05 August Wednesday

ശുഭ പാടുകയാണ്‌

സുരേഷ‌് വെട്ടുകാട്ട‌്Updated: Wednesday Jul 10, 2019

  

കരുനാഗപ്പള്ളി 
‘നീർക്കുമിളകൾ പോലെ... പൊഴിയുവതാണീ... ’ വർഷങ്ങൾക്കുമുമ്പ്‌ മലയാളികളുടെ അകത്തളങ്ങളിൽ സന്ധ്യയായാൽ മുഴങ്ങിക്കേട്ടിരുന്ന ഗാനം. സൂര്യാ ടിവിയിലെ സ്‌ത്രീജന്മം എന്ന സീരിയലിലെ ഇൗ ഗാനത്തിനു ശബ്ദംനൽകിയ പന്തളം ശുഭ രഘുനാഥ്‌ 12 വർഷത്തിലേറെയായി കരുനാഗപ്പള്ളിയിലുണ്ട്‌. ഇടക്കുളങ്ങരയിൽ ദേവവിലാസ്‌ എന്ന വീട്ടിൽ. സംഗീതനാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നാലാംതവണയും നേടിയതിലുള്ള ആഹ്ലാദം ദേവവിലാസിൽ നിലയ്‌ക്കുന്നില്ല. 
 മൂന്ന് പതിറ്റാണ്ടിലധികം നീണ്ട  സംഗീത ജീവിതത്തിനിടെയിൽ പ്രൊഫഷണൽ നാടക സംഗീതരംഗത്ത് മികച്ച നേട്ടമാണ്‌ ശുഭയെ ത്തേടിയെത്തിയത്‌. പാടിത്തീർത്ത പാട്ടുകളാവട്ടെ എണ്ണമറ്റതും. പന്തളത്തെ സാധാരണ കുടുംബത്തിൽ ജനിച്ച ശുഭ കുട്ടിക്കാലംമുതൽ സംഗീതത്തെ സ്‌നേഹിച്ചു. വെൻമണി സുകുമാരനായിരുന്നു ആദ്യ സംഗീതഗുരു. ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ സംഗീത മത്സരങ്ങളിലൂടെ ജില്ലാ കലാതിലകമായി.1989ൽ നൃത്തസംഗീത നാടകത്തിനായി റെക്കോഡിങ്‌ സ്റ്റുഡിയോയിൽ പിന്നണി ഗായികയായി പാടിയായിരുന്നു തുടക്കം. 
1994ൽ സ്വാതി തിരുനാൾ സംഗീത കോളേജിൽനിന്ന്‌ ഗാനഭൂഷണം ജയിച്ചു. സംഗീത കോളേജിലും കലാതിലകമായിരുന്നു. 1997മുതൽ ഗാനമേളകളിൽ പാടാൻ തുടങ്ങി. പന്തളം ബാലനൊപ്പമായിരുന്നു തുടക്കം. പിന്നീട് 10 വർഷം പത്തനംതിട്ട സാരംഗിനൊപ്പമായിരുന്നു. 25 വർഷമായി പ്രൊഫഷണൽ നാടക ഗാനരംഗത്ത് സജീവ സാന്നിധ്യമാണ്‌. കൈപ്പട്ടൂർ അച്യുതൻ, കുമരകം രാജപ്പൻ, വൈപ്പിൻ സുരേന്ദ്രൻ, കൊട്ടാരക്കര ഷാജി, ആലപ്പി വിവേകാനന്ദൻ, അഞ്ചൽ വേണു, ബിജു അനന്ദകൃഷ്ണൻ, കരുനാഗപ്പള്ളി ബാലമുരളി, അഞ്ചൽ ഉദയകുമാർ തുടങ്ങി ഒട്ടേറെ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു.  
2010ൽ കാളിദാസ കലാകേന്ദ്രത്തിന്റെ രമണൻ എന്ന നാടകത്തിലെ ഗാനങ്ങൾക്കാണ് ആദ്യ അക്കാദമി അവാർഡ് ലഭിക്കുന്നത്. തുടർന്ന് 2016ലും 2017ലും 2018ലും തുടർച്ചയായി അക്കാദമി അവാർഡ് നേടി.  2016ൽ കോഴിക്കോട് രംഗഭാഷയുടെ കുടുംബനാഥന്റെ ശ്രദ്ധയ്ക്ക് എന്ന നാടകത്തിലെ താരാട്ടുപാട്ട് ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ വർഷം കാളിദാസ കലാകേന്ദ്രത്തിന്റെ കരുണയിലെ അഞ്ചൽ ഉദയകുമാറിന്റെ ഗാനങ്ങളും ഓച്ചിറ സരിഗയുടെ രാമേട്ടൻ നാടകത്തിലെ ആലപ്പി വിവേകാനന്ദന്റെ ഗാനവുമാണ് അവാർഡിന് അർഹയാക്കിയത്. ഇത്തവണ ഓച്ചിറ നാടകരംഗത്തിന്റെ ഇവൻ നായിക എന്ന നാടകത്തിൽ രമേഷ് കാവിൽ എഴുതി ഉദയകുമാർ അഞ്ചൽ സംഗീതം നൽകിയ "രാമായണം കൊത്തിയ വളകളിട്ട് ... എന്ന് തുടങ്ങുന്ന ഗാനത്തിനാണ്  അവാർഡ്.  
പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ സംഗീതത്തിൽ ‘വസന്തത്തിന്റെ കനൽവഴികൾ എന്ന ചിത്രത്തിനുവേണ്ടി പാടിയ "ആളുമഗ്നിനാളമാണ് ചെങ്കൊടി " എന്ന  ഗാനവും ശ്രദ്ധേയമായി. 13 വർഷമായി ഭർത്താവ് രഘുനാഥിനും മകൻ ദേവദർശനുമൊപ്പം ഇടക്കുളങ്ങരയിൽ താമസിക്കുന്നു.  10–-ാം ക്ലാസുകാരനായ  ദേവദർശനും ഗായകനായി ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.  
പരേതനായ രാഘവന്റെയും കൊച്ചുനാണിയുടെയും മകളായ ശുഭയ്ക്ക് അമ്മയിൽ നിന്നാണ് സംഗീതം പകർന്നുകിട്ടിയത്. സഹോദരങ്ങളായ സോമരാജൻ കീബോർഡിസ്റ്റും പുഷ്പരാജൻ തബലിസ്റ്റുമാണ്‌.  ഹംസധ്വനി സ്കൂൾ ഓഫ് മ്യൂസിക് എന്ന  സംഗീത സ്കൂളും എവർഗ്രീൻ മെലഡീസ് എന്ന പേരിൽ കലാട്രൂപ്പും തുടങ്ങിയിട്ടുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top