19 June Saturday

താലൂക്കാശുപത്രി, പട്ടയം, സ്‌റ്റാർച്ച്‌ ഫാക്ടറി

പി ആർ ദീപ്‌തിUpdated: Friday Jun 11, 2021
തുടർച്ചയായി അഞ്ചാംതവണ ജനപ്രതിനിധിയാകുന്നത്‌  ചരിത്രനേട്ടമാണല്ലോ,  ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിനു‌ പകരം നൽകാനുദ്ദേശിക്കുന്ന വികസനങ്ങൾ‌?
പത്തനാപുരം താലൂക്കാശുപത്രി നിർമാണത്തിനാണ്‌ മുഖ്യപരിഗണന. ഇതിന്‌ സ്ഥലം ഏറ്റെടുക്കൽ അന്തിമഘട്ടത്തിലാണ്‌. പ്ലാൻ സാങ്കേതികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്‌.   അനുമതി ലഭിച്ചാലുടൻ കിഫ്‌ബിക്ക്‌ സമർപ്പിക്കും. 76 കോടി രൂപയാണ്‌  അനുവദിച്ചത്‌. രണ്ടു‌ മാസത്തിനകം നിർമാണം തുടങ്ങും. എല്ലാ പിഎച്ച്‌സികൾക്കും എക്സ്‌–-റേ യൂണിറ്റ്‌ വാങ്ങിനൽകും. ഒന്നിന്‌ 22 ലക്ഷം രൂപയാണ്‌. ഒപ്പം എല്ലാ ആശുപത്രികൾക്കും ആംബുലൻസും ലഭ്യമാക്കും.   
മരച്ചീനി കർഷകർക്കുള്ള പദ്ധതിയെക്കുറിച്ച്‌?  
 മരച്ചീനിയിൽ നിന്ന്‌ മൂല്യവർധിത ഉൽപ്പന്നം നിർമിക്കാൻ ബജറ്റിൽ പദ്ധതിയുണ്ട്‌. അത്‌ പ്രയോജനപ്പെടുത്തും. സദാനന്ദപുരത്ത്‌ സ്റ്റാർച്ച്‌ ഫാക്ടറിക്ക്‌ സ്ഥലം കണ്ടെത്തിയിട്ടുണ്ട്‌. സ്റ്റാർച്ചിന്റെ വിപണിമൂല്യം കൂടി പരിശോധിച്ച്‌ പദ്ധതി നടപ്പാക്കും.  
പത്തനാപുരം, പിറവന്തൂർ പഞ്ചായത്തുകളിൽ പട്ടയം ലഭ്യമാക്കാൻ നടപടി?
അർഹരായവർക്ക്‌ പട്ടയം നൽകുക എന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ നയമാണ്‌. വനംമേഖല കൂടി ആയതിനാൽ മാങ്കോട്ട്‌ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണം.  ഇതിനായി  ശ്രമം നടക്കുന്നു. കനാൽ പുറമ്പോക്കിൽ താമസിക്കുന്നവർക്ക്‌ പട്ടയം ലഭ്യമാക്കാനുള്ള നടപടിയും പുരോഗമിക്കുന്നു. ഇതിനായുള്ള സർവേ പത്തനാപുരം വില്ലേജിൽ പൂർത്തിയാകുകയും പുന്നലയിൽ തുടരുകയുമാണ്‌. റവന്യൂ, ജലസേചന മന്ത്രിമാരുമായി ചർച്ചചെയ്‌ത്‌ പ്രശ്‌നം പരിഹരിക്കും. എല്ലാവർക്കും കൈവശരേഖ നൽകിയിട്ടുണ്ട്‌. 
കറവൂർ, മാങ്കോട്‌, ചെമ്പനരുവി ഭാഗങ്ങളിൽ ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കാനാകുമോ? 
കെ–-ഫോൺ സംവിധാനം നടപ്പാകുന്നതോടെ ഓൺലൈൻ പ്രശ്‌നത്തിനു‌ പരിഹാരമാകും. മൊബൈൽ ടവർ ഇല്ലാത്തതിനാൽ  ഈ പ്രദേശങ്ങളിൽ ഇന്റർനെറ്റ്‌ കവറേജ്‌ ലഭിക്കാൻ  ബുദ്ധിമുട്ടുണ്ട്‌.  
വന്യമൃഗശല്യം പരിഹരിക്കുന്നതിനെക്കുറിച്ച്‌?  
വൈദ്യുതി വേലി സ്ഥാപിക്കാൻ ഡിഎഫ്‌ഒമാരോട്‌ പ്രദേശിക തലത്തിൽ കരാർ ഉണ്ടാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്‌. എന്നാൽ, ഇത്‌ എത്രമാത്രം പ്രായോഗികമാണ്‌ എന്നത്‌ പ്രശ്‌നമാണ്‌. കാടിനുള്ളിൽ ആവശ്യത്തിന്‌ വെള്ളവും ഭക്ഷണവും ലഭ്യമാക്കിയാൽ വന്യമൃഗങ്ങൾ പുറത്തുവരില്ല.  ഫലവൃക്ഷങ്ങളും കിഴങ്ങുവർഗങ്ങളും വനത്തിൽ കൂടുതലായി  വളർത്തണം. വനംമന്ത്രിയായിരിക്കെ ചെമ്പനരുവിയിൽ നിർമിച്ച തടയണ ഇതിനു മാതൃകയാണ്‌. കൂടാതെ എട്ട്‌ തടയണകൾ നിർമിച്ച അച്ചൻകോവിലിൽ ഇതുവരെ ഒരു വന്യമൃഗവും  കാടിറങ്ങിയിട്ടില്ല. മതിലുകെട്ടുന്നതിനേക്കാർ നല്ലത്‌ ഇതാണ്‌.  
പുതിയ പദ്ധതികൾ? 
ശബരിമല തീർഥാടകർക്ക്‌ ചെമ്പനരുവിയിൽ ഇടത്താവളം ഒരുക്കണം. മണ്ഡലത്തിലെ ജലാശയങ്ങൾ വൃത്തിയാക്കി തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിൽ പാർക്കുൾപ്പെടെയുള്ള സൗകര്യം ഒരുക്കും. വിളക്കുടി പഞ്ചായത്തിലെ പള്ളിച്ചിറ ഒന്നേകാൽ കോടി വിനിയോഗിച്ച്‌ വൃത്തിയാക്കി ചുറ്റും വാക്ക്‌വേ തയ്യാറാക്കി ആളുകൾക്ക്‌ വൈകുന്നേരങ്ങളിൽ വിശ്രമിക്കാനും വ്യായാമം ചെയ്യാനും സൗകര്യം ഒരുക്കും. പെഡൽബോട്ട്‌ സൗകര്യവും ഉറപ്പാക്കും. ഇതിന്റെ പ്ലാൻ തയ്യാറായിട്ടുണ്ട്‌. 
    കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട്‌ കുട്ടികൾ മരിക്കുന്നത്‌ ഒഴിവാക്കാൻ നീന്തൽ പഠനത്തിന്‌ സ്വിമ്മിങ്‌ പൂൾ നിർമിക്കും. എല്ലാ കുട്ടികളെയും ഘട്ടംഘട്ടമായി നീന്തൽ പഠിപ്പിക്കാനാണ്‌ ലക്ഷ്യം. ഒപ്പം പുരുഷൻമാർക്കും സ്ത്രീകൾക്കും നീന്തൽ പഠിക്കാനും അവസരം ഒരുക്കും. കായികരംഗത്ത്‌  ഉറച്ച ചുവട്‌ വയ്‌പ്പിനായി ക്രിക്കറ്റും ഫുട്ബോളും ഒരുമിച്ച്‌ ഒറ്റ കോർട്ടിൽ പരിശീലിക്കാൻ അവസരം ഒരുക്കും. മാങ്കോട്‌  ഇത്തരം സൗകര്യം സ്ഥാപിക്കാനാണ്‌ ലക്ഷ്യം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top