്ലാം കിണറിന്റെ കരയിൽ. മഴപെയ്താൽ അഴുക്കുവെള്ളം മുറ്റത്ത് നിറയും. മഴക്കാലത്ത് നരക ജീവിതമാണിവർക്ക്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാൻ കെട്ടിടം ഉടമ തയ്യാറല്ലെന്നാണ് ഇവരുടെ പരാതി. 
നിറയെ ഓലക്കുടിലുകളായിരുന്ന ഇവിടെ 16 വർഷം മുമ്പ് തീപിടിത്തമുണ്ടായി. രണ്ടു കുഞ്ഞുങ്ങൾ വെന്തുമരിച്ചു. അതേത്തുടർന്നാണ് ഉടമ കട്ടകെട്ടിയ മുറികൾ നിർമിച്ച് വാടകയ്ക്കു നൽകിയത്. ആദ്യം 50 രൂപയായിരുന്നു വാടകയെന്ന് വൃദ്ധരായ അച്ഛനമ്മമാർക്കൊപ്പം ഒറ്റമുറി വീട്ടിൽ താമസിക്കുന്ന തിരുനെൽവേലി തേവർകുളം സ്വദേശി കുമാർ (37) പറഞ്ഞു.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top