16 January Saturday

കോവിഡിനെ തടുക്കും കൊല്ലത്തെ പൊലീസ്

സ്വന്തം ലേഖകന്‍Updated: Wednesday Aug 12, 2020
കൊട്ടാരക്കര
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിനു മാതൃകയായ കൊല്ലം റൂറല്‍ പൊലീസിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം.റൂറല്‍ മേഖലയില്‍ പൊലീസ് നടപ്പാക്കിയ മാര്‍ക്കറ്റ് കമ്മിറ്റി സംസ്ഥാനത്ത് എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി ചൊവ്വാഴ്ചത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യാപാരികളും തൊഴിലാളികളും പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനമാണ്‌ കോവിഡ് വ്യാപനം തടയുന്നതിൽ പ്രധാന പങ്കുവഹിച്ചത്‌. എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലെയും പൊതുമാര്‍ക്കറ്റുകളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നതിന്‌ മാര്‍ക്കറ്റ് റെഗുലേറ്ററി മാനേജ്മെന്റ്‌ കമ്മിറ്റി രൂപീകരിച്ചു. വ്യാപാരസ്ഥാപന പ്രതിനിധികള്‍, തൊഴിലാളികള്‍, ജനപ്രതിനിധികള്‍ എന്നിവരും കമ്മിറ്റിയിൽ അംഗങ്ങളാണ്‌. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്‌ മാര്‍ക്കറ്റ് എന്‍ഫോഴ്സ്മെന്റ്‌ സ്ക്വാഡിനെ തെരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റില്‍ കോവിഡ് പ്രോട്ടോകാള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
മാര്‍ക്കറ്റിലേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തും. വാഹനങ്ങള്‍ സമയക്രമം പാലിച്ച് സാധനങ്ങള്‍ ഇറക്കിയശേഷം നിശ്ചിത സമയത്തിനുള്ളില്‍ മാര്‍ക്കറ്റിനു പുറത്തേക്കു പോകണം. മാര്‍ക്കറ്റിലേക്കു വരുന്ന വാഹനങ്ങള്‍ മാര്‍ക്കറ്റിനു പുറത്ത് നിര്‍ത്തിയതിനുശേഷം അകത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പ്‌ വാഹനവും വാഹനത്തിലെ ജീവനക്കാരെയും പൂര്‍ണമായി അണുവിമുക്തമാക്കണം. മാര്‍ക്കറ്റിലെത്തുന്നവര്‍ കര്‍ശനമായും മാസ്ക് ധരിക്കണം. ഇതര സംസ്ഥാനത്തുനിന്നോ ജില്ലയില്‍നിന്നോ കൊണ്ടുവരുന്ന മത്സ്യങ്ങള്‍ക്ക് വിൽപ്പനാനുമതി ഇല്ല. ജില്ലയില്‍നിന്ന് മത്സ്യം വാങ്ങി വിൽക്കുന്ന വാഹനങ്ങള്‍ക്ക് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. മത്സ്യമാർക്കറ്റിൽ ഏർപ്പെടുത്തിയ ഇത്തരത്തിലുള്ള പ്രതിരോധ സംവിധാനമാണ് റൂറൽ പൊലീസിന് പ്രശംസ നേടിക്കൊടുത്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top