കൊല്ലം
കല്ലടയാർ കരകവിഞ്ഞതോടെ മൺറോതുരുത്തിലെ താണ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.. മത്സ്യകൃഷിയിടങ്ങളിൽ നിന്നും മത്സ്യങ്ങൾ കൂട്ടത്തോടെ ഒഴുകിപ്പോയത് കർഷകർക്ക് വൻ തിരിച്ചടിയായി.
തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് വെള്ളത്തിന്റെ ഗുണവ്യത്യാസത്താൽ നിരവധി മത്സ്യം ചത്തുപൊങ്ങി. ചെമ്മീൻ, കരിമീൻ, പൂമീൻ, ഞണ്ട് കൃഷികളിൽ ലക്ഷങ്ങളുടെ നഷ്ടം നേരിട്ടതായി കർഷകർ പറഞ്ഞു. കര കൃഷികളായ ചീനി, ചേമ്പ്, കാച്ചിൽ, വാഴ, ഇഞ്ചി, മഞ്ഞൾ എന്നിവയും വ്യാപകമായി നശിച്ചു. അടിയന്തര സാഹചര്യം നേരിടാൻ പഞ്ചായത്ത് ഓഫീസിൽ കൺട്രോൾ റൂം തുറന്നു. ഈ സ്ഥിതി തുടർന്നാൽ ചില പ്രദേശങ്ങളിൽ നിന്നും കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥ സംജാതമാകുമെന്ന് അധികൃതർ പറഞ്ഞു.