16 February Saturday

തെയ്യം കെട്ടിയാടി, പടയണി ചുവടുവച്ചു കാഴ്ച വസന്തത്തില്‍ ഓണാട്ടുകര പെരുമ

സുരേഷ് വെട്ടുകാട്ട്Updated: Monday Feb 11, 2019

 

 
കരുനാഗപ്പള്ളി
കത്തിനിൽക്കുന്ന കൽവിളക്കിന്റെയും കുത്തുവിളക്കുകളുടെയും നടുവിലേക്ക് മേളപ്പെരുക്കത്തിന്റെ അകമ്പടിയില്‍  ചുവടുവച്ചിറങ്ങിയ മുത്തപ്പൻകോലം ചുറ്റുംകൂടിയ കാണികൾക്ക് കാഴ്ചാനുഭവമായി. ക്ലാപ്പന ഇ എം എസ് ലൈബ്രറി സംഘടിപ്പിച്ച ഓണാട്ടുപെരുമയ്ക്ക് തുടക്കം കുറിച്ച‌് മലബാറിന്റെ കലാരൂപമായ തെയ്യം അരങ്ങേറിയത്. മുത്തപ്പൻ ചരിതമാണ് തെയ്യക്കോലം അവതരിപ്പിച്ചത്." ആചാര സംരക്ഷണകാലത്ത് ' ആചാരങ്ങളെ നിഷേധിച്ച മുത്തപ്പന്റെ കഥ വൃത്യസ്ത രംഗഭാഷയൊരുക്കി.
തെയ്യത്തിന്റെ കാഴ്ച വിസ്മയത്തിനു പിറകേ പടയണി കോലവുമെത്തി. ഒരു കൈയിൽ കത്തിച്ചുവച്ച പന്തവും മറുകൈയിൽ ഉടവാളും പിടിച്ച് പാളയിൽ തീർത്ത രൗദ്രഭാവം പേറുന്ന മേലാപ്പും ചാർത്തി കാലൻകോലം തുള്ളിയിറങ്ങി. നിഗ്രഹ ശക്തികളെ അനുഗ്രഹ ശക്തികളാക്കി മാറ്റി, അന്ധകാരത്തിനു മേൽ പ്രകാശത്തിന്റെ വിജയം നേടിയ മാർക്കണ്ഡേയന്റെ കഥ പറയുന്നതാണ് കാലൻകോലം. ഒരുകഥമാത്രം പറഞ്ഞ് തുളളിയാടുന്നത് പടയണിയിലെ കാലൻകോലം മാത്രമാണ്. കടമ്മനിട്ട ഗോത്രകല കളരിയിലെ പി ടി പ്രസന്നകുമാറും സംഘവുമാണ് പടയണി അവതരിപ്പിച്ചത്. കാലൻതുള്ളിയത് സുരേഷ് കടമ്മനിട്ടയാണ്. കൂടാതെ രഞ്ജിത്ത് കടമ്മനിട്ട , രാജേഷ്, രാമു, ശ്രീജിത്ത്, രതീഷ് എന്നിവരും ചേർന്നാണ് പടയണി അവതരിപ്പിച്ചത്. കണ്ണൂരിലെ തെയ്യം കലാകാരൻ നന്ദനും സംഘവുമാണ് പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ എന്ന എന്ന തെയ്യം അവതരിപ്പിച്ചത്. 
പരിപാടിക്ക് തുടക്കം കുറിച്ച് സാംസ്കാരിക ഘോഷയാത്ര നടന്നു. തുടർന്ന് വനിതാവേദി, ബാലവേദി, വയോജനവേദി തുടങ്ങിയ 100 പ്രവർത്തകർ വീതം ചേർന്ന് അക്ഷരദീപച്ചാർത്ത് ഒരുക്കി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി,   പഞ്ചായത്ത് പ്രസിഡന്റ് എസ് എം ഇക്ബാൽ എന്നിവർ നേതൃത്വം നൽകി. 
കുടുംബശ്രീ പ്രവർത്തകരും നൃത്ത വിദ്യാർഥികളും ചേർന്നൊരുക്കിയ മെഗാ തിരുവാതിരയും നടന്നു. സാംസ്കാരിക സമ്മേളനം, കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം എന്നിവയോടെയാണ് ഓണാട്ടുപെരുമ സമാപിക്കുന്നത്.
പ്രധാന വാർത്തകൾ
 Top