03 December Friday

വികസനം മലകയറും

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

പുനലൂർ താലൂക്കാശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
കൊല്ലം
കിഴക്കൻമേഖലയുടെ വികസനക്കുതിപ്പിനു വഴിയൊരുക്കുന്ന നടപടികളുമായി എൽഡിഎഫ്‌ സര്‍ക്കാര്‍. തെന്മല ഇക്കോ ടൂറിസം, കുളത്തൂപ്പുഴ റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ, കുളത്തൂപ്പുഴ മത്സ്യവിത്തുൽപ്പാദനകേന്ദ്രം, ചന്ദനക്കാവ് കശുമാവിൻതോട്ടം എന്നിവ സന്ദർശിച്ച് ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തി. ടൂറിസം വികസനം, മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനം, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ തുടങ്ങി മേഖലയുടെ സുസ്ഥിര വികസനത്തിന് സർക്കാരിന്റെ എല്ലാ പിന്തുണയും മന്ത്രി ഉറപ്പുനൽകി.  
പുനലൂർ താലൂക്കാശുപത്രിയിലെ ഓക്സിജൻ പ്ലാന്റ്, ആര്യങ്കാവ് നെടുമ്പാറയിലെ എച്ച്എംഎൽ റബർ ഫാക്ടറി എന്നിവയും മന്ത്രി ഉദ്ഘാടനംചെയ്‌തു. പി എസ് സുപാൽ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അം​ഗം എസ് ജയമോഹൻ, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തൊഴിലാളി നേതാക്കന്മാർ എന്നിവര്‍ ചര്‍ച്ചയിൽ പങ്കെടുത്തു.
രാജ്യത്തെ ആദ്യ ഇക്കോ ടൂറിസം പദ്ധതിയായ തെന്മലയെ അഞ്ചുവർഷംകൊണ്ട് ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി ആഗോള ടൂറിസം മാപ്പിൽ ഇടംനേടും വിധം വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. തെന്മലയുടെ വികസനത്തിന്‌ പ്രത്യേക യോ​ഗം ചേർന്ന് ടൂറിസം മന്ത്രിയുമായി ചർച്ച നടത്തും. ആവശ്യമായ ഫണ്ട് ലഭ്യമാക്കാൻ ഇടപെടും. നിലവിൽ സഞ്ചാരികൾക്ക് താമസ –-വിശ്രമ സൗകര്യങ്ങളുടെ അഭാവമുണ്ട്. റോഡുകളുടെ വികസനവും പ്രധാനമാണ്. ഡാം പരിസരത്ത് ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ ജലസേചന വകുപ്പുമായി ചർച്ചചെയ്ത് പ്രകൃതി സൗഹൃദമായി നവീകരിക്കും. കെടിഡിസിയുടെ താമസസൗകര്യവും കൂട്ടും.
കല്ലടയാറിലെ എക്കലും മണലും നീക്കി ആഴം വീണ്ടെടുക്കും. ഇതുവഴി ഖജനാവിലേക്ക് 5000 കോടി രൂപയെങ്കിലും ലഭിക്കുമെന്ന്‌ പഠന റിപ്പോർട്ടിൽ പറയുന്നു. നിർമാണമേഖലയ്ക്കുള്ള മണൽ ലഭിക്കുന്നതോടൊപ്പം തൊഴിലവസരവും കൂടും. തെന്മല ഡാമിന്റെ ആഴംകൂട്ടി ജലം സംഭരിച്ച് വരൾച്ചയെ പ്രതിരോധിക്കും.  
 
കുളത്തൂപ്പുഴ റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലാഭത്തിലാക്കാൻ ഇടപെടൽ. ഫാക്ടറികൾ നവീകരിച്ച് റബർ അധിഷ്ഠിത ഉൽപ്പന്നങ്ങളുണ്ടാക്കാൻ 2.50 കോടി അനുവദിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ലയങ്ങൾ നവീകരിക്കാൻ ഫണ്ട് അനുവദിക്കും. ഭവനപദ്ധതികൾ പൂർത്തിയാക്കാൻ തൊഴിൽവകുപ്പുമായി ബന്ധപ്പെട്ട് ക്രമീകരണം.
കുളത്തൂപ്പുഴ മത്സ്യവിത്തുൽപ്പാദനകേന്ദ്രത്തിന്റെ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തും. മത്സ്യക്കുഞ്ഞ് ഉൽപ്പാദനം പ്രതിവർഷം 30 ലക്ഷത്തിൽനിന്ന് 80 ലക്ഷമായി ഉയർത്തും. സംസ്ഥാനത്തിന് ആവശ്യമായ ഉൽപ്പാദനം സാധ്യമാക്കുംവിധം വലിയ ഹാച്ചറിയായി മാറ്റാൻ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തും. 
 
കശുമാങ്ങയിൽനിന്ന് ഫെനി ഉൽപ്പാദിപ്പിക്കാൻ കാഷ്യൂ കോർപറേഷൻ മുന്നോട്ടുവച്ച ശുപാർശയിൽ ആവശ്യമായ സഹായം ചെയ്യും. കാർഷികവിളകളിൽനിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങളെന്നത് സർക്കാരിന്റെ പ്രഖ്യാപിത നയത്തിൽ ഉൾപ്പെടുത്തിയാണ് ഇടപെടലുണ്ടാകുക. 
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കാഷ്യൂ കോർപറേഷൻ കശുമാവിൻതൈ വികസന ഏജൻസിയുടെ മുൻകൈയിൽ അഞ്ചുലക്ഷം കശുമാവിൻ തൈകൾ കിഴക്കൻമേഖലയിൽ വിതരണംചെയ്തു. ആ തൈകൾ എല്ലാം ഒന്നാംവർഷം കായ്ക്കുന്ന നിലയിലാണ്. അത്യുൽപ്പാദന ശേഷിയുള്ള കശുമാവിൻ തോട്ടങ്ങളും മന്ത്രി സന്ദർശിച്ചു. കശുമാവ്‌ കൃഷി പ്രോത്സാഹനത്തിന്‌ എല്ലാ സഹായവും ചെയ്യും. സബ്സിഡിയും നൽകും.
റബർ ഉൽപ്പാദനം കൂട്ടുന്നതിനും മൂല്യവർധിത ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിനും എല്ലാ സഹായവും നൽകും. തോട്ടങ്ങളിലെ ലയങ്ങൾ വൃത്തിയാക്കും. തൊഴിലാളികളുടെ ദുരിതം കുറയ്ക്കാൻ ഇടപെടും. എല്ലാ പ്ലാന്റേഷനുകളും ലാഭകരമാക്കാൻ റബർ അധിഷ്‌ഠിത വ്യവസായങ്ങൾക്ക് എല്ലാവിധ പ്രോത്സാഹനവും നൽകും. നഷ്ടത്തിലായ റബർ തോട്ടങ്ങൾക്ക് നികുതി ഇളവുകൾ പരി​ഗണനയിലാണ്. അതുവഴി തോട്ടവും തൊഴിലും സംരക്ഷിക്കാനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top