21 August Wednesday
പൈങ്കുനി ഉത്സവം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കൊടിയേറി

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019
തിരുവനന്തപുരം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം ബുധനാഴ്ച രാവിലെ കൊടിയേറ്റത്തോടെ ആരംഭിച്ചു. 18-ന് രാത്രി സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിലെ വേട്ടക്കളത്തിൽ പള്ളിവേട്ട നടക്കും. 19-ന് വൈകിട്ട‌് ശംഖുംമുഖത്തേക്ക് ആഘോഷമായ ആറാട്ട് എഴുന്നള്ളത്ത് നടക്കും. ആറാട്ടിനുശേഷം രാത്രി ഉത്സവത്തിന് കൊടിയിറങ്ങും. എട്ടാം ഉത്സവദിവസമായ 17-ന് വൈകിട്ട‌് അഞ്ചിന് അമ്പലപ്പുഴക്കാരുടെ ആചാരപ്രകാരമുള്ള വേലകളി കിഴക്കേനടയിൽ അരങ്ങേറും. രാത്രി 8.30ന് ഉത്സവശീവേലിയിൽ വലിയകാണിക്ക ഉണ്ടായിരിക്കും.
  തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് കൊടിയേറിയത്.  പെരിയനമ്പി എടപാടി രാധാകൃഷ്ണൻ രവിപ്രസാദ്, പഞ്ചഗവ്യത്തുനമ്പി മാക്കരക്കോട് വിഷ്ണു വിഷ്ണു എന്നിവർ കൊടിക്കൂറയും കൊടിക്കയറും കൊടിമരച്ചുവട്ടിൽ എഴുന്നള്ളിച്ചു. തുടർന്ന് തിരുവാമ്പാടിയിലും കൊടിയേറി.  കൊടിയേറ്റാനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന‌് നേരത്തെ എത്തിച്ചിരുന്നു. 
   കൊടിയേറ്റിനുശേഷം ക്ഷേത്രം ഭരണസമിതി ചെയർമാൻ കെ ബാബു വാര്യമുറക്കാർക്കും ക്ഷേത്രകാര്യക്കാർക്കും ദക്ഷിണ നൽകി. എട്ടരയോഗം പോറ്റിമാരായ നെയ്തശേരിമഠം മനോജ്, വഞ്ചിയൂർ അത്തിയറമഠം കൃഷ്ണരു, കൂവക്കരമഠം സഞ്ജയ്കുമാർ, ശ്രീകാര്യമഠം പോറ്റി എന്നിവർ കാർമികരായി. രാജകുടുംബാംഗം അവിട്ടംതിരുനാൾ ആദിത്യവർമ, ഉദ്യോഗസ്ഥരായ ബി ശ്രീകുമാർ, നാരായണഅയ്യർ എന്നിവർ കൊടിയേറ്റ് ചടങ്ങിന് നേതൃത്വം നൽകി.
   ഉത്സവദിവസങ്ങളിൽ ക്ഷേത്രത്തിലെ ദർശനസമയത്തിൽ മാറ്റമുണ്ടായിരിക്കും. രാവിലെ 3.30 മുതൽ 4.45 വരെയും 6.30 മുതൽ ഏഴുവരെയും 8.30 മുതൽ 10 വരെയും വൈകിട്ട‌് അഞ്ചുമുതൽ ആറുവരെയുമാണ് ദർശനസമയം. രാവിലെ ഒമ്പതുമുതൽ 11 വരെ കലശപൂജയ്ക്ക് ദർശനം അനുവദിക്കും. ആറാട്ട് ദിവസമായ 19-ന് രാവിലെ 8.30 മുതൽ 10 വരെ മാത്രമാണ് ദർശനം.
പ്രധാന വാർത്തകൾ
 Top