20 August Tuesday
ഇന്ന‌് വിധി പറയും

ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ ബലാത്സംഗം ചെയ‌്ത കേസിൽ പ്രതികൾ കുറ്റക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019
കോവളം 
കോളിയൂരിൽ ഗൃഹനാഥനെ തലയ‌്ക്കടിച്ച് കൊലപ്പെടുത്തി ഭാര്യയെ ആക്രമിച്ച‌് ബലാത്സംഗത്തിന് വിധേയയാക്കുകയും ചെയ്ത  കേസിൽ പിടിയിലായ പ്രതികൾ കുറ്റക്കാരാണെന്ന്  കോടതി കണ്ടെത്തി. ശിക്ഷ വ്യാഴാഴ‌്ച്ച  വിധിക്കും. വട്ടപ്പാറ കല്ലുവാകുഴി തോട്ടരികത്ത് വീട്ടിൽ കൊലുസു ബിനു എന്ന അനിൽകുമാർ, തമിഴ്നാട് സ്വദേശി ചന്ദ്രൻ എന്ന ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത്. കോവളം പൊലീസ് രജിസ്റ്റർ ചെയ്ത് ഫോർട്ട് അസിസ്റ്റൻറ് കമീഷണർ അന്വേഷിച്ച കേസിൽ തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജ‌്  മിനി എസ് ദാസ് ആണ് ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരാണെന്ന്  കണ്ടെത്തിയത്.
2016 ജൂലൈ ഏഴിനായിരുന്നു സംഭവം . കോളിയൂർ ചാനൽക്കരയിൽ  മര്യാദാസിന്റെ വീടിന്റെ അടുക്കളവാതിൽ തകർത്ത് അകത്ത് കയറിയ  പ്രതികൾ ഭാരമുള്ള ചുറ്റികകൊണ്ട്  ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മര്യാദാസിന്റെ  തല  അടിച്ച് തകർത്തു.  തൊട്ടടുത്ത‌്  ഭാര്യയെയും   തലയ്ക്കടിച്ചു ബോധംകെടുത്തിയ ശേഷം ഒന്നാം പ്രതി അനിൽകുമാർ ബലാത്സംഗം ചെയ്തു. ശേഷം  വീട്ടമ്മയുടെ താലിമാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണക്കുരിശും  കവർന്നു. ആക്രമണത്തിൽ  തലച്ചോറിന് ഗുരുതരമായി  ക്ഷതമേറ്റ വീട്ടമ്മ  നിരവധി ശസ്ത്രക്രിയകൾക്കു ശേഷവും ഒർമ നഷ്ടപ്പെട്ട് അബോധാവസ്ഥയിലാണ്. 
സംഭവത്തിൽ അന്നുതന്നെ സൗത്ത് സോൺ എഡിജിപി ബി സന്ധ്യയുടെ  നിർദേശപ്രകാരം രൂപീകരിച്ച  പ്രത്യേക അന്വേഷണ സംഘം  48 മണിക്കൂറിനുള്ളിൽ പ്രതികളെ വലയിലാക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച  ചുറ്റികയും പാരയും കണ്ടെത്തുകയും ചെയ്തതാണ് കേസിൽ വഴിത്തിരിവായത്. 
തിരുനൽവേലിയിലെ ജ്വല്ലറിയിൽ ഒന്നാം പ്രതിയുടെ ഭാര്യാമാതാവിന്റെ  സഹായത്താൽ  അനിൽകുമാർ സ്വർണാഭരണങ്ങൾ വിൽപ്പന നടത്തുന്നത്  ജ്വല്ലറിയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇരയിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ നിന്ന‌് അനിൽകുമാറിന്റെ ഡിഎൻഎ വേർതിരിച്ചെടുക്കാനായതും കൊലപാതക വേളയിൽ  പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ നിന്നും കൊല്ലപ്പെട്ടയാളുടെ ഡിഎൻഎ വേർതിരിച്ചെടുക്കാനായതും നിർണായക തെളിവായതായി സ്പെഷ്യൽ പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ പറഞ്ഞു. 76 സാക്ഷികളെ വിസ്തരിച്ചിരുന്നു. 99 രേഖകളും 49 തൊണ്ടിമുതലും തെളിവെടുപ്പിനായി ഹാജരാക്കി. കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത് അന്നത്തെ ഫോർട്ട്അസിസ്റ്റൻറ് കമീഷണർ സുധാകരപിള്ളയായിരുന്നു. അന്വേഷണം നടത്തി 86 ദിവസത്തിനുള്ളിൽ ചാർജ് സമർപ്പിച്ചത് എസ്‌പി ‌ കെ എസ് ഗോപകുമാർ ആണ്. തമിഴ്നാട് സ്വദേശിയായ രണ്ടാം പ്രതിക്ക് പരിഭാഷകയുടെ സഹായവും അനുവദിച്ചു.
വാദത്തിനിടെ പ്രതി  അനിൽകുമാർ തനിക്ക് അഞ്ച് വയസ്സുളള മകൻ ഉണ്ടെന്നും ചെറിയ ശിക്ഷ നൽകണമെന്നും കോടതിയോട് അപേക്ഷിച്ചു. രണ്ടാം പ്രതി ചന്ദ്രശേഖരൻ തനിക്ക് ഏത് ശിക്ഷ തന്നാലും സ്വീകാര്യമാണെന്നും തുറന്ന കോടതിയിൽ ബോധിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top