19 November Tuesday
മണ്ഡലകാല അവലോകനയോഗം ചേർന്നു

ഇടത്താവളം കുറ്റമറ്റതാക്കും

സ്വന്തം ലേഖകന്‍Updated: Saturday Nov 9, 2019
പുനലൂർ 
ശബരിമല തീർഥാടകരുടെ ഇടത്താവളമായ മിനി പമ്പ എന്ന്‌ അറിയപ്പെടുന്ന പുനലൂരിലെ മണ്ഡലകാല ഒരുക്കങ്ങളെക്കുറിച്ച് വിലയിരുത്താൻ അവലോകനയോഗം ചേർന്നു. തഹസിൽദാറുടെ ചേംബറിൽ ആർഡിഒയുടെ അധ്യക്ഷതയിലായിരുന്നു യോഗം. പുനലൂർ മുനിസിപ്പൽ ചെയർമാൻ കെ രാജശേഖരൻ, കുളത്തൂപ്പുഴ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പുകളിലെ  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 
കുളത്തൂപ്പുഴ, പുനലൂർ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നീ സ്ഥലങ്ങളിലാണ് മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തേണ്ടത്. തീർഥാടകരുടെ സൗകര്യാർഥം ദേശീയപാതയിലും സംസ്ഥാന ഹൈവേയിലും വിവിധ ഭാഷകളിലുള്ള സൂചനാബോർഡുകൾ സ്ഥാപിക്കും. വ്യാപാരസ്ഥാപനങ്ങളിൽ വിലവിവരപ്പട്ടിക തീർഥാടകർക്ക് കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കണം. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും സ്ഥാപനം ഉടമയുടെയും ഫോൺ നമ്പറും വിലവിവരപ്പട്ടികയോടൊപ്പം ഉണ്ടാകണം. തമിഴ്നാട്ടിൽനിന്ന്‌ ട്രെയിൻ മാർഗം പുനലൂരിൽ എത്തുന്ന തീർഥാടകർക്ക് ശബരിമലയിലേക്കു പോകാൻ  കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കണമെന്നും  ആർഡിഒ നിർദേശിച്ചു.  
അത്യാവശ്യ ഘട്ടങ്ങളിൽ തീർഥാടകർക്ക് ഉപയോഗിക്കാൻ മൂന്ന് ആംബുലൻസ്‌ പുനലൂർ താലൂക്കാശുപത്രിയിൽ സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രാത്രികാലങ്ങളിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ചുക്കുകാപ്പി വിതരണംചെയ്യും. വിവിധ വകുപ്പുമേധാവികൾ അവരുടെ ഔദ്യോഗിക ഫോൺ 24 മണിക്കൂറും ഉപയോഗിക്കണമെന്നും സ്വിച്ച് ഓഫ് ചെയ്യരുതെന്നും നിർദേശം നൽകി. പാതയോരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന 36 മരം എത്രയും പെട്ടെന്ന് മുറിച്ചുമാറ്റാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം 
നൽകി. 
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുവേണ്ടി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. എക്സൈസ് പ്രത്യേക കൺട്രോൾ റൂം തുറക്കും. സീസൺ വ്യാപാര സ്ഥാപനങ്ങൾക്ക് നിർബന്ധമായും ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ലൈസൻസ് ഉണ്ടാകണം. എല്ലാ ആഴ്ചയും തഹസിൽദാരുടെ നിയന്ത്രണത്തിൽ താലൂക്ക് സപ്ലൈ  ഓഫീസറും വിവിധ വകുപ്പുമേധാവികളും പങ്കെടുക്കുന്ന സംയുക്ത പരിശോധന ഉണ്ടാകും. പരിശോധനയുടെ റിപ്പോർട്ട് ആർഡിഒ  വഴി ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്പെഷ്യൽ ജഡ്ജിക്ക് 
കൈമാറും.

 

പ്രധാന വാർത്തകൾ
 Top