23 September Wednesday

450 എടിഎമ്മുകളുടെയും ചില്ലുവാതിലുകൾ സുരക്ഷിതമല്ലെന്ന്‌

സ്വന്തം ലേഖികUpdated: Tuesday Aug 11, 2020
കൊല്ലം
ജില്ലയിലെ 450 എടിഎമ്മുകളുടെയും ചില്ലുവാതിലുകൾ സുരക്ഷിതമല്ലെന്നു‌ കണ്ടെത്തൽ. ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന നടത്തിയ പരിശോധനയിലാണ്‌ കണ്ടെത്തൽ. ജില്ലയിൽ വിവിധ ബാങ്കുകളുടേതായി 500 എടിഎമ്മാണുള്ളത്‌. കഴിഞ്ഞ ദിവസം രണ്ടാംകുറ്റി എസ്‌ബിഐ എടിഎം കൗണ്ടറിലെ ഗ്ലാസിൽ തലയടിച്ചു‌വീണ്‌ ‌കണ്ണനല്ലൂർ സ്വദേശിക്ക്‌ പരിക്കേറ്റ പശ്ചാത്തലത്തിലാണ്‌ പരിശോധന നടത്തിയത്‌. ജില്ലയിലെ എല്ലാ എടിഎമ്മുകളും പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകാൻ എല്ലാ ഫയർ സ്റ്റേഷൻ ഓഫീസർമാർക്കും ‌നിർദേശം നൽകിയിരുന്നു.    
പെരുമ്പാവൂരിൽ ബാങ്കിന്റെ ചില്ലുവാതിൽ തകർന്ന്‌ ചില്ല് ശരീരത്തിൽ തുളച്ചുകയറി യുവതി മരിച്ച സാഹചര്യത്തിൽ ജൂണിലാണ്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ചില്ലുവാതിലുകൾ സുരക്ഷിതമാക്കാൻ ഉത്തരവിട്ടത്‌‌. ഷോപ്പിങ് മാൾ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും സ്ഥാപിച്ചിരിക്കുന്ന ചില്ലുവാതിലുകൾ 45 ദിവസത്തിനകം മാറ്റാനായിരുന്നു‌ കലക്ടറുടെ ഉത്തരവ്. ഇതു‌ നടപ്പാക്കുന്നത്‌ നിരീക്ഷിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക്‌ ചുമതലയും നൽകി. എന്നാൽ, പരിശോധന ഫലപ്രദമായില്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ‌രണ്ടാംകുറ്റിയിലെ സംഭവം. 
അനീൽഡ്‌ ഗ്ലാസിൽ സ്ഥാപിച്ചിരിക്കുന്ന ചില്ലുവാതിലുകൾ 45 ദിവസത്തിനകം മാറ്റി ടെംപേർഡ്‌ ഗ്ലാസ്‌ ഘടിപ്പിക്കണമെന്നായിരുന്നു നിർദേശം. പകരം ദൃഢീകരിക്കപ്പെട്ട ടെംപേർഡ്‌, ടഫൻഡ്‌‌ ഗ്ലാസ്‌  ഉപയോഗിക്കണം.‌ ഗ്ലാസുകൾ ശ്രദ്ധിക്കുംവിധം അടയാളങ്ങളോ എഴുത്തുകളോ വേണം. വാതിൽ തുറക്കേണ്ട ദിശ കൃത്യമായി രേഖപ്പെടുത്തണം. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top