25 September Friday
കൊല്ലം ഡിപ്പോയിൽ ജീവനക്കാർ ആശങ്കയിൽ

കെഎസ്‌ആർടിസി ഡ്രൈവർക്ക്‌ കോവിഡ്‌

സ്വന്തം ലേഖകൻUpdated: Wednesday Aug 12, 2020
കൊല്ലം
കെഎസ്‌ആർടിസി കൊല്ലം ഡിപ്പോയിലെ ഡ്രൈവർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. വാളത്തുംഗൽ സ്വദേശിയായ  ഡ്രൈവർക്കാണ്‌ ചൊവ്വാഴ്‌ച കൊല്ലം–-കുളത്തൂപ്പുഴ ബസിൽ ഡ്യൂട്ടിക്കിടെ കണ്ണനല്ലൂർ കുണ്ടമണിൽ എത്തിയപ്പോൾ കോവിഡ്‌ സ്ഥിരീകരിച്ച്‌ ആരോഗ്യ പ്രവർത്തകരിൽനിന്നും ഡിപ്പോയിൽനിന്നും ഫോൺവിളി എത്തിയത്‌. ഉടൻ ബസ്‌ നിർത്തി. യാത്രക്കാർ കുറവായിരുന്നു. ഡ്രൈവർക്ക്‌ കോവിഡ്‌ ആണെന്നറിഞ്ഞതോടെ യാത്രക്കാരും 
ആശങ്കയിലായി. 
ആരോഗ്യ പ്രവർത്തകരും പൊലീസുമെത്തി ഡ്രൈവറെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ടുപോയി. പലർക്കും സമ്പർക്കത്തിലൂടെ  വാളത്തുംഗലിൽ രോഗം സ്ഥിരീകരിച്ചിരുന്നു. കണ്ടെയ്ൻ‌മെന്റ്‌ സോണായിരുന്ന ഇവിടെ ആരോഗ്യവകുപ്പ്‌ നടത്തിയ ആന്റിജൻ പരിശോധനയിൽ ഡ്രൈവർക്ക്‌ നെഗറ്റീവായിരുന്നു. 
എന്നാൽ, രണ്ടാമത്തെ പരിശോധനാ ഫലമാണ്‌ പോസിറ്റീവായത്‌. ഡ്രൈവർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെ ബസും കൊല്ലം ഡിപ്പോയും ഫയർഫോഴ്‌സ്‌ അണുവിമുക്തമാക്കി. എന്നാൽ, മറ്റു ജീവനക്കാർ ആശങ്കയിലാണ്‌. ചൊവ്വാഴ്‌ച രാവിലെ ഡിപ്പോയിൽ ജീവനക്കാർക്കായി റാപ്പിഡ്‌ ടെസ്റ്റ്‌‌ നടക്കുന്നതിനിടെയാണ്‌ ഡ്രൈവർ ഡ്യൂട്ടിക്കായി എത്തിയത്‌. 280 ജീവനക്കാർക്കാണ്‌ ചൊവ്വാഴ്‌ച ഡിപ്പോയിൽ ടെസ്‌റ്റ്‌ നടത്തി‌. ഇവരിൽ ഇരുപത്തിയഞ്ചോളം പേരുമായി ഡ്രൈവർ സമ്പർക്കം പുലർത്തിയെന്നാണ്‌ സൂചന. അറുപതോളം ഡ്രൈവർമാർ എത്തിയ വെഹിക്കിൾ സൂപ്പർവൈസറുടെ ഓഫീസിലും സ്‌റ്റേഷൻ മാസ്‌റ്ററുടെ ഓഫീസലും ഡ്രൈവർ 
എത്തിയിരുന്നു. 
കണ്ടക്ടർ ഉൾപ്പെടെ രോഗിയുമായി ഏറ്റവും അടുത്ത്‌ സമ്പർക്കം പുലർത്തിയവരെ വീടുകളിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായി ഡിടിഒ മെഹബൂബ്‌ പറഞ്ഞു.  ഡിപ്പോ താൽക്കാലികമായി അടയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെഎസ്‌ആർടിഇഎ (സിഐടിയു) കൊല്ലം യൂണിറ്റ്‌ ഡിടിഒയ്‌ക്ക്‌ കത്ത്‌ 
നൽകി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top