24 September Thursday

കരയ്‌ക്കണയ്‌ക്കാൻ ‘പോർട്ടബിൾ ജങ്കാർ’

സ്വന്തം ലേഖികUpdated: Tuesday Aug 11, 2020

പ്രളയസാധ്യത പരിഗണിച്ച്‌ അഗ്നിരക്ഷാസേന തയ്യാറാക്കിയ പോർട്ടബിൾ ജങ്കാറിന്റെ മാതൃക

കൊല്ലം
പ്രളയമുഖത്ത്‌ ഒറ്റപ്പെടുന്നവരെ കരയ്‌ക്കണയ്‌ക്കാൻ  ‘പോർട്ടബിൾ ജങ്കാർ’ റെഡി. ജില്ലയിലെ പ്രളയസാധ്യത പരിഗണിച്ച്‌ ‌അഗ്‌നിശമന സേനയാണ്‌ ‘ന്യൂജൻ ജങ്കാറു’മായി രക്ഷാപ്രവർത്തനത്തിന്‌ ഒരുങ്ങുന്നത്‌‌.  
മുള, ബാരൽ, കയർ എന്നിവ ഉപയോഗിച്ച്‌ ശാസ്ത്രീയമായി തയ്യാറാക്കുന്ന ജങ്കാറിൽ ഒരുസമയം ഒരുഡസൻ ആളുകളെ ‌കയറ്റാനാകും വിധമാണ്‌ രൂപകൽപ്പന. കന്നുകാലികളെ രക്ഷപ്പെടുത്താനും സൗകര്യമുണ്ട്‌.  
ജില്ലയിലെ അഗ്‌നിശമനസേനയുടെ‌ രണ്ട്‌ ഡിങ്കികൾ പ്രളയ രക്ഷാപ്രവർത്തനത്തിനായി‌ കോട്ടയം ജില്ലയിലേക്ക്‌ കൊണ്ടുപോയ സാഹചര്യത്തിലാണ്‌ പുത്തൻ ജങ്കാർ നിർമാണം എന്ന ആശയം പിറവിയെടുത്തതെന്ന്‌ ജില്ലാ ഓഫീസർ കെ ഹരികുമാർ പറഞ്ഞു.  
അപകടസ്ഥലത്ത്‌ മുള, ആറ്‌ ബാരൽ, 10 കിലോ കയർ എന്നിവ എത്തിച്ച്‌    15 മിനിറ്റിനുള്ളിൽ  ജങ്കാർ തയ്യാറാക്കി ‌രക്ഷാപ്രവർത്തനത്തിന്‌ ഇറങ്ങാനാണ്‌ പദ്ധതി. 10,000 രൂപയാണ്‌ നിർമാണച്ചെലവ്‌. 
കനത്ത മഴ പെയ്‌താൽ ഒഴുകിപ്പോകാതെ വെള്ളം കയറുന്ന പലപ്രദേശങ്ങളും ജില്ലയിലുണ്ട്‌. ഇവിടങ്ങളിൽ കുടുങ്ങിപ്പോകുന്നവർക്ക്‌ ഉൾപ്പെടെ ഇത്‌ സഹായകമാകും. ഇതിനൊപ്പം പ്ലാസ്‌റ്റിക്‌ കുപ്പികൾ ഉപയോഗിച്ച്‌ ലൈഫ്‌ജാക്കറ്റ്‌ നിർമിക്കുന്നതിനും പരിശീലനം നൽകും. ഒരു ജങ്കാർകൂടി നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ സേന. ആവശ്യമെങ്കിൽ  ജില്ലയിലെ എല്ലാ സ്‌റ്റേഷനുകളിലും ഇത്‌ തയ്യാറാക്കി രക്ഷാപ്രവർത്തനം കുറ്റമറ്റതാക്കുമെന്ന്‌ ‌ജില്ലാ ഓഫീസർ പറഞ്ഞു. 
ഇത്‌ തയ്യാറാക്കുന്നതിന്‌  ജില്ലയിലെ സിവിൽ ഡിഫൻസ്‌ ടീം അംഗങ്ങളായ 50 പേർക്ക്‌ ‌ ‌ പരിശീലനം  നൽകും. ആദ്യഘട്ടം 20 പേർക്കുള്ള  പരിശീലനം കടപ്പാക്കട ഓഫീസിൽ  തുടങ്ങി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top