27 September Sunday

മുട്ടറയ്‌ക്ക്‌ കണ്ണീർമഴ; താരമാകാൻ ശിൽപ്പയില്ല

എ അഭിലാഷ്‌Updated: Saturday Aug 8, 2020
എഴുകോൺ 
ഓടനാവട്ടം മുട്ടറക്കാർക്ക്‌ തോരാത്ത മഴയ്‌ക്കൊപ്പം കണ്ണീരും പെയ്‌ത ദിവസമായിരുന്നു വെള്ളിയാഴ്‌ച. പ്രതീക്ഷയോടെ, നാടാകെ കൈകോർത്തിട്ടും ശിൽപ്പയുടെ ജീവൻ രക്ഷിക്കാനാകാത്തതിന്റെ സങ്കടം ഓരോ മുഖത്തും പ്രകടമായിരുന്നു. കാൽപ്പന്തുകളിയുടെ ആരവത്തിലേക്ക്‌ അവൾ തിരിച്ചുവരുമെന്നായിരുന്നു നാടിന്റെ പ്രതീക്ഷ. എന്നാൽ അതെല്ലാം അർബുദം തകർത്തു. 
ഓടനാവട്ടം മുട്ടറ മാവേലിക്കോണത്ത് വീട്ടിൽ ജയകുമാറിന്റെയും ബിന്ദുവിന്റെയും മകൾ ശില്‍പ്പ (17)തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പകൽ രണ്ടിനാണ്‌ മരിച്ചത്. നേരത്തെ വെല്ലൂർ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്ന ശിൽപ്പയെ കഴിഞ്ഞയാഴ്ച വീട്ടിലെത്തിച്ചിരുന്നു. തുടർന്ന് അസുഖം കൂടിയപ്പോഴാണ് തിരുവല്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  
മുട്ടറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ശിൽപ ബാലസംഘം പ്രവർത്തകയും മുട്ടറ ദേശിംഗനാട് സോക്കർ ക്ലബ്ബിന്റെ താരവുമായിരുന്നു.  മൂന്നുവർഷം മുമ്പാണ്‌ രക്താർബുദം സ്ഥിരീകരിച്ചത്. ചികിത്സയ്‌ക്ക്‌ ആവശ്യമായ  50 ലക്ഷത്തോളം രൂപ  കണ്ടെത്താൻ കൂലിപ്പണിക്കാരനായ ജയകുമാറിന് കഴിയുമായിരുന്നില്ല. തുടർന്ന് നാട്ടുകാരും സഹപാഠികളും അധ്യാപകരും നവമാധ്യമ കൂട്ടായ്മകളും കൈകോർത്തതോടെ ചികിത്സ ആരംഭിച്ചു. എന്നാൽ, ചികിത്സയോട് വഴങ്ങാൻ ശില്‍പ്പയുടെ ശരീരം തയ്യാറായില്ല.
കാര്യമായ പുരോഗതിയില്ലാതായതോടെ കഴിഞ്ഞയാഴ്ച വെല്ലൂരിൽനിന്ന്‌ വീട്ടിലെത്തി.  എങ്കിലും ശ്രമം കൈവിടാൻ ജയകുമാറും നാടും തയ്യാറായില്ല.  ശില്‍പയെ തിരുവല്ലയിലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, മകളുടെ നിറപുഞ്ചിരി കാണാനുള്ള ശ്രമം വെള്ളിയാഴ്‌ച പകൽ അവസാനിച്ചു. രാത്രി ഏഴിന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഏഴാം ക്ലാസ് വിദ്യാർഥി ശിവയാണ് സഹോദരൻ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top