26 September Saturday
എ എ റഹിമിന്റെ മകൻ ചോദിക്കുന്നു

‘വാപ്പച്ചിയുടെ അയോഗ്യതയെന്ത്‌’

സ്വന്തം ലേഖകന്‍Updated: Saturday Aug 8, 2020
കൊല്ലം 
‘ഒരുമിച്ച് ഒരേകാലത്ത് പ്രവർത്തിച്ച മൂന്നു പ്രബലർ ആയിരുന്നു വാപ്പച്ചിയും ശങ്കർ സാറും സി എം സ്റ്റീഫനും. ഇവരിൽ കൊല്ലം നഗരത്തിൽ ജനിച്ചുവളർന്നത്‌ ബാപ്പ മാത്രമായിരുന്നു. എന്നാൽ, അവരിൽ വാപ്പച്ചിയെ മാത്രം ഡിസിസി മന്ദിരത്തിന്റെ പേരിൽനിന്ന്‌ ഒഴിവാക്കാനുള്ള കാരണം മനസ്സിലാകുന്നില്ല’–- ഡിസിസി ഓഫീസ്‌ മന്ദിരത്തിൽ മുൻ കേന്ദ്രമന്ത്രിയും ഗവർണറുമൊക്കെയായിരുന്ന എ എ റഹിമിന്റെ പേര്‌ വേണ്ടെന്ന ഡിസിസി പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണയുടെ നിലപാടിനെതിരെ മകൻ ആസാദ്‌ റഹിമിന്റെ തുറന്ന കത്ത്‌.  
‘മരണം വരെ മതേതരവാദിയായി ജീവിച്ച എന്റെ വാപ്പച്ചിയുടെ മതമാണോ നിങ്ങൾക്ക് പ്രശ്നം? നിലവിലുള്ള പേരുകാർക്കൊപ്പം എഴുതാൻ യോഗ്യത ഇല്ലാത്ത പേരാണ്  എ എ റഹിമിന്റേത്‌ എന്നാണ് ബിന്ദുകൃഷ്ണ പറയുന്നത്. എങ്കിൽ എന്താണ്‌ യോഗ്യതയില്ലായ്‌മ എന്ന്‌   വ്യക്തമാക്കണം. അതോ അദ്ദേഹത്തിന്റെ സമുദായത്തിന്റെ പേരിലാണ് അപമാനിക്കുന്നതെങ്കിൽ  തുറന്നുപറയണം. അധികാരത്തിനുവേണ്ടി നെഹ്റു കുടുബത്തെ തള്ളിപ്പറയാതിരുന്നതും  ഇന്ദിര ഗാന്ധിയെ ഭാരതയക്ഷി എന്നുവിളിച്ച് പോയവർക്കു മുന്നിൽ തലകുനിക്കാതെ ഇന്ദിര ഗാന്ധിക്കൊപ്പം ഉറച്ചുനിന്നതുമാണോ എ എ റഹിം ചെയ്ത തെറ്റ്‌?’–-  കത്തിൽ ചോദിക്കുന്നു. 
കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല എന്നിവരെ അഭിസംബോധന ചെയ്‌തുകൊണ്ടാണ്‌ ആസാദ്‌ റഹിമിന്റെ  തുറന്ന കത്ത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top