07 August Friday

സ്വന്തമായൊരു കെട്ടിടം; പ്രതീക്ഷ വിടാതെ എഴുകോൺ പൊലീസ് സ്റ്റേഷൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019
എഴുകോൺ
വാടകക്കെട്ടിടത്തിലെ അസൗകര്യങ്ങളിൽനിന്ന് മോചനം കാത്ത‌് എഴുകോൺ പൊലീസ് സ്റ്റേഷൻ. തകർന്നു വീഴാറായ കെട്ടിടം ദിവസങ്ങൾക്കു മുമ്പ് പെയിന്റടിച്ച് മുഖം മിനുക്കിയെങ്കിലും അപകട ഭീതിയും അസൗകര്യങ്ങളും ഒഴിയുന്നില്ല. 
അരനൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് വാടകക്കെട്ടിടം. എട്ട് വനിതാ പൊലീസുകാർ ഉൾപ്പെടെ 45  ഉദ്യോഗസ്ഥർക്ക് നിന്നുതിരിയാൻ പോലും സ്റ്റേഷനിൽ ഇടമില്ല. മുമ്പ് സിഐ ഓഫീസ് എഴുകോൺ പഞ്ചായത്ത് കോംപ്ലക്സിലായിരുന്നു. ഇപ്പോൾ സിഐയെ സ്റ്റേഷനിലേക്ക്‌ മാറ്റിയപ്പോൾ എസ്ഐയുടെ മുറി സിഐക്കായി. രണ്ട് എസ്ഐമാരുള്ളതിൽ ഒരാൾക്കു മാത്രമാണ് മുറിയുള്ളത്. പത്തുപേർക്ക് ഒരുമിച്ച് സ്റ്റേഷനുള്ളിൽ നിൽക്കാനുള്ള ഇടമില്ല.  വനിതാ പൊലീസുകാർക്ക് വസ്ത്രം മാറാൻപോലും നല്ല മുറികളില്ല. വനിതകൾക്കുള്ള ശുചിമുറി അടുത്തകാലത്താണ് നിർമിച്ചത്. മുറ്റം നിറയെ തൊണ്ടിമുതലുകളായ ഇരുചക്ര വാഹനങ്ങളാണ്. മറ്റ‌് തൊണ്ടിമുതലുകളും രേഖകളും സൂക്ഷിക്കാൻ സ്റ്റേഷനിൽ സൗകര്യമില്ല.
സ്വന്തമായി കെട്ടിടം വേണമെന്ന ആവശ്യത്തിന്  വർഷങ്ങളുടെ പഴക്കമുണ്ട്. കെട്ടിടം നിർമിക്കാൻ ഭൂമി ലഭിക്കുന്നില്ല എന്നതാണ് നിലവിലെ പ്രശ്നം. ചീരങ്കാവ് പേഴൂക്കോണത്ത് സ്ഥലം കണ്ടെത്തിയെങ്കിലും സാങ്കേതിക തടസ്സങ്ങളുടെ പേരിൽ ആ സ്ഥലം നഷ്ടമായി. എഴുകോണിൽനിന്നു മാറി ഭൂമി ലഭ്യമാണെങ്കിലും എല്ലാവർക്കും എത്തിച്ചേരാൻ  അസൗകര്യമുണ്ട‌്.  എഴുകോൺ അറുപറക്കോണത്ത് ടെക്നിക്കൽ സ്കൂളിനു സമീപം കെഐപിയുടെ ഭൂമി ഉണ്ട്. പി അയിഷാപോറ്റി എംഎൽഎയുടെ നേതൃത്വത്തിൽ ജലവിഭവ വകുപ്പിന്റെ അനുമതിക്കായുള്ള നടപടികൾ പുരോഗമിക്കുന്നു.  കെട്ടിട നിർമാണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിനും തടസ്സങ്ങളില്ല. നടപടികൾ വേഗത്തിലായാൽ അപകടങ്ങളിൽനിന്നും അസൗകര്യങ്ങളിൽനിന്നും മോചനമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സ്റ്റേഷൻ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top