27 May Monday

ഒടുവിൽ കല്ലുപച്ചക്കാർ പച്ചതൊട്ടു

കെ ബി ജോയിUpdated: Wednesday Apr 10, 2019
കൊല്ലം
കല്ലുപച്ചയിലെ ആദിവാസി ഊരിന്റെ രൂപവും ഭാവവുംമാറി. നിലംപറ്റാറായ കുടിലുകളുടെ സ്ഥാനത്ത് മനോഹരമായ കോൺക്രീറ്റ് വീടുകൾ. കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ ഹൈടെക്കാകുന്നതിന‌് ഒപ്പം  വീടുകളും കോൺക്രീറ്റ് ഭവനങ്ങളായി. അഞ്ചുവർഷം  മുരടിച്ചുനിന്ന ജീവിതം തളിരിട്ടു തുടങ്ങിയതിന്റെ ആഹ്ലാദത്തിലാണ് ലീലാഭായിയും നിഥിനുമൊക്കെ. 
 സർക്കാരിന്റെ ലൈഫ് പദ്ധതിയിലാണ് ഇവരുടെ സ്വപ്ന ഭവനം പൂർത്തിയാക്കിയത്. കഴിഞ്ഞ എൽഡിഎഫ‌്  സർക്കാരിന്റെ അവസാനകാലത്ത് ഇ എം എസ് ഭവന പദ്ധതിയിൽ ലഭിച്ച 75,000 രൂപ ഉപയോഗിച്ചാണ‌് പുതിയ വീടിന്റെ നിർമാണം തുടങ്ങിയത‌്. എന്നാൽ, യുഡിഎഫ‌്  സർക്കാർ വന്നതോടെ എല്ലാം നിലച്ചു.   ഉമ്മൻചാണ്ടി സർക്കാരിന‌് പലതവണ നിവേദനം കൊടുത്തെങ്കിലും ഫലംകണ്ടില്ല. മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിലും പരിഹാരം ഉണ്ടായില്ല. വീട‌ുവയ്ക്കാൻ  ഉള്ള കുടിലും പൊളിച്ചുമാറ്റിയതോടെ  വെപ്പും കുടിയും അന്തിയുറക്കവും എല്ലാം പ്ലാസ്റ്റിക് ഷീറ്റിനു കീഴിലായി. കാണിക്കാർ വിഭാഗത്തിലുള്ളവരാണ് കല്ലുപച്ചക്കോളനിയിലെ താമസക്കാർ. 
    ചൂല് ഉണക്കിക്കെട്ടി വിൽക്കുന്ന ജോലിയിലാണ് സ്ത്രീകൾ അധികവും ഏർപ്പെട്ടിരിക്കുന്നത്. കൂലിപ്പണിയാണ‌്പുരുഷന്മാർക്ക‌്. അന്നന്ന് കിട്ടുന്നതുകൊണ്ട് ജീവിതം ഒരുവിധം മുന്നോട്ടുകൊണ്ടു പോകാൻ മാത്രമേ കഴിയു. അഞ്ചു വർഷത്തെ ദുരിത ജീവിതത്തിൽനിന്ന് ശാപമോക്ഷം ലഭിച്ചത് പിണറായി സർക്കാരിന്റെ ലൈഫ് പദ്ധതിയിലാണെന്ന‌് ഇവർ പറയുന്നു. 
    കൂടാതെ പട്ടികജാതി, പട്ടികവർഗ വകുപ്പിൽനിന്ന‌് സഹായവും ലഭിച്ചു. അടിസ്ഥാനം മാത്രം കെട്ടിയും, ഭിത്തി കെട്ടിപ്പൊക്കിയ നിലയിലുമൊക്കെയായിരുന്നു വീടുകളുടെ അവസ്ഥ. ഓരോ വീടിനും ആനുപാതികമായി മൂന്നു ലക്ഷത്തിലധികംവരെ അനുവദിച്ചാണ് വീടുകൾ പൂർത്തീകരിച്ചത്. 
കല്ലുപച്ച കൂടാതെ ആദിവാസി കോളനികളായ വില്ലുമല, പെരുവഴിക്കാല, കുളമ്പി, ചെറുകര, കടമാൻകോട് എന്നിവിടങ്ങളിലായി അമ്പതോളം വീടുകൾ പൂർത്തീകരിച്ചതായി കുളത്തുപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈലാബീവി പറഞ്ഞു. 
  ലൈഫിന്റെ രണ്ടാംപദ്ധതിയിൽ ആദിവാസി മേഖലയിലെ മുഴുവൻ കുടുംബങ്ങൾക്കും വീടുകൾ പൂർത്തീകരണ ഘട്ടത്തിലാണ്.
പ്രധാന വാർത്തകൾ
 Top